ന്യൂഡല്‍ഹി: മുന്‍ നായകരും മുതിര്‍ന്ന താരങ്ങളുമായി വിരാട് കോലിക്കും രോഹിത് ശര്‍മക്കും മുന്നറിയിപ്പുമായി ബി.സി.സി.ഐ. ട്വന്റി20യില്‍ നിന്നും ടെസ്റ്റില്‍ നിന്നും വിരമിച്ച് ഏകദിനത്തില്‍ മാത്രം തുടരുന്ന ഇരു താരങ്ങളോടും ദേശീയ ടീമില്‍ കളിക്കണമെങ്കില്‍ ആഭ്യന്തര ഏകദിന ക്രിക്കറ്റില്‍ കളിക്കണമെന്ന് ബി.സി.സി.ഐ നിര്‍ദേശം നല്‍കി. ദേശീയ ടീമില്‍ കളിക്കാനുള്ള ശാരീരിക ക്ഷമതയും മത്സര ക്ഷമതയും ആഭ്യന്തര ക്രിക്കറ്റിലൂടെ തെളിയിക്കാനാണ് കരിയറിലെ അവസാന നാളുകളിലെത്തിയ സീനിയര്‍ താരങ്ങളോട് ആവശ്യപ്പെടുന്നത്. അല്ലാത്ത പക്ഷം ടീമില്‍ ഇടമുണ്ടാകില്ലെന്ന സൂചനയാണ് ബിസിസിഐ നല്‍കുന്നത്.

ഓസ്‌ട്രേലിയന്‍ മണ്ണില്‍ നടന്ന ഏകദിന പരമ്പരയില്‍ ഇന്ത്യക്കായി ഇരു താരങ്ങളും കളിച്ചിരുന്നു. ഡിസംബര്‍ മൂന്ന് മുതല്‍ ഒമ്പത് വരെ ദക്ഷിണാഫ്രിക്കക്കെതിരായ ഏകിദന പരമ്പരയും, പിന്നാലെ ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയും ഉണ്ട്. അതിന് മുമ്പായി ഡിസംബര്‍ 24നാണ് ഇന്ത്യന്‍ ആഭ്യന്തര ഏകദിന മത്സരമായ വിജയ് ഹസാരെ ട്രോഫിക്ക് തുടക്കം കുറിക്കുന്നത്.

ടീം സെലക്ഷനില്‍ ആഭ്യന്തര ക്രിക്കറ്റിലെ ഫോം മാനദണ്ഡമാക്കുമെന്ന് ഉറപ്പായതോടെ വിജയ് ഹസാരെ ട്രോഫിയില്‍ ഇരുതാരങ്ങള്‍ക്കും കളിക്കല്‍ നിര്‍ബന്ധമായി. ബി.സി.സി.ഐ മുന്നറിയിപ്പിനു പിന്നാലെ വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ സന്നദ്ധനാണെന്ന് രോഹിത് ശര്‍മ മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ മുഷ്താഖ് അലി ട്വന്റി20യിലും കളിക്കമെന്ന് താരം എം.സി.എയെ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ലണ്ടനിലുള്ള വിരാട് കോലിയുടെ തീരുമാനം അറിയില്ല. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന് കോലിയുടെ സന്ദേശം ലഭിച്ചിട്ടില്ലെന്നാണ് സൂചന. നീണ്ട ഇടവേളക്കു ശേഷം ഓസ്‌ട്രേലിയക്കെതിരെ ഇരു താരങ്ങളും കളിച്ചിരുന്നു. ആദ്യ ഏകദിനത്തില്‍ എട്ട് റണ്‍സിന് പുറത്തായ രോഹിത് പിന്നീട് അഡ്‌ലയ്ഡില്‍ 73ഉം, സിഡ്‌നിയില്‍ 121ഉം റണ്‍സുമായി തിളങ്ങി. വിരാട് കോഹ്‌ലി ആദ്യ രണ്ട് കളിയില്‍ പൂജ്യത്തിന് പുറത്തായപ്പോള്‍, അവസാന മത്സരത്തില്‍ 74 റണ്‍സുമായും തിളങ്ങി.

2024 ലോകകപ്പിനു പിന്നലെയാണ് ഇരുവരും ട്വന്റി20യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. കോഹ്‌ലി കഴിഞ്ഞ ജനുവരിയോടെ ടെസ്റ്റില്‍ നിന്നും വിരമിച്ചു. എല്ലാ കളിക്കാരും പരമാവധി ആഭ്യന്തര മത്സരം കളിച്ച് ഫിറ്റ്‌നസ് തെളിയിക്കണമെന്ന് ബി.സി.സി.ഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍കര്‍ കഴിഞ്ഞ മാസവും ആവശ്യപ്പെട്ടിരുന്നു. 'സാധ്യമാവുന്ന കളിക്കാരെല്ലാം പരമാവധി ആഭ്യന്തര മത്സരങ്ങള്‍ കളിക്കണമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ ആവശ്യപ്പെട്ടതാണ്. ഫിറ്റ്‌നസ് നിലനിര്‍ത്താനും മത്സര ക്ഷമത ഉറപ്പാക്കാനുമുള്ള ഏകമാര്‍ഗമാണ് ഇത്. അന്താരാഷ്ട്ര മത്സര കളിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും കഴിയുന്നതും ആഭ്യന്തര മത്സരം കളിക്കണം -അഗാര്‍ക്കര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.