- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞങ്ങൾ കൊളംബോയിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തു കഴിഞ്ഞു, ബാക്കി അവിടെയെത്തിയിട്ട് നോക്കാം'; പാക്കിസ്ഥാനെതിരെ കളിക്കാൻ വിസമ്മതിച്ചിട്ടില്ലെന്ന് സൂര്യകുമാർ യാദവ്

മുംബൈ: ടി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെയുള്ള മത്സരം കളിക്കുമെന്ന നിലപാട് ആവർത്തിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഫെബ്രുവരി 15-ന് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നിശ്ചയിച്ചിട്ടുള്ള പോരാട്ടത്തിനായി ഇന്ത്യൻ ടീം യാത്ര തിരിക്കുമെന്നും മറ്റ് കാര്യങ്ങൾ അവിടെ എത്തിയ ശേഷം തീരുമാനിക്കാമെന്നും സൂര്യകുമാർ യാദവ് വ്യക്തമാക്കി. മത്സരത്തിൽ നിന്ന് പിന്മാറുമെന്ന് പാക്കിസ്ഥാൻ സർക്കാർ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ഇന്ത്യൻ ക്യാപ്റ്റന്റെ ഈ പ്രസ്താവന.
ലോകകപ്പിന് മുന്നോടിയായി നടന്ന ക്യാപ്റ്റന്മാരുടെ വാർത്താസമ്മേളനത്തിലാണ് സൂര്യകുമാർ യാദവ് ഇക്കാര്യം അറിയിച്ചത്. "ഞങ്ങൾ കൊളംബോയിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തു കഴിഞ്ഞു. ഞങ്ങൾ എന്തായാലും കൊളംബോയിലേക്ക് പോകും, ബാക്കി കാര്യങ്ങൾ അവിടെ ചെന്നിട്ട് നോക്കാം," അദ്ദേഹം പറഞ്ഞു. ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് പാക്കിസ്ഥാൻ സർക്കാർ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചത്.
സുരക്ഷാപ്രശ്നങ്ങൾ ഉന്നയിച്ച് ബംഗ്ലാദേശ് ഇന്ത്യയിലേക്ക് ടീമിനെ അയക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ് അവരെ ടൂർണമെന്റിൽ നിന്ന് ഒഴിവാക്കിയത്. പകരം സ്കോട്‌ലൻഡിനെയാണ് ടൂർണമെന്റിൽ ഉൾപ്പെടുത്തിയത്. ബംഗ്ലാദേശിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പാകിസ്ഥാൻ ഈ നിലപാട് എടുത്തത്. ഇന്ത്യയും ശ്രീലങ്കയും സംയുക്ത ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പാണ് നടക്കുന്നത്. ടീം തന്ത്രങ്ങളെക്കുറിച്ചും ഡ്രസ്സിംഗ് റൂമിലെ അന്തരീക്ഷത്തെക്കുറിച്ചും സൂര്യകുമാർ യാദവ് വാർത്താസമ്മേളനത്തിൽ സംസാരിച്ചു.
വ്യക്തിഗത നേട്ടങ്ങൾക്ക് പകരം ടീമിന്റെ വിജയത്തിനായി കളിക്കുന്ന ഒരു സംസ്കാരം വളർത്തിയെടുക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരിക്കുമൂലം ന്യൂസിലൻഡ് പരമ്പര നഷ്ടമായ തിലക് കൂടുതൽ കരുത്തനായി തിരിച്ചെത്തിയതായും യാദവ് അറിയിച്ചു. വാഷിംഗ്ടൺ സുന്ദറുമായി സംസാരിച്ചെന്നും, അദ്ദേഹം തിരിച്ചുവരവിന്റെ പാതയിലാണെന്നും ടീം അദ്ദേഹത്തിന്റെ പൂർണ്ണ കായികക്ഷമതയ്ക്കായി ക്ഷമയോടെ കാത്തിരിക്കുമെന്നും സൂര്യകുമാർ യാദവ് കൂട്ടിച്ചേർത്തു. ലോകകപ്പിൽ രാത്രിയിലെ മഞ്ഞുവീഴ്ച പ്രശ്നമായേക്കാമെങ്കിലും, നിയന്ത്രിക്കാനാവാത്ത കാര്യങ്ങളെക്കുറിച്ച് അധികം തലപുണ്ണാക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.


