- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിരാട് കോലിയെ മറികടന്ന് പതിനാലുകാരൻ; അണ്ടർ 19 ലോകകപ്പിൽ ചരിത്ര നേട്ടവുമായി വൈഭവ് സൂര്യവൻഷി; ആ റെക്കോർഡിൽ ബാബർ അസമിനെയും പിന്തള്ളി ഇന്ത്യൻ ബാറ്റിങ് സെൻസേഷൻ

ബുലവായോ: അണ്ടർ 19 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ തകർപ്പൻ ബാറ്റിംഗ് പ്രകടനവുമായി ഇന്ത്യൻ താരം വൈഭവ് സൂര്യവൻഷി. ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലാദേശിനെതിരെ 72 റൺസ് നേടിയതോടെ, വിരാട് കോലിയുടെ പേരിലുണ്ടായിരുന്ന റെക്കോർഡ് തകർത്ത് ഒരിക്കൽ കൂടി ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് താരം. യൂത്ത് ഏകദിനങ്ങളിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരം എന്ന വിരാട് കോലിയുടെ റെക്കോർഡാണ് വൈഭവ് തിരുത്തിയത്.
24 ഇന്നിംഗ്‌സുകളിൽ നിന്ന് കോഹ്‌ലി നേടിയ 978 റൺസ് എന്ന നേട്ടം വെറും 19 ഇന്നിംഗ്‌സുകളിൽ നിന്ന് വൈഭവ് മറികടന്നു. ഇപ്പോൾ 1,047 റൺസുമായി വൈഭവ് ഈ പട്ടികയിൽ രണ്ടാമതാണ്. (36 മത്സരങ്ങളിൽ നിന്ന് 1,404 റൺസ് നേടിയ വിജയ് സോളാണ് ഒന്നാമത്). അണ്ടർ 19 ലോകകപ്പ് ചരിത്രത്തിൽ അർധസെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ലോക റെക്കോർഡും വൈഭവ് സ്വന്തമാക്കി. 14 വയസ്സും 296 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് ഈ നേട്ടം.
അഫ്ഗാനിസ്ഥാന്റെ ഷാഹിദുള്ള കമാൽ (15 വയസ്സ് 19 ദിവസം), പാക്കിസ്ഥാൻ മുൻ നായകൻ ബാബർ അസം (15 വയസ്സ് 92 ദിവസം) എന്നിവരെയാണ് വൈഭവ് പിന്നിലാക്കിയത്. ബംഗ്ലാദേശിനെതിരെ 67 പന്തിൽ നിന്നാണ് വൈഭവ് 72 റൺസ് അടിച്ചുകൂട്ടിയത്. ഇതിൽ 6 ഫോറുകളും 3 സിക്സറുകളും ഉൾപ്പെടുന്നു. വെറും 30 പന്തിലാണ് താരം തന്റെ അർധസെഞ്ച്വറി പൂർത്തിയാക്കിയത്.


