- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഞ്ജുവിന്റെ റെക്കോർഡ് പ്രകടനത്തിന് പിന്നിൽ ഗംഭീർ; ടീമിലെത്തിക്കാൻ മാനേജ്മെന്റിനോട് പോരാടിയത് ഹെഡ് കോച്ചെന്ന് ഷൊയിബ് അക്തർ

ഇസ്ലാമാബാദ്: ട്വന്റി20 ലോകകപ്പിൽ റെക്കോർഡുകൾ കടപുഴക്കി സഞ്ജു സാംസൺ നടത്തുന്ന അവിശ്വസനീയ പ്രകടനത്തിന് പിന്നിലെ ചാലകശക്തി ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീറാണെന്ന് മുൻ പാക്കിസ്ഥാൻ പേസർ ഷൊയിബ് അക്തർ. സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താൻ ഗംഭീർ സെലക്ഷൻ കമ്മിറ്റിയോടും മാനേജ്മെന്റിനോടും പൊരുതിയെന്നും അതിന്റെ ഫലമാണ് ഇപ്പോൾ ഇന്ത്യക്ക് ലഭിക്കുന്നതെന്നും അക്തർ അഭിപ്രായപ്പെട്ടു.
"2014 മുതൽ സഞ്ജു ഇന്ത്യൻ ക്രിക്കറ്റ് സർക്യൂട്ടിലുണ്ട്. 2015ൽ ഞാൻ ഇന്ത്യയിലുണ്ടായിരുന്ന സമയത്തുതന്നെ സഞ്ജുവിനെക്കുറിച്ച് വലിയ ചർച്ചകൾ നടന്നിരുന്നു. എന്നാൽ എം.എസ്. ധോണി, ദിനേഷ് കാർത്തിക് തുടങ്ങിയ വമ്പൻമാരുടെ സാന്നിധ്യം കാരണം സഞ്ജുവിന് ഏറെക്കാലം കാത്തിരിക്കേണ്ടി വന്നു. ഇപ്പോൾ പോലും ഗംഭീർ എല്ലാവരോടും പോരാടിയാണ് സഞ്ജുവിനെ ടീമിലെത്തിച്ചത്. ടൂർണമെന്റിന്റെ തുടക്കത്തിൽ അവസരം ലഭിക്കാതിരുന്നിട്ടും, കടുത്ത പരിശോധനകൾക്കൊടുവിൽ നിർബന്ധപൂർവ്വം നടത്തിയ സെലക്ഷനായിരുന്നു അത്."
സൂപ്പർ എയിറ്റിലെ നിർണ്ണായക പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ 97 റൺസുമായി തിളങ്ങിയ സഞ്ജു, സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയും ആഞ്ഞടിച്ചു. 42 പന്തിൽ 89 റൺസ് അടിച്ചുകൂട്ടിയ സഞ്ജുവാണ് ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചത്. നിലവിൽ നാല് മത്സരങ്ങളിൽ നിന്നായി 232 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം. 77.33 ശരാശരിയും 201.73 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റും സഞ്ജുവിന്റെ കുതിപ്പിന് കരുത്തേകുന്നു.
ഇംഗ്ലണ്ടിനെതിരായ 89 റൺസോടെ ചില അപൂർവ്വ റെക്കോർഡുകളും സഞ്ജു സ്വന്തമാക്കി. ട്വന്റി20 ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോർ എന്ന വിരാട് കോലിയുടെ (2016ൽ വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ 89*) റെക്കോർഡിനൊപ്പം സഞ്ജു എത്തി. ഈ ലോകകപ്പിൽ മാത്രം 16 സിക്സറുകൾ പറത്തിയ സഞ്ജു, ഒരു ട്വന്റി20 ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന ഇന്ത്യൻ താരം എന്ന രോഹിത് ശർമയുടെ (2024ലെ 15 സിക്സറുകൾ) റെക്കോർഡും തിരുത്തിക്കുറിച്ചു.


