- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിസ്സാരം...! പാക്കിസ്ഥാനൊക്കെ എന്ത്! ലോകകപ്പിലെ ചരിത്രം ആവര്‍ത്തിച്ചു; കൊളംബോയിലും ഇന്ത്യക്ക് അനായാസം വിജയം; പാക്കിസ്ഥാനെ തറപറ്റിച്ചത് 61 റണ്‍സിന്; ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യയോട് കിടപിടിക്കാന്‍ കഴിയാതെ പാക്കികളുടെ സമ്പൂര്‍ണ്ണ പരാജയം; ടി20 ലോകകപ്പില്‍ തോല്‍വി അറിയാതെ ഫേവറേറ്റുകളായി സൂര്യകുമാറും സംഘവും സൂപ്പര്‍ എട്ടിലേക്ക്
നിസ്സാരം...! പാക്കിസ്ഥാനൊക്കെ എന്ത്! ലോകകപ്പിലെ ചരിത്രം ആവര്‍ത്തിച്ചു

കൊളംബോ: നിസ്സാരം...! അങ്ങനെ വിശേഷിപ്പിക്കാം ഐസിസി ടി20 ലോകകപ്പിലെ പാക്കിസ്ഥാനെതിരായ ഇന്ത്യ നേടിയ വിജയം. അത്രയും ആധികാരികവും അനായാസവുമായിരുന്നു ഇന്ത്യയുടെ വിജയം. പാകിസ്ഥാനെതിരായ ഗ്രൂപ്പ് എ മത്സരത്തില്‍ ഇന്ത്യ 61 റണ്‍സിന്റെ വിജയമാണ് നേടിയത്. ആദ്യം ബാറ്റുകൊണ്ട് അടിച്ചുകയറിയ ഇന്ത്യ പിന്നാലെ പാക്കിസ്ഥാനെ തലപൊക്കാന്‍ അനുവദിക്കാത്ത വിധത്തില്‍ അനായാസവും ആധികാരികവുമായി വിജയിച്ചു കയറുകയായിരുന്നു. വിജയത്തോടെ ഇന്ത്യ സൂപ്പര്‍ എട്ടിലേക്ക് കടന്നു. നമീബിയക്കെതിരെ ജയിച്ചാല്‍ പാക്കിസ്താനും അടുത്ത റൗണ്ടിലെത്താം. സ്‌കോര്‍: ഇന്ത്യ -20 ഓവറില്‍ ഏഴിന് 175, പാകിസ്താന്‍ -18 ഓവറില്‍ 114ന് ഓള്‍ഔട്ട്.
ഇന്ത്യ മുന്നോട്ടു വെച്ച് 176 റണ്‍സിന്റെ സ്‌കോര്‍ പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 18 ഓവറില്‍ 114 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു. ഇന്ത്യയുടെ ബൗളിംഗ് നിരയില്‍ പേസര്‍മാരും സ്പിന്നര്‍മാരും തിളങ്ങി. ഇന്ത്യന്‍ ബൗളര്‍മാരില്‍ ജസ്പ്രീത് ബുംറയും അക്‌സര്‍ പട്ടേലും വരുണ്‍ ചക്രവര്‍ത്തിയും ഹാര്‍ദിക് പാണ്ഡ്യയും രണ്ട് വീതം വിക്കറ്റെടുത്തു. കുല്‍ദീപ് യാദവും തിലക് വര്‍മയും ഓരോ വിക്കറ്റെടുത്തു.
ആദ്യ ഓവറിലെ നാലാമത്തെ പന്തില്‍ തന്നെ പാകിസ്ഥാന് സാഹിബ്സാദ ഫര്‍ഹാന്റെ (0) വിക്കറ്റ് നഷ്ടമായി. റണ്‍സൊന്നുമെടുക്കാതെ ഫര്‍ഹാനെ മടക്കി അയച്ചത് ഹാര്‍ദിക് പാണ്ഡ്യയാണ്. രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ തന്നെ സയീം അയൂബിനെ (6) ജസ്പ്രീത് ബുംറ വിക്കറ്റിന് മുന്നില്‍ കുടുക്കി. അതേ ഓവറില്‍ പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘയെ പാണ്ഡ്യയുടെ കൈകളിലെത്തിച്ച് ബുംറ വീണ്ടും പാകിസ്ഥാനെ ഞെട്ടിച്ചു. ബാബര്‍ അസമിനെ അക്‌സര്‍ പട്ടേല്‍ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നീട് പാകിസ്ഥാന് തുടരെ തുടരെ വിക്കറ്റുകള്‍ നഷ്ടമാകുന്നതാണ് കണ്ടത്.
മധ്യനിരയില്‍ ഉസ്മാന്‍ ഖാന്റെ ചെറുത്തുനില്‍പ്പ് മാത്രമാണ് പാകിസ്താന് ഓര്‍ത്തുവെക്കാനുള്ളത്. 34 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 44 റണ്‍സാണ് താരം നേടിയത്. ശദാബ് ഖാന്‍ (14), മുഹമ്മദ് നവാസ് (നാല്), ഫഹീം അഷ്‌റഫ് (10), അബ്രാര്‍ അഹ്‌മദ് (പൂജ്യം), ഷഹീന്‍ അഫ്രീദി (23*), ഉസ്മാന്‍ താരിഖ് (പൂജ്യം) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോര്‍. അവസാന ഓവറുകളില്‍ ഷഹീന്റെ ചെറുത്തുനില്‍പ്പാണ് ടീം സ്‌കോര്‍ മൂന്നക്കം കടത്തിയത്.
നേരത്തെ 40 പന്തില്‍ 77 റണ്‍സടിച്ച ഇഷാന്‍ കിഷനാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ നട്ടെല്ലായത്. മൂന്ന് സിക്സുകളും പത്ത് ഫോറുകളും ബൗണ്ടറി കടത്തിയ ഇഷാന്റെ ഇന്നിങ്സാണ് ഇന്ത്യയുടെ നട്ടെല്ല്. സൂര്യകുമാര്‍ യാദവ് (29 പന്തില്‍ 32), തിലക് വര്‍മ (24 പന്തില്‍ 25), ശിവം ദുബെ (17 പന്തില്‍ 27) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ആറ് സ്പിന്നര്‍മാരെയാണ് പാക്കിസ്ഥാന്‍ കളിപ്പിച്ചത്.
പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. അഭിഷേക് ശര്‍മ റണ്ണൊന്നുമെടുക്കാതെ പുറത്തായി. പാക്ക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയുടെ ആദ്യ ഓവറിലെ പന്തില്‍ ഷഹീന്‍ അഫ്രീദി ക്യാച്ചെടുത്ത് അഭിഷേകിനെ പുറത്താക്കുകയായിരുന്നു. പിന്നാലെ ഇഷാന്‍ കിഷന്‍ തകര്‍ത്തടിച്ചു തുടങ്ങിയതോടെ ഇന്ത്യ പവര്‍പ്ലേയില്‍ മികച്ച സ്‌കോര്‍ നേടുകയായിരുന്നു.
പവര്‍പ്ലേയിലെ ആറോവറില്‍ അഞ്ചും എറിഞ്ഞത് സ്പിന്നര്‍മാരായിരുന്നു. കൊളംബോയിലെ സ്പിന്‍ പിച്ചിന്റെ ആനുകൂല്യം തുടക്കത്തില്‍ തന്നെ മുതലാക്കാനായിരുന്നു പാക്ക് ടീമിന്റെ ശ്രമം. എന്നാല്‍ അധികം പരുക്കില്ലാതെ ഇന്ത്യ പിടിച്ചുനിന്നു. 27 പന്തുകളില്‍ നിന്നാണ് ഇഷാന്‍ 50 തികച്ചത്. സ്‌കോര്‍ 88ല്‍ നില്‍ക്കെ സയിം അയൂബിന്റെ പന്തില്‍ ഇഷാന്‍ ബോള്‍ഡായി മടങ്ങി. തിലക് വര്‍മയും ക്യാപ്റ്റന്‍ സൂര്യകുമാര്‍യാദവും നിലയുറപ്പിച്ചതോടെ 11.1 ഓവറില്‍ ഇന്ത്യ 100 പിന്നിട്ടു. സ്‌കോര്‍ 126ല്‍ നില്‍ക്കെ തിലകിനെയും ഹാര്‍ദിക് പാണ്ഡ്യയെയും പുറത്താക്കിയ പാക്ക് സ്പിന്നര്‍ സയിം അയൂബ് ഇന്ത്യയെ പ്രതിരോധത്തിലാക്കി. സ്പിന്നര്‍മാരെ ഉപയോഗിച്ച് മധ്യ ഓവറുകളില്‍ പാക്കിസ്ഥാന്‍ റണ്ണൊഴുക്കു നിയന്ത്രിച്ചു. അപ്പോഴും പുറത്താകാതെനിന്ന സൂര്യകുമാര്‍ യാദവിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. 17 ഓവറുകള്‍ പിന്നിടുമ്പോള്‍ 140 ആയിരുന്നു ഇന്ത്യന്‍ സ്‌കോര്‍.
സ്‌കോര്‍ 159 ല്‍ നില്‍ക്കെ പാക്കിസ്ഥാന്റെ മിസ്റ്ററി സ്പിന്നര്‍ ഉസ്മാന്‍ താരിഖിനെ സിക്സടിക്കാന്‍ ശ്രമിച്ച സൂര്യയ്ക്കു പിഴച്ചു.സയിം അയൂബ് ക്യാച്ചെടുത്താണ് ഇന്ത്യന്‍ ക്യാപ്റ്റനെ മടക്കിയത്. ഷഹീന്‍ ഷാ അഫ്രീദി എറിഞ്ഞ 20ാം ഓവറില്‍ ശിവം ദുബെയും റിങ്കു സിങ്ങും ചേര്‍ന്ന് 16 റണ്‍സ് അടിച്ചതോടെ ഇന്ത്യ പൊരുതാവുന്ന സ്‌കോറിലേക്കെത്തി. ഈ ഓവറിലെ അവസാന രണ്ടു പന്തുകളില്‍ ശിവം ദുബെയും അക്ഷര്‍ പട്ടേലും പുറത്തായി. നാലു പന്തില്‍ 11 റണ്‍സുമായി റിങ്കു സിങ് പുറത്താകാതെ നിന്നു.
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പാക് താരങ്ങള്‍ക്ക് കൈക്കൊടുക്കേണ്ടെന്ന നിലപാടുതന്നെ ഇന്ത്യ ഈ മത്സരത്തിലും കൈക്കൊണ്ടു. നായകരായ സൂര്യകുമാര്‍ യാദവും സല്‍മാന്‍ അലി ആഗയും പരസ്പരം ഹസ്തദാനം നടത്തിയില്ല. കളിക്കളത്തില്‍ താരങ്ങള്‍ പുലര്‍ത്തുന്ന അതേ കര്‍ക്കശമായ നിലപാട് ഗാലറിയിലെ വിവിഐപി എന്‍ക്ലോസറുകളിലും പ്രകടമാണ്. ബിസിസിഐ സെക്രട്ടറി ജയ് ഷാ, ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമല്‍, രാജീവ് ശുക്ല എന്നിവര്‍ സ്റ്റേഡിയത്തിലുണ്ടെങ്കിലും പാക് ക്രിക്കറ്റ് ബോര്‍ഡ് മേധാവി മുഹ്സിന്‍ നഖ്വിയും സല്‍മാന്‍ നസീറും ഇരിക്കുന്ന എന്‍ക്ലോസറില്‍നിന്ന് മാറി മറ്റൊരു വിവിഐപി ബോക്സിലാണ് ഇരുന്നത്.


