ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ദാരുണമായ ഭീകരാക്രമണത്തില്‍ ജീവഹാനി സംഭവിച്ചവരെ സ്മരിച്ചുകൊണ്ട് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പ്രത്യേക ആദരാഞ്ജലി അര്‍പ്പിക്കുന്നു. ഇന്ന് രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരമാണ് സങ്കടത്തിന്റെ ഈ പശ്ചാത്തലത്തില്‍ അരങ്ങേറുന്നത്.

ഇരുടീമുകളുടെയും താരങ്ങള്‍, അംപയര്‍മാര്‍, മാച്ച് ഒഫീഷ്യല്‍സുമെല്ലാം കറുത്ത ആംബാന്‍ഡ് ധരിച്ച് ക്രീസില്‍ എത്തും. മത്സരം ആരംഭിക്കുന്നതിന് മുമ്പ് ഒരു മിനിറ്റ് മൗനം പാലിച്ച് ഇരകളോടുള്ള ആദരവും ഐക്യവും പ്രകടിപ്പിക്കും. ഇന്ന് ചിയര്‍ലീഡര്‍മാരുടെ നൃത്തവും ഫയര്‍വര്‍ക്കുകളും ഒഴിവാക്കി മത്സരം ആചാരപരമായ രീതിയില്‍ ലളിതമായി സംഘടിപ്പിക്കാനാണ് തീരുമാനം.

പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 28 പേര്‍ മരണപ്പെട്ടു. 27 പുരുഷന്മാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 10ല്‍ അധികം പേര്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൊല്ലപ്പെട്ടവരില്‍ ഒരു നേപ്പാള്‍ സ്വദേശി, യുഎഇ പൗരത്വമുള്ള ഇന്ത്യന്‍ വംശജനുമുണ്ടെന്നാണ് വിവരം.