കൊച്ചി: ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരെ കളിക്കാൻ ഇന്ത്യൻ താരങ്ങൾക്ക് താത്പര്യമുണ്ടായിരുന്നില്ലെന്നും, ബിസിസിഐയുടെ നിർബന്ധത്തിന് വഴങ്ങിയാണ് കളിച്ചതെന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

'കളിക്കാരോട് വ്യക്തിപരമായി ചോദിച്ചിരുന്നെങ്കിൽ ആരും ഏഷ്യാ കപ്പ് കളിക്കാൻ തയ്യാറാകുമായിരുന്നില്ല,' റെയ്ന പറഞ്ഞു. 'ബിസിസിഐ ടൂർണമെന്റ് കളിക്കാൻ തീരുമാനിച്ചതുകൊണ്ട് അവർക്ക് മറ്റ് മാർഗ്ഗങ്ങളുണ്ടായിരുന്നില്ല.' മത്സരത്തിലുടനീളം പാക്കിസ്ഥാനെ അവഗണിക്കുന്ന സമീപനമാണ് ഇന്ത്യ സ്വീകരിച്ചതെന്നും, കളിക്കാർ പരസ്പരം ഹസ്തദാനം പോലും നടത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യപരിശീലകൻ ഗൗതം ഗംഭീറാണ് മത്സരത്തിനിടെ പാക് താരങ്ങളുമായി വാക്കേറ്റങ്ങൾ ഒഴിവാക്കാനും ഹസ്തദാനം നടത്താതിരിക്കാനും നിർദ്ദേശം നൽകിയതെന്നും റിപ്പോർട്ടുകളുണ്ട്. ടീം മാനേജ്മെന്റും ബിസിസിഐയിലെ മുതിർന്ന അംഗങ്ങളും മുതിർന്ന കളിക്കാരും ഈ നീക്കത്തെ അംഗീകരിച്ചിരുന്നു.

പാക്കിസ്ഥാനെതിരെയുള്ള മത്സരം ബഹിഷ്കരിക്കണമെന്ന സോഷ്യൽ മീഡിയയിലെ ആഹ്വാനങ്ങൾ ഇന്ത്യൻ ടീമിനുള്ളിൽ അസ്വസ്ഥതയുണ്ടാക്കിയിരുന്നു. ഇത് ഡ്രസ്സിങ് റൂമിലും ചർച്ചയായി. ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ എന്നിവർ പരിശീലകൻ ഗൗതം ഗംഭീറുമായും മറ്റു പരിശീലകരുമായും ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തിയിരുന്നു.