- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്ത് സെക്കൻഡുള്ള പരസ്യ സ്ലോട്ടിന് 12 ലക്ഷം രൂപ; സംപ്രേഷണ കരാർ സ്വന്തമാക്കിയവർ പണം വാരും; ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിൽ നിന്നും മുടക്കു മുതൽ തിരിച്ചുപിടിക്കാൻ സോണി പിക്ചേഴ്സ്
ന്യൂഡൽഹി: ബഹിഷ്കരണ ആഹ്വാനങ്ങൾക്കിടയിലും ഏഷ്യാ കപ്പിൽ ഇന്ത്യയും പാക്കിസ്ഥാൻ തമ്മിൽ നടക്കുന്ന ക്രിക്കറ്റ് മത്സരത്തിനുള്ള പരസ്യ സ്ലോട്ടുകള്‍ വിറ്റു പോയത് വന്‍ തുകയ്ക്ക്. സംപ്രേക്ഷണ കരാർ നേടിയ സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്, ടൂർണമെന്റിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരത്തിലൂടെ മാത്രം മുടക്കുമുതൽ തിരികെ നേടാനുള്ള നീക്കത്തിലാണ്. മത്സരത്തിന്റെ വെറും പത്ത് സെക്കൻഡ് ദൈർഘ്യമുള്ള പരസ്യങ്ങൾക്ക് 12 ലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്.
ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടം എന്ന നിലയിൽ പരമാവധി പ്രേക്ഷക പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ ഉയർന്ന നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഗെയിമിങ് വെബ്സൈറ്റുകൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിരോധനം കാരണം പ്രധാന പരസ്യദാതാക്കൾ പിൻമാറിയ സാഹചര്യത്തിൽ, ഈ മത്സരം പുതിയ വരുമാന മാർഗ്ഗമായി സംഘാടകർ കാണുന്നു. ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‌ഫോമുകൾക്ക് കേന്ദ്ര സർക്കാർ നിയന്ത്രണം കൊണ്ടുവന്നത് ക്രിക്കറ്റ് സംപ്രേഷണത്തിലെ പരസ്യ വിപണിയെ ബാധിക്കുമോയെന്ന ആശങ്കകൾക്കിടയിലും ഏഷ്യാ കപ്പിലെ പരസ്യ സ്ലോട്ടുകൾ വൻ തുകയ്ക്ക് വിറ്റുപോയത് ശ്രദ്ധേയമാണ്.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനുമായി ക്രിക്കറ്റ് കളിക്കുന്നതിനെതിരെ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. എന്നാൽ, കളിയെ കളിയായും രാഷ്ട്രീയത്തെ രാഷ്ട്രീയമായും കാണണം എന്ന നിലപാടിലാണ് ബി.സി.സി.ഐ. മുന്നോട്ട് പോകുന്നത്. ഞായറാഴ്ച രാത്രി എട്ടിന് ആരംഭിക്കുന്ന മത്സരം ലക്ഷക്കണക്കിന് കാഴ്ചക്കാരെ ആകർഷിക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ കോർപ്പറേറ്റ് കമ്പനികൾ ഈ നിരക്കിൽ പരസ്യം നൽകാൻ മത്സരിക്കുന്നതായാണ് റിപ്പോർട്ട്.