- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രീ-ഫൈനൽ ഫോട്ടോഷൂട്ട് നിരസിച്ച് സൂര്യകുമാർ യാദവ്; അതിൽ തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പാക്കിസ്ഥാൻ ക്യാപ്റ്റൻ; മികച്ച ക്രിക്കറ്റ് കളിക്കുകയാണ് ടീമിന്റെ ലക്ഷ്യമെന്നും സൽമാൻ ആഗ
ദുബായ്: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏഷ്യകപ്പ് ഫൈനൽപോരാട്ടത്തിന് മുൻപും വിവാദങ്ങൾക്ക് കുറവില്ല. ട്രോഫിയുമായുള്ള ക്യാപ്റ്റന്മാരുടെ പ്രീ-ഫൈനൽ ഫോട്ടോഷൂട്ട് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നിരസിച്ചതാണ് റിപ്പോർട്ട്. ബി.സി.സി.ഐയുടെ നിർദ്ദേശപ്രകാരമാണ് സൂര്യകുമാർ യാദവ് ഈ നീക്കം നടത്തിയതെന്നാണ് സൂചന. പാക്കിസ്ഥാൻ ടീമുമായി ഒരു സഹകരണവും വേണ്ടെന്ന ബി.സി.സി.ഐയുടെ നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഇത്.
ഈ വിഷയത്തിൽ പ്രതികരിച്ച് പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഗ രംഗത്തെത്തി. 'വരണോ വേണ്ടയോ എന്നത് പൂർണ്ണമായും അദ്ദേഹത്തിന്റെ ഇഷ്ടമാണ്. അതിൽ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല' എന്നായിരുന്നു സൽമാൻ ആഗയുടെ പ്രതികരണം. ഈ ഏഷ്യാ കപ്പ് ചരിത്രത്തിലാദ്യമായാണ് ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും ഫൈനലിൽ ഏറ്റുമുട്ടുന്നത്. ടൂർണമെന്റിൽ ഇരു ടീമുകളും ഇതിനോടകം രണ്ടു തവണ നേർക്കുനേർ വന്നിരുന്നു, ഇരു കളികളിലും ഇന്ത്യയ്ക്കായിരുന്നു വിജയം.
ഫൈനൽ മത്സരത്തിൽ പാക്കിസ്ഥാൻ വിജയിക്കുമെന്ന ആത്മവിശ്വാസവും സൽമാൻ ആഗ പ്രകടിപ്പിച്ചു. 'ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. 40 ഓവറുകളിൽ ഞങ്ങളുടെ പദ്ധതികൾ നടപ്പിലാക്കാൻ കഴിഞ്ഞാൽ ഏത് ടീമിനെയും തോൽപ്പിക്കാൻ ഞങ്ങൾക്ക് കഴിയും' അദ്ദേഹം പറഞ്ഞു. ഇന്ത്യക്കെതിരെ സമ്മർദ്ദമില്ലെന്ന് ആരെങ്കിലും പറഞ്ഞാൽ അത് നുണയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'പാക്കിസ്ഥാനും ഇന്ത്യയും വലിയ സമ്മർദ്ദത്തിലാണ്. മത്സരങ്ങളിൽ കുറച്ച് തെറ്റുകൾ സംഭവിക്കുന്ന ടീം വിജയിക്കുമെന്ന് ഞാൻ കരുതുന്നു' അദ്ദേഹം കൂട്ടിച്ചേർത്തു.