- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അശ്വിൻ സഞ്ജുവിന്റെ 'പി.ആർ' ഏജന്റാണെന്ന് സോഷ്യൽ മീഡിയ; ധോണിക്ക് സുരേഷ് റെയ്നയെയും രവീന്ദ്ര ജഡേജയെയും ഇഷ്ടമായിരുന്നുവെന്ന് അശ്വിൻ; വിമർശകർക്ക് മറുപടിയുമായി താരം

ചെന്നൈ: ടി20 ലോകകപ്പിൽ സഞ്ജു സാംസൺ നടത്തിയ മികച്ച പ്രകടനത്തിന് പിന്നാലെ അദ്ദേഹത്തിൻ്റെ 'പി.ആർ. ഏജൻ്റ്' ആണെന്ന വിമർശനങ്ങൾക്കെതിരെ മുൻ ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ. മികച്ച കളിക്കാരെ പിന്തുണയ്ക്കുന്നതിൽ തെറ്റില്ലെന്ന് എം.എസ്. ധോണിയുടെ ഇഷ്ട താരങ്ങളെ ഉദാഹരിച്ച് അശ്വിൻ തൻ്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി. വെസ്റ്റ് ഇൻഡീസിനെതിരെ 50 പന്തിൽ പുറത്താകാതെ 97 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജുവിനെ അശ്വിൻ വാനോളം പുകഴ്ത്തിയിരുന്നു. ഇതോടെയാണ് അശ്വിൻ സഞ്ജുവിന് വേണ്ടി മാത്രം സംസാരിക്കുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയർന്നത്. ടി20 ലോകകപ്പ് റൺ ചേസിലെ ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും ഉയർന്ന സ്കോറാണ് കഴിഞ്ഞ മത്സരത്തിൽ സഞ്ജു കുറിച്ചത്.
"എനിക്ക് സഞ്ജു സാംസൺ എന്ന കളിക്കാരനെയും വ്യക്തിയെയും ഇഷ്ടമാണ്," അശ്വിൻ പറഞ്ഞു. സഞ്ജു മുൻപ് പരാജയപ്പെട്ടപ്പോൾ ലഭിച്ച അവസരങ്ങൾ നഷ്ടപ്പെടുത്തിയതിനെക്കുറിച്ച് താൻ പലതവണ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. "എം.എസ്. ധോണിക്ക് സുരേഷ് റെയ്നയെയും രവീന്ദ്ര ജഡേജയെയും ഒക്കെ ഇഷ്ടമായിരുന്നു, അതിനർത്ഥം അവർ മോശം കളിക്കാരായിരുന്നു എന്നല്ലല്ലോ?" അശ്വിൻ ചോദിച്ചു. വർഷങ്ങൾ കാത്തിരുന്ന ശേഷമാണ് സഞ്ജുവിന് ഇപ്പോൾ അർഹിച്ച അംഗീകാരം ലഭിക്കുന്നതെന്നും ശുഭ്മാൻ ഗിൽ മികച്ച പ്രകടനം നടത്തിയപ്പോഴും താൻ ഇതേ നിലപാടായിരുന്നു സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക ഒന്നാം നമ്പർ ടി20 ബാറ്ററായിട്ടും ഈ ലോകകപ്പിൽ നിരാശപ്പെടുത്തുന്ന പ്രകടനം തുടരുന്ന അഭിഷേക് ശർമ്മയ്ക്കും അശ്വിൻ നിർദ്ദേശങ്ങൾ നൽകി. ഈ ലോകകപ്പിൽ ആറ് മത്സരങ്ങളിൽ നിന്ന് വെറും 13.33 ശരാശരി മാത്രമുള്ള അഭിഷേക് തൻ്റെ ബാറ്റിംഗ് ശൈലിയിൽ മാറ്റം വരുത്തണമെന്ന് അശ്വിൻ അഭിപ്രായപ്പെട്ടു. ബാറ്റിംഗിൽ കുറച്ചുകൂടി സമയം കണ്ടെത്താനും, ലെഗ് സൈഡിലെ കളി മെച്ചപ്പെടുത്താനും, സ്വീപ്പ് ഷോട്ടുകൾ പരിശീലിക്കാനും ശരീരത്തിന് നേരെ വരുന്ന പന്തുകൾ നേരിടാൻ പഠിക്കാനും അഭിഷേക് ശ്രദ്ധിക്കണം. അഭിഷേക് വലിയ പ്രതിഭയുള്ള താരമാണെങ്കിലും കളി 'അപ്‌ഗ്രേഡ്' ചെയ്യേണ്ടതുണ്ടെന്ന് അശ്വിൻ കൂട്ടിച്ചേർത്തു.


