ഡൽഹി: കഴിഞ്ഞദിവസം നടന്ന അഡ്ലെയ്ഡ് ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയയോട് ഇന്ത്യ പത്തുവിക്കറ്റിന് പരാജയപ്പെടുകയും തിങ്കളാഴ്ച ശ്രീലങ്കയെ ദക്ഷിണാഫ്രിക്ക 109 റണ്‍സിന് തോല്‍പ്പിക്കുകയും ചെയ്തതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍സാധ്യതകള്‍ അകെ മാറിമറിഞ്ഞു.

പോയിന്റുപട്ടികയില്‍ മുന്നിലുണ്ടായിരുന്ന ഇന്ത്യ, ശ്രീലങ്ക, ഓസ്ട്രേലിയ എന്നീ ടീമുകളെ മറികടന്ന് ദക്ഷിണാഫ്രിക്ക ഒന്നാംസ്ഥാനത്തേക്ക് കയറി. ഓസ്ട്രേലിയ രണ്ടാമതും ഇന്ത്യ മൂന്നാംസ്ഥാനത്തുമാണ് ഇപ്പോൾ നില്‍ക്കുന്നത്.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തിൽ ഇന്ത്യയുടെ അവസാനമത്സരങ്ങളാണ് ബോര്‍ഡല്‍-ഗാവസ്‌കര്‍ പരമ്പര. ഓസ്ട്രേലിയക്ക് ജനുവരി ഒടുവില്‍ ശ്രീലങ്കയ്‌ക്കെതിരേ രണ്ടുടെസ്റ്റുകള്‍ ബാക്കിയുണ്ട്. ദക്ഷിണാഫ്രിക്ക പാകിസ്താനെതിരേ രണ്ടു ടെസ്റ്റ് കളിക്കാനുണ്ട്.

പാകിസ്താന് വെസ്റ്റ് ഇന്‍ഡീസിനെതിരേ രണ്ടു മത്സരങ്ങള്‍കൂടി വരാനുണ്ട്. അതുകൊണ്ട് ഓസ്ട്രേലിയക്കെതിരേ ശേഷിക്കുന്ന മൂന്നുടെസ്റ്റുകളും ജയിച്ച് പരമാവധി പോയിന്റുകള്‍ നേടുക എന്ന വഴിമാത്രമേ ഇന്ത്യയുടെ മുന്നിലുള്ളൂ.

പട്ടികയില്‍ ഏറെക്കാലമായി ഒന്നാമതായിരുന്ന ഇന്ത്യ, ഈയിടെ സ്വന്തംനാട്ടില്‍ ന്യൂസീലന്‍ഡിനെതിരായ പരമ്പര 3-0ത്തിന് തോറ്റതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ബോര്‍ഡര്‍-ഗാവസ്‌കര്‍ പരമ്പരയിലെ ആദ്യടെസ്റ്റില്‍ ജയിച്ചതോടെ ഇന്ത്യ വീണ്ടും മുന്നില്‍ക്കയറി. പക്ഷെ, അഡ്ലെയ്ഡിലെ തോല്‍വിയോടെ വീണ്ടും പിന്തള്ളപ്പെട്ടു.

ഇനിയുള്ള മൂന്നുടെസ്റ്റുകളും ജയിച്ചാല്‍മാത്രമേ മറ്റൊരു കണക്കിന്റെയും സഹായമില്ലാതെ ഇന്ത്യക്ക് ഫൈനലില്‍ എത്താനാകൂ. പക്ഷെ, ഓസ്ട്രേലിക്കെതിരേ അവരുടെ നാട്ടില്‍ ടെസ്റ്റ് പരമ്പര ജയിക്കുന്നത് ഒട്ടും എളുപ്പമല്ല. ജൂണ്‍ 11 മുതല്‍ ലണ്ടനിലാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്നത്.