ന്യൂഡല്‍ഹി: രഞ്ജി ട്രോഫി ക്രിക്കറ്റിലേക്ക് പതിമൂന്ന് വര്‍ഷത്തിനുശേഷമുള്ള വിരാട് കോലിയുടെ മടങ്ങിവരവിലും ആരാധകര്‍ക്ക് സമ്മാനിച്ചത് കടുത്ത നിരാശ. കോലിയുടെ ബാറ്റിംഗ് കാണാനായി ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലേക്ക് രണ്ടാം ദിനവും ഒഴുകിയെത്തിയ പതിനായിരങ്ങളെ നിരാശരാക്കി റെയില്‍വേസിനെതിരായ മത്സരത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ ആറ് റണ്‍സെടുത്ത് പുറത്തായി. റെയില്‍വേസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിന് മറുപടിയായി രണ്ടാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ഡല്‍ഹിക്കായി വിരാട് കോലി എപ്പോള്‍ ക്രീസിലിറങ്ങുമെന്നതായിരുന്നു ആരാധകരുടെ ആകാംക്ഷ.

യാഷ് ദുള്ളും സനത് സംഗ്വാനും തുടക്കത്തില്‍ പിടിച്ചു നിന്നതോടെ കാത്തിരിപ്പ് നീളുന്നതില്‍ ആരാധകര്‍ നിരാശരായി. ഒടുവില്‍ യാഷ് ദുള്ളിനെ(32) രാഹുല്‍ ശര്‍മ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ നാലാമനായി വിരാട് കോലി ക്രീസിലെത്തി. ആരാധകരെ ആവേശത്തിലാഴ്ത്തി ബൗണ്ടറി അടിച്ച് തുടങ്ങിയെങ്കിലും ഇന്നിംഗ്‌സ് അധികം നീണ്ടില്ല. 15 പന്ത് നേരിട്ട കോലിയെ റെയില്‍വേസിന്റെ 29 വയസ്സുകാരന്‍ പേസര്‍ ഹിമാന്‍ഷു സംഗ്വാന്‍ ക്ലീന്‍ ബൗള്‍ഡാക്കി മടക്കിയതോടെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം നിശബ്ദമായി. ഹിമാന്‍ഷു സംഗ്വാന്റെ ഇന്‍സ്വിംഗറില്‍ കോലിയുടെ ഓഫ് സ്റ്റംപ് വായുലില്‍ പറന്നു.

ഡല്‍ഹി അണ്ടര്‍ 19 ടീമില്‍ മുന്‍പ് കളിച്ചിട്ടുള്ള ഹിമാന്‍ഷു ഡല്‍ഹി നജഫഗര്‍ സ്വദേശിയാണ്. കോലിയുടെ ബാറ്റിങ് കാണാന്‍ രാവിലെ തന്നെ സ്റ്റേഡിയത്തിലെത്തിയ ആയിരക്കണക്കിന് ആരാധകരും നിരാശയോടെ മടങ്ങുകയാണ്. കോലിയെ കാണാന്‍ പുലര്‍ച്ചെ അഞ്ചു മണി മുതല്‍ തന്നെ സ്റ്റേഡിയത്തില്‍ ആരാധകര്‍ എത്തിയിരുന്നു. ലഞ്ചിന് പിരിയുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെന്ന നിലയിലാണ് ഡല്‍ഹി. അര്‍ധ സെഞ്ചുറിയുമായി ക്യാപ്റ്റന്‍ ആയുഷ് ബദോനിയും (36 പന്തില്‍ 52), സുമിത് മാതുറുമാണ് (47 പന്തില്‍ 28) ക്രീസില്‍.

കോലിക്കു പുറമേ യാഷ് ദുള്‍ (69 പന്തില്‍ 32), സനത് സങ്‌വാന്‍ (81 പന്തില്‍ 30), അര്‍പിത് റാണ (ഒന്‍പതു പന്തില്‍ 10) എന്നിവരാണ് ഡല്‍ഹി നിരയില്‍ പുറത്തായ മറ്റു ബാറ്റര്‍മാര്‍. ആദ്യ ഇന്നിങ്‌സില്‍ റെയില്‍വേസ് 241 റണ്‍സെടുത്ത് ഓള്‍ഔട്ടായിരുന്നു. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ മോശം പ്രകടനത്തിനു പിന്നാലെയാണു കോലി രഞ്ജി ട്രോഫി കളിക്കാന്‍ തീരുമാനിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫോം കണ്ടെത്താനാണു താരത്തിന്റെ ശ്രമം.

വിരാട് കോലിക്ക് രഞ്ജി ട്രോഫിയിലും തിരിച്ചടി

മറ്റ് മത്സരങ്ങളില്‍ ആസമിനെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന സൗരാഷ്ട്രക്കായി ഇറങ്ങിയ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരക്ക് ഒരു റണ്‍സകലെ സെഞ്ചുറി നഷ്ടമായി. 95 റണ്‍സുമായി രണ്ടാം ദിനം ക്രീസിലിറങ്ങിയ പൂജാര 99 റണ്‍സില്‍ പുറത്തായി.167 പന്തില്‍ 10 ബൗണ്ടറിയടിച്ച് 99 റണ്‍സെടുത്ത പൂജാരയെ മുഖ്താര്‍ ഹുസൈനാണ് പുറത്താക്കിയത്. ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജക്കും സൗരാഷ്ട്രക്കായി ബാറ്റിംഗില്‍ തിളങ്ങാനായില്ല. ഒമ്പതാമനായി ക്രീസിലിറങ്ങിയ ജഡേജ 19 റണ്‍സെടുത്ത് പുറത്തായി. ആസമിനെതിരെ സൗരാഷ്ട്ര 474 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗ് ആരംഭിച്ച അസം ഒരു വിക്കറ്റിന് 25 റണ്‍സ് എന്ന നിലയിലാണ്.

മറ്റൊരു മത്സരത്തില്‍ മേഘാലയക്കെതിരെ മുംബൈ നായകന്‍ അജിങ്ക്യാ രഹാനെക്കും സെഞ്ചുറി നഷ്ടമായി. മേഘാലയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 86 റണ്‍സിന് മറുപടിയായി മുംബൈ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സെടുത്തിട്ടുണ്ട്. രഹാനെ 96 റണ്‍സെടുത്ത് പുറത്തായപ്പോള്‍ സിദ്ദേശ് ലാഡ് 145 റണ്‍സെടുത്തു.