ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സ്- റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരു മത്സരത്തില്‍ അവസാന പന്തില്‍ ആര്‍.സി.ബി വിജയം പിടിച്ചെടുത്തിരുന്നു. മത്സരത്തില്‍ ആര്‍.സി.ബിയുടെ ടോപ് സ്‌കോറര്‍ വിരാട് കോലി ഒരുപിടി റെക്കോഡുകള്‍ തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. അഞ്ച് റെക്കോണ് വിരാട് കോലി സി.എസ്.കെക്കെതിരെയുള്ള മത്സരത്തില്‍ സ്വന്തമാക്കിയത്.

ആര്‍.സി.ബിക്ക് വേണ്ടി 300 സിക്‌സറുകള്‍ നേടുന്ന ആദ്യ താരമായി വിരാട് മാറി. മത്സരത്തില്‍ ആകെ അഞ്ച് സിക്‌സറുകളാണ് കോഹ്‌ലി നേടിയത്. ഇതോടെ ആര്‍സിബിക്കായി താരത്തിന്റെ സിക്‌സര്‍ നേട്ടം 303 ആയി. സിക്‌സറുകളിലൂടെ മറ്റൊരു റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരില്‍ കുറിച്ചു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് കോഹ്‌ലി സ്വന്തമാക്കിയത്. റോയല്‍ ചലഞ്ചേഴ്‌സ് മുന്‍ താരം ക്രിസ് ഗെയ്‌ലിന്റെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 151 സിക്‌സറെന്ന റെക്കോര്‍ഡാണ് കോഹ്‌ലി മറികടന്നത്. ഇന്നലത്തെ മത്സരത്തോടെ 152 സിക്‌സറുകളാണ് കോഹ്‌ലി ബംഗളൂരു ഹോം ഗ്രൗണ്ടില്‍ സ്വന്തം പേരില്‍ കുറിച്ചത്.

ഐ.പി.എല്ലില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തമാക്കി. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മാത്രം കോഹ്‌ലി നേടിയത് 1,146 റണ്‍സാണ്. പഞ്ചാബ് കിങ്‌സിനെതിരെ 1,134 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറുടെ റെക്കോര്‍ഡാണ് കോഹ്‌ലി പഴങ്കഥയാക്കിയത്. ചെന്നൈ സൂപ്പര്‍ത കിങ്‌സിനെതരെ 10 അര്‍ധസെഞ്ച്വറിയുമായി ആ റെക്കോഡും വിരാട് സ്വന്തം പേരിലാക്കി. സി.എസ്.കെക്കെതിരെ ഏറ്റവും കൂടുതല്‍ ഫിഫ്റ്റി അടിച്ച താരമാണ് വിരാട്. ശിഖര്‍ ധവാന്‍, രോഹിച് ശര്‍മ, ഡേവിഡ് വാര്‍ണര്‍ എന്നിവരെയാണ് വിരാട് മറികടന്നത്.

ഈ സീസണില്‍ ഇതുവരെ 505 റണ്‍സാണ് കോഹ്‌ലി നേടിയത്. ഐ.പി.എല്‍ സീസണുകളില്‍ കൂടുതല്‍ തവണ 500ലധികം റണ്‍സെന്ന നേട്ടം ഇനി കിങ് കോഹ്‌ലിക്ക് സ്വന്തമാണ്. ഇത് എട്ടാമത്തെ സീസണിലാണ് കോഹ്‌ലി 500ലധികം റണ്‍സ് നേടുന്നത്. ഏഴ് തവണ ഈ നേട്ടം കൈവരിച്ച ഡേവിഡ് വാര്‍ണറുടെ റെക്കോര്‍ഡാണ് കോഹ്‌ലി മാറ്റിയെഴുതിയത്.