മെല്‍ബണ്‍: ഏകദിന പരമ്പരക്കു പിന്നാലെ, ട്വന്റി20 മത്സരത്തിനായി ഒരുങ്ങുന്ന ഓസ്‌ട്രേലിയന്‍ ടീമില്‍ സ്പിന്നര്‍ ആദം സാംപക്ക് പകരം ഇന്ത്യന്‍ വംശജന്‍. ലെഗ് സ്പിന്നിര്‍ തന്‍വീര്‍ സാംഗയാണ് ടീമില്‍ ഇടംപിടിച്ചത്. രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന സാംപ ട്വന്റ20യില്‍ നിന്നും വിട്ടു നിന്നപ്പോഴാണ് ഇന്ത്യന്‍ വംശജനായ താരത്തിന് അവസരമൊരുങ്ങിയത്.

പഞ്ചാബിലെ ജലന്ധറില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് കുടിയേറി സിഡ്‌നിയില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്ന ജോഗ സിങ്ങിന്റെ മകനായ തന്‍വീര്‍, നേരത്തെ തന്നെ ആസ്‌ട്രേലിയന്‍ ടീമില്‍ ഇടം പിടിച്ചിരുന്നു. 2023ല്‍ ഏകദിനത്തിലും ട്വന്റി20യിലും അരങ്ങേറ്റം കുറിച്ചു. ഇതിനകം ഏഴ് ട്വന്റി20യും നാല് ഏകദിനും ആസ്‌ട്രേലിയക്കായി കളിച്ചുവെങ്കിലും, 2023ന് ശേഷം ട്വന്റി20 ടീമില്‍ ഇടം നേടിയിട്ടില്ല. കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ഏകദിനം കളിച്ചിരുന്നു.

ബിഗ്ബാഷ് ലീഗില്‍ സിഡ്‌നി തണ്ടര്‍ താരമാണ് 23കാരനായ തന്‍വീര്‍. കഴിഞ്ഞ ആസ്‌ട്രേലിയ 'എ'-ഇന്ത്യ 'എ' മത്സരത്തിലെ മിന്നും പ്രകടനമാണ് ഇപ്പോള്‍ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരുങ്ങിയത്. ആസ്‌ട്രേലിയ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ വണ്‍ ?ഡേ കപ്പില്‍ പത്ത് വിക്കറ്റുമായി ടോപ് വിക്കറ്റ് വേട്ടക്കാരനുമാണ്.

തന്‍വീര്‍ സാംഗയും മാത്യു കുന്‍മാന്‍ കൂടി ചേര്‍ന്നാവും ട്വന്റി20യില്‍ ഓസീസിന്റെ സ്പിന്‍ അറ്റാക്ക്. അഞ്ച് ട്വന്റി20 അടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ബുധനാഴ്ച കാന്‍ബറയില്‍ ആരംഭിക്കും. ഒക്ടോബര്‍ 31, നവംബര്‍ രണ്ട്, നവംബര്‍ ആറ് നവംബര്‍ എട്ട് തീയതികളിലാണ് മറ്റു മത്സരങ്ങള്‍. നവംബര്‍ 28ന് ആരംഭിക്കുന്ന ആഷസ് പരമ്പരക്ക് മുമ്പായി റൊട്ടേഷനിലൂടെ കൂടുതല്‍ ബൗളര്‍മാരെ കളിപ്പിക്കുകയാണ് ഓസീസ് തന്ത്രം. ജോഷ് ഹേസല്‍ വുഡ് ആദ്യരണ്ട് കളി കളിക്കുമ്പോള്‍, സീന്‍ ആബോട്ടിനാവും അടുത്ത രണ്ട് കളിയിലെ ദൗത്യം.