ധാക്ക: ബംഗ്ലാദേശ് താരം തമീം ഇഖ്ബാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. 17 വര്ഷം നീണ്ട ക്രിക്കറ്റ് കരിയറിനാണ് ഇതോടെ വിരാമമായത്. ഇത് രണ്ടാം തവണയാണ് ഓപ്പണർ വിരമിക്കുന്നതായി പ്രഖ്യാപിക്കുന്നത്. 2023 ജൂലൈയിൽ വിരമിക്കൽ പ്രഖ്യാപിച്ച തമീം, 24 മണിക്കൂറിനുള്ളിൽ തന്റെ തീരുമാനം പിൻവലിച്ചിരുന്നു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഉൾപ്പെടെയുള്ളവരുടെ ഇടപെടലിനെ തുടർന്നായിരുന്നു ദേശീയ ടീമിലേക്ക് തിരിച്ചെത്തിയത്.

2007 ൽ അരങ്ങേറ്റം കുറിച്ച തമീം 70 ടെസ്റ്റുകളിലും 243 ഏകദിനങ്ങളിലും 78 ടി20 മത്സരങ്ങളിലും ബംഗ്ളാദേശിനായി കളിച്ചിട്ടുണ്ട്. 15,249 അന്താരാഷ്ട്ര റൺസും താരം നേടിയിട്ടുണ്ട്. 25 സെഞ്ച്വറികൾ നേടിയിട്ടുള്ള ബംഗ്ലാദേശ് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബാറ്സ്മാന്മാരിൽ ഒരാളാണ്. മികച്ച റെക്കോർഡ് ഉണ്ടായിരുന്നിട്ടും, കരിയറിന്റെ അവസാന വർഷങ്ങളിൽ അദ്ദേഹം വിവാദങ്ങളിലും വെല്ലുവിളികളിലും ഉൾപ്പെട്ടിരുന്നു, 2023 ലെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതും തുടർന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡുമായുള്ള (ബിസിബി) അഭിപ്രായവ്യത്യാസവും വലിയ വാർത്തകളായി.



'അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് ദീർഘ നാളായി ഞാൻ വിട്ടുനിൽക്കുകയാണ്. രാജ്യാന്തര ക്രിക്കറ്റിലെ എന്റെ അധ്യായം അവസാനിച്ചിരിക്കുന്നു. കുറേ നാളുകളായി ഇക്കാര്യം ആലോചിച്ച് വരികയാണ്. ചാമ്പ്യൻസ് ട്രോഫി പോലൊരു വലിയ ടൂർണമെന്റിൽ എനിക്കു നേരെ ശ്രദ്ധ തിരിയുന്നത് ശരിയല്ലെന്ന് കരുതുന്നു. അത് ടീമിനെ ദോഷകരമായി ബാധിച്ചേക്കാം. ക്യാപ്റ്റൻ നജ്മുൽ ഹൊസൈൻ ഷാന്റോ ഉൾപ്പെടെ ടീമിലേക്ക് തിരിച്ചുവരാൻ ആവശ്യപ്പെട്ടിരുന്നു. അവരുടെ പരിഗണനക്ക് നന്ദി. എന്നാൽ ഹൃദയം പറയുന്നത് കേൾക്കാനാണ് എനിക്കിഷ്ടം.

അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ താൽപര്യമില്ലാത്തതിനാലാണ് ക്രിക്കറ്റ് ബോർഡുമായുള്ള കരാർ പുതുക്കാത്തത്. ഒരു വർഷത്തിലേറെയായി ഞാൻ ദേശീയ ടീമിനൊപ്പമില്ല. എന്നാൽ അതിനുശേഷവും നിരന്തരം അനാവശ്യ ചർച്ചകൾ നടക്കുകയാണ്. ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ല.' -തമീം ഫേസ്ബുക്കിൽ കുറിച്ചു. ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് വരാനിരിക്കെ വിരമിക്കൽ തീരുമാനം ഉപേക്ഷിക്കണമെന്ന സെലക്ടർമാരുടെയും സഹതാരങ്ങളുടെയും ആവശ്യപെട്ടെങ്കിലും താരം നിരസിക്കുകയായിരുന്നു.