ന്യൂയോർക്ക്: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് ടീം ഇന്ത്യയും അമേരിക്കയും ഇന്ന് നേർക്കുനേർ.ആദ്യ രണ്ടുമത്സരം ജയിച്ചു നിൽക്കുന്ന ഇരു ടീമകളും ഒരുപോലെ മൂന്നാം ജയവും സൂപ്പർ 8 ലെ സ്ഥാനവുമാണ് ലക്ഷ്യമിടുന്നത്.

ഇന്ത്യയുടെ കഴിഞ്ഞ 2 മത്സരങ്ങൾക്കും വേദിയായ ന്യൂയോർക്കിലെ നാസ കൗണ്ടി സ്റ്റേഡിയത്തിൽ തന്നെയാണ് ഇന്നത്തെ മത്സരവും. കണക്കിലും മത്സരപരിചയത്തിലും ഇന്ത്യ ഏറെ മുന്നിലാണെങ്കിലും അരങ്ങേറ്റ ലോകകപ്പിൽ കണക്കൂട്ടലുകൾ തെറ്റിച്ചു മുന്നേറുന്ന യുഎസിന്റെ പോരാട്ടവീര്യം എളുപ്പം തള്ളിക്കളയാവുന്ന ഒന്നല്ല.ആദ്യ മത്സരത്തിൽ 195 റൺസ് പിന്തുടർന്നു കാനഡയെ തോൽപിച്ച യുഎസ് ടീം ബോളിങ്ങിലും ഉജ്വല മികവുകാട്ടിയാണ് പാക്കിസ്ഥാനെ അട്ടിമറിച്ചത്.

ഇന്ത്യയും അമേരിക്കയും മുഖാമുഖം വരുമ്പോൾ ഒട്ടേറെ സവിശേഷതകളുമുണ്ട്.ഒരുകാലത്ത് ഒന്നിച്ച് ഇന്ത്യക്കായി കളിച്ചവരാണ് ഇന്ന് മുഖാമുഖം വരുന്നത്.ജൂനിയർ തലത്തിൽ മുംബൈ ടീമിൽ ഒരുമിച്ചു കളിച്ചവരാണ് ഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവും യുഎസ് പേസർ സൗരഭ് നേത്രാവൽക്കറും.ഇതിന് പുറമെ അഹമ്മദാബാദിൽ ജനിച്ച ക്യാപ്റ്റൻ മോനക് പട്ടേൽ അടക്കം യുഎസ് ടീമിലെ പതിനഞ്ചിൽ 9 പേരും ഇന്ത്യൻ വംശജരാണ്. ഇവരിൽ 6 പേർ ഇന്നത്തെ മത്സരത്തിൽ കളത്തിലിറങ്ങിയേക്കും.രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയും യുഎസും തമ്മിലുള്ള ആദ്യ മത്സരം കൂടിയാണിത്.

സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും പിച്ചിന്റെ അപ്രവചനീയതയ്ക്കൊപ്പം ബാറ്റസ്മാന്മാരുടെ ഫോമും ഇന്ത്യയെ വലയ്ക്കുന്നുണ്ട്.
ടീം ഇന്ത്യക്കായി ആദ്യ രണ്ട് കളിയിലും നിരാശപ്പെടുത്തിയ ശിവം ദുബെ ഇലവനിൽ തുടരുമോയെന്നതാണ് പ്രധാന ചോദ്യം. ദുബെയ്ക്ക് പകരം സഞ്ജു സാംസണെ കളിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. പകരക്കാരനായി യശസ്വീ ജയ്സ്വാളിനെയും ഇന്ത്യൻ മാനേജ്‌മെന്റ് പരിഗണിച്ചേക്കാം.രോഹിത് ശർമ വിരാട് കോലി ഓപ്പണിങ് കൂട്ടുകെട്ട് ഇതുവരെ ഫോം കണ്ടെത്തിയിട്ടില്ല.കോലിക്കും (1,4) ട്വന്റി20യിലെ ലോക ഒന്നാം നമ്പർ ബാറ്റർ സൂര്യകുമാർ യാദവിനും (2,7) ടൂർണമെന്റിൽ ഇതുവരെ രണ്ടക്കം കടക്കാനായിട്ടില്ല.

കഴിഞ്ഞ 2 മത്സരങ്ങളിൽ നിന്നു വ്യത്യസ്തമായി ഇന്ത്യൻ പ്ലെയിങ് ഇലവനിൽ ഇന്നു മാറ്റമുണ്ടായേക്കും.ദുബെയ്ക്കു പകരം ഇടംകൈ ബാറ്റർ യശസ്വി ജയ്സ്വാളിന് അവസരം ലഭിക്കാനാണ് കൂടുതൽ സാധ്യത.രവീന്ദ്ര ജഡേജയെ പുറത്തിരുത്തി സ്പിന്നർ കുൽദീപ് യാദവിന് അവസരം നൽകുമോയെന്നതും ആരാധകർ ഉറ്റുനോക്കുന്നുണ്ട്. അതേസമയം 2 മത്സരങ്ങളിലും എതിരാളികളെ എറിഞ്ഞൊതുക്കിയ ഇന്ത്യയുടെ ബോളിങ് നിര തകർപ്പൻ ഫോമിലാണ് എന്നതാണ് ടീമിന് മൊത്തത്തിൽ ആവേശം നൽകുന്ന കാര്യം.

അമേരിക്കയുടെ കാര്യം പരിശോധിച്ചാൽ പാക്കിസ്ഥാനെതിരെ അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ മോനക് പട്ടേലും 2 മത്സരങ്ങളിലും ടീമിന്റെ രക്ഷകനായി മാറിയ വൈസ് ക്യാപ്റ്റൻ ആരൺ ജോൺസുമാണ് ബാറ്റിങ്ങിന്റെ നെടുംതൂൺ. പേസ് ബോളിങ് സെൻസേഷൻ സൗരഭ് നേത്രാവൽക്കർ പവർപ്ലേ ഓവറുകളിൽ മാത്രം 2 മത്സരത്തിനിടെ 5 വിക്കറ്റ് നേടിക്കഴിഞ്ഞു. ഇടംകൈ സ്പിന്നർമാരായ നൊഷ്തുക് കെൻജിഗെ, ഹർമീത് സിങ് എന്നിവരും ഇന്ത്യൻ ബാറ്റിങ് നിരയ്ക്കു വെല്ലുവിളിയുയർത്തും. ഇന്ത്യൻ സമയം രാത്രി എട്ടുമുതലാണ് മത്സരം.പാക്കിസ്ഥാന്റെ മുന്നോട്ടുള്ള പോക്കും ഈ മത്സരഫലത്തെ ആശ്രയിച്ചാണ്.