സെഞ്ചൂറിയന്‍: മൂന്നാം ട്വന്റി 20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യയ്ക്ക് കിടിലന്‍ സ്‌കോര്‍. തിലക് വര്‍മയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു. ജയിക്കാന്‍ 220 റണ്‍സ് വേണ്ട ദക്ഷിണാഫ്രിക്ക 10 ഓവറില്‍ 84 റണ്‍സെടുക്കുന്നതിനിടെ, നാലുവിക്കറ്റുകള്‍ നഷ്ടമായി.

ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍ അഭിഷേക് ശര്‍മ അര്‍ധ സെഞ്ച്വറി നേടി. ട്വന്റി20 ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറിയാണ് സെഞ്ചൂറിയനില്‍ തിലക് വര്‍മ കുറിച്ചത്. 56 പന്തില്‍ 107 റണ്‍സെടുത്ത് താരം പുറത്താകാതെ നിന്നു. ഏഴു സിക്‌സും എട്ടു ഫോറുമടങ്ങുന്നതാണ് ബാറ്റിങ്. പ്രോട്ടീസ് ബൗളര്‍മാരെ ഗ്രൗണ്ടിന്റെ തലങ്ങും വിലങ്ങും പായിച്ച തിലക് 32 പന്തില്‍ അര്‍ധ സെഞ്ച്വറിയും അടുത്ത 19 പന്തില്‍ സെഞ്ച്വറിയിലെത്തുകയും ചെയ്തു.

മലയാളി താരം സഞ്ജു സാംസണ്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി. മാര്‍ക്കോ ജാന്‍സണ്‍ എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ സഞ്ജു പുറത്തായി. രണ്ടാം മത്സരത്തിലും ജാന്‍സന്റെ ആദ്യ ഓവറില്‍ താരം റണ്ണൊന്നും എടുക്കാതെ ബൗള്‍ഡാകുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം പന്തിലാണ് സഞ്ജുവിനെ നഷ്ടമായത്. എന്നാല്‍ അഭിഷേക് ശര്‍മ്മയോടൊപ്പം തിലക് വര്‍മ്മ ചേര്‍ന്ന് ഇന്ത്യയെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോയി. ഇരുവരും ചേര്‍ന്ന് 107 റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കി. പിന്നീട് നായകന്‍ സൂര്യകുമാര്‍ യാദവും (1), ഹാര്‍ദ്ദിക് പാണ്ഡ്യയും (18) റിങ്കു സിംഗും (8) വേഗം പുറത്താെയെങ്കിലും തിലക് ഒരുവശത്ത് തകര്‍ത്ത് കളിച്ചു.

നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്സര്‍ പറത്തി തുടക്കക്കാരന്‍ രമണ്‍ദീപ് സിംഗ് (15) മികച്ച തുടക്കം കുറിച്ചെങ്കിലും അവസാന ഓവറില്‍ റണ്‍ഔട്ടായി. തിലക് പുറത്താകാതെ 107 റണ്‍സ് നേടി. 20 ഓവറില്‍ ഇന്ത്യ നേടിയത് 219 റണ്‍സാണ്. ദക്ഷിണാഫ്രിക്കയ്ക്കായി ആന്റിലെ സിമെലാനെ, കേശവ് മഹാരാജ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. മാര്‍ക്കോ ജാന്‍സെന്‍ 28 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി-20 മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ആദ്യ ബാറ്റിംഗിനയച്ചു. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ മാര്‍ക്രം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.