- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെഞ്ചുറികളുമായി തകർത്താടി ഫൈസൽ ഖാനും നിയാസിയും; അഫ്ഗാൻ വെടിക്കെട്ടിൽ ഇന്ത്യൻ ബൗളർമാർ കാഴ്ചക്കാർ; അണ്ടർ 19 ലോകകപ്പ് സെമിയിൽ നീലപ്പടയ്ക്ക് 311 റൺസിന്‍റെ കൂറ്റൻ ലക്ഷ്യം

ഹരാരെ: അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ കൂറ്റൻ സ്കോർ പടുത്തുയർത്തി അഫ്ഗാനിസ്ഥാൻ. നിശ്ചിത 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 310 റൺസ് നേടിയ അഫ്ഗാനിസ്ഥാൻ ഇന്ത്യക്ക് 311 റൺസിന്‍റെ വിജയലക്ഷ്യം നിശ്ചയിച്ചു. ഫൈസൽ ഷിനോസദയുടെയും ഉസൈറുള്ള നിയാസിയുടെയും തകർപ്പൻ സെഞ്ചുറികളാണ് അഫ്ഗാൻ ഇന്നിംഗ്സിന് കരുത്തായത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന് വേണ്ടി ഫൈസൽ ഖാനും 93 പന്തിൽ 110 റൺസെടുത്ത് ടോപ് സ്കോററായി. ഉസൈറുള്ള നിയാസി 86 പന്തിൽ 101 റൺസുമായി പുറത്താകാതെ നിന്നു. അവസാന ഓവറിലാണ് നിയാസി സെഞ്ചുറി പൂർത്തിയാക്കിയത്. ഓപ്പണർമാരായ ഉസ്മാൻ സാദത്ത് 39 റൺസും ഖാലിദ് അഹമ്മദ് സായി 31 റൺസും നേടി ഭേദപ്പെട്ട തുടക്കം നൽകി.
ഉസ്മാൻ സാദത്തും ഖാലിദ് അഹമ്മദ് സായിയും ചേർന്ന് ഒന്നാം വിക്കറ്റിൽ 53 റൺസ് കൂട്ടിച്ചേർത്തു. പിന്നീട് ഉസ്മാനും ഫൈസലും ചേർന്ന് 64 റൺസ് നേടി. മൂന്നാം വിക്കറ്റിൽ ഉസൈറുള്ള നിയാസി-ഫൈസൽ ഷിനോസദ സഖ്യം 130 പന്തിൽ 148 റൺസ് കൂട്ടുകെട്ടുണ്ടാക്കി അഫ്ഗാന്റെ സ്കോർ അതിവേഗം ഉയർത്തി. 25-ാം ഓവറിൽ ഒത്തുചേർന്ന ഈ സഖ്യം 46-ാം ഓവറിലാണ് പിരിഞ്ഞത്. ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രനും കനിഷ്ക് ചൗഹാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഖാലിദ് അഹമ്മദ് സായിയെ പുറത്താക്കി ദീപേഷ് ദേവേന്ദ്രനാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. ഉസ്മാൻ-ഫൈസൽ കൂട്ടുകെട്ട് തകർത്തത് കനിഷ്ക് ചൗഹാനായിരുന്നു. ഫൈനലിൽ പ്രവേശിക്കാൻ 311 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം മറികടക്കേണ്ടത് ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്. വൈഭവ് സൂര്യവംശിയുടെ തുടക്കം ഇന്ത്യക്ക് നിർണായകമാകും. മോശം ഫോമിലായിരുന്ന ക്യാപ്റ്റൻ ആയുഷ് മാത്രെയിൽ നിന്നും ഒരു മികച്ച പ്രകടനം ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. അണ്ടർ 19 ക്രിക്കറ്റിൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും നേർക്കുനേർ വരുന്ന 13-ാമത്തെ മത്സരമാണിത്. ഇതിൽ 10 മത്സരങ്ങളിൽ ഇന്ത്യയും 2 മത്സരങ്ങളിൽ അഫ്ഗാനിസ്ഥാനുമാണ് വിജയിച്ചിട്ടുള്ളത്.


