പെര്‍ത്ത്: വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പര എന്നതിന് അപ്പുറം 7 മാസങ്ങള്‍ക്ക് ശേഷമുള്ള രോഹിത് ശര്‍മ്മ - വിരാട് കോഹ് ലി എന്നിവരുടെ തിരിച്ചുവരവ് എന്ന നിലയിലാണ് ഈ പരമ്പര ശ്രദ്ധ നേടുന്നത്. എന്നാല്‍ ബാറ്റിങ്ങ് വിരുന്ന് കാണാന്‍ കാത്തിരുന്നവരെ നിരാശയിലാഴ്ത്തി പവര്‍ പ്ലേയില്‍ തന്നെ കൂടാരം കയറുകയായിരുന്നു ഇരുവരും. സെഞ്ച്വറി അടിച്ചാല്‍ പോലും 27 ലെ ലോകകപ്പില്‍ ടീമില്‍ സ്ഥാനമുണ്ടാകുമെന്ന് പറയാന്‍ കഴിയില്ലെന്ന സെലക്ടര്‍ അജിത്ത് അഗാര്‍ക്കറിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ ഈ നിരാശജനകമായ പ്രകടനം ഇരുവരുടെയും ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് മുന്നില്‍ വാതിലടയ്ക്കുമോ എന്ന ചോദ്യമാണ് സജീവമാകുന്നത്.

നിലയുറപ്പിക്കാനാകാതെ രോ-കോ

വിറച്ചുവിറച്ചെന്ന പോലെയാണ് ഇരുവരും കളിച്ചത്.ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഇന്ത്യക്കായി രോഹിത് ശര്‍മയാണ് ഇന്ത്യക്കായി ആദ്യ പന്ത് നേരിട്ടത്.ഓപ്പണായിറങ്ങിയ രോഹിത്, തുടക്കം മുതല്‍ത്തന്നെ തച്ചുടക്കുന്ന പതിവു ശൈലിക്ക് മുതിര്‍ന്നില്ല.മാര്‍ച്ചിലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് ശേഷം ഇന്ത്യന്‍ കുപ്പായത്തില്‍ ആദ്യ മത്സരത്തിനിറങ്ങിയ രോഹിത് ആദ്യ പന്തില്‍ സിംഗിളെടുത്ത് സ്‌ട്രൈക്ക് ക്യാപ്റ്റന്‍ ഗില്ലിന് കൈമാറി. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ മൂന്നാം ഓവറിലെ നാലാം പന്ത് സ്‌ട്രൈറ്റ് ഡ്രൈവിലൂടെ ബൗണ്ടറി കടത്തി രോഹിത് പ്രതീക്ഷ നല്‍കി.

എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ഹേസല്‍വുഡിന്റെ എക്‌സ്ട്രാ ബൗണ്‍സ് രോഹിത്തിനെ ചതിച്ചു. ഓഫ് സ്റ്റംപ് ലൈനില്‍ കുത്തി ഉയര്‍ന്ന പന്തില്‍ ബാറ്റുവെച്ച രോഹിത്തിനെ സ്ലിപ്പില്‍ മാറ്റ് റെന്‍ഷാ കൈയിലൊതുക്കി.ജോഷ് ഹെയ്‌സല്‍വുഡിന്റെ എക്‌സ്ട്രാ ബൗണ്‍സ് കെണിയില്‍ രോഹിത് വീഴുകയായിരുന്നു.ഹെയ്‌സല്‍വുഡിന്റെ ഓവറിലെ രണ്ടാം പന്ത് വലിയ ഷോട്ട് കളിക്കാന്‍ രോഹിത് ശ്രമിച്ചപ്പോള്‍ ടൈമിങ് തെറ്റി. എഡ്ജാവാതെ ഇതില്‍ നിന്ന് രക്ഷപെടുകയും ചെയ്തു. മൂന്നാം പന്ത് ഓഫ് സൈഡിലേക്കെത്തിയപ്പോള്‍ അതും കഷ്ടിച്ചാണ് എഡ്ജാവാതെ രക്ഷപെട്ടത്.

രാജ്യാന്തര ക്രിക്കറ്റില്‍ രോഹിത്തിന്റെ 500ാം മത്സരമായിരുന്നു ഇത്. അതുകൊണ്ടുതന്നെ വലിയൊരു പ്രകടനം എല്ലാവരും പ്രതീക്ഷിച്ചു. പക്ഷെ മികവ് കാട്ടാന്‍ രോഹിത്തിന് സാധിക്കാതെ പോയി എന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.100ാം മത്സരത്തില്‍ 15 റണ്‍സും 200ാം മത്സരത്തില്‍ 21 റണ്‍സും 300ാം മത്സരത്തില്‍ 8 റണ്‍സും 400ാം മത്സരത്തില്‍ 15, 46 എന്നിങ്ങനെയായിരുന്നു രോഹിത്തിന്റെ പ്രകടനം.ഇപ്പോഴിതാ 500ാം മത്സരത്തിലും രോഹിത് നിരാശപ്പെടുത്തി.




സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, എം.എസ്. ധോനി, വിരാട് കോലി എന്നിവര്‍ മാത്രമാണ് ഇതിന് മുന്‍പ് ഇന്ത്യക്കായി 500 മത്സരങ്ങള്‍ കളിച്ചത്. 664 മത്സരങ്ങള്‍ കളിച്ച സച്ചിന്‍ ഒന്നാമതും 551 മത്സരങ്ങളോടെ കോലി രണ്ടാമതുമാണ്.

രോഹിതിന് പിന്നാലെ കിംഗ് കോലി ക്രീസിലെത്തി. ഹേസല്‍വുഡിന്റെ നേരിട്ട ആദ്യ പന്തില്‍ തന്നെ എല്‍ ബി ഡബ്ല്യു അപ്പീല്‍ അതിജീവിച്ചെങ്കിലും നേരിട്ട ആദ്യ ഏഴ് പന്തിലും കോലിക്ക് അക്കൗണ്ട് തുറക്കാനായില്ല.ഒടുവില്‍ നേരിട്ട എട്ടാം പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ ഫ്‌ലാഷി ഡ്രൈവിന് ശ്രമിച്ച കോലിയെ പോയന്റില്‍ കൂപ്പര്‍ കൊണോളി പറന്നു പിടിച്ചു.വലിയ ഇടവേളക്ക് ശേഷം കളിക്കാനിറങ്ങിയ കോഹ്ലിയുടെ ഫോം എങ്ങനെയാവുമെന്ന ആശങ്ക എല്ലാവര്‍ക്കുമുണ്ടായിരുന്നു. ആരാധകര്‍ ഭയന്നതുപോലെ തന്നെ കോഹ്ലി ഡക്കിന് മടങ്ങുകയായിരുന്നു.

പഴയ ദൗര്‍ബല്യമാണ് കോഹ്ലിയെ വേട്ടയാടുന്നതെന്നതാണ് ഏറെ സങ്കടകരമായ കാര്യം.ഏറെ നാളുകളായി ഓഫ് സൈഡിലെ കെണി കോഹ്ലിയെ വേട്ടയാടുന്നുണ്ടായിരുന്നു. ഓഫ്‌സൈഡിന് പുറത്തെത്തുന്ന പന്തില്‍ ബാറ്റുവെച്ച് കോഹ്ലി മടങ്ങുന്നത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായുള്ള പ്രശ്‌നമായിരുന്നു. ഇത് ആവര്‍ത്തിക്കുന്ന പ്രകടനമാണ് ഇപ്പോള്‍ താരം നടത്തിയത്. ഓഫ്‌സൈഡിലെത്തിയ എക്‌സ്ട്രാ ബൗണ്‍സ് പന്തിലാണ് കോഹ്ലിയുടെ മടക്കമെന്നതാണ് എടുത്തു പറയേണ്ടത്. കോഹ്ലിക്ക് ഈ ദൗര്‍ബല്യം പരിഹരിക്കാനാവാത്തത് ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ 30 ഏകദിന ഇന്നിംഗ്‌സുകളില്‍ കോലിയുടെ ആദ്യ ഡക്കാണിത്. ഇന്റര്‍നാഷണല്‍ ലെവലില്‍ ഏറ്റവും കൂടുതല്‍ ഡക്ക് ആയ ഇന്ത്യന്‍ താരത്തില്‍ സഹിര്‍ ഖാനും ഇഷാന്ത് ശര്‍മ്മയ്ക്കും ശേഷം 3 ആം സ്ഥാനമെന്ന നാണക്കേടിന്റെ റെകോര്‍ഡും ഇതോടെ കോലിക്കായി.

അഗാര്‍ക്കര്‍ പറഞ്ഞതും ക്രീസില്‍ കണ്ടതും ! രോ- കോയുടെ ഭാവി എന്ത്?

ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദങ്ങളൊന്നുമില്ലാതെയെത്തിയ രോഹിത്തും വലിയ അവധി കഴിഞ്ഞെത്തിയ കോലിയും അടുത്ത ഏകദിന ലോകകപ്പില്‍ കണ്ണുനട്ടാണ് തിരിച്ചെത്തിയതെന്നതിനാല്‍, വലിയ ഇന്നിങ്സ് കാഴ്ചവെയ്ക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഓസ്‌ട്രേലിയയിലെ സാഹചര്യം വളരെ പ്രയാസമുള്ളതാണ്. അതുകൊണ്ടുതന്നെ സീനിയര്‍ താരങ്ങള്‍ അവസരത്തിനൊത്ത് ഉയരേണ്ടതായിരുന്നു. പക്ഷെ മികവിനൊത്ത് ഉയരാന്‍ ഇവര്‍ക്ക് സാധിക്കാതെ പോയി.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ത്തന്നെ ഇരുവരും നിരാശപ്പെടുത്തി.ചീഫ് സെലക്ടര്‍ അഗാര്‍ക്കറിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ രോ- കോയുടെ ഭാവി എന്താണെന്ന ചോദ്യമാണ് ഉയരുന്നത്.

ഓസ്ട്രേലിയക്കെതിരെ നടക്കുന്ന പരമ്പരയില്‍ രോഹിത് കോഹ്ലി സഖ്യം സെഞ്ച്വറി നേടിയത് കൊണ്ട് 2027 ഏകദിന ലോകകപ്പ് വരെ തുടരാന്‍ സാധിക്കില്ലെന്നാണ് അജിത് അഗാര്‍ക്കര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.




ഓസ്‌ട്രേലിയയില്‍ റണ്‍സ് നേടിയില്ലെങ്കില്‍ അവരെ പുറത്താക്കുമെന്ന് ആരും കരുതേണ്ടതില്ല, അതുപോലെ, ഓസ്ട്രേലിയയില്‍ മൂന്ന് സെഞ്ച്വറികള്‍ നേടിയാല്‍ അവരെ ലോകകപ്പിലേക്ക് തെരഞ്ഞെടുക്കുമെന്നും അര്‍ത്ഥമില്ല. ലോകകപ്പിന് ഇനിയും നാളുകളേറെയുണ്ട്. എല്ലാ മത്സരങ്ങളിലും രോഹിതിനെയും കോഹ്‌ലിയെയും വിചാരണ ചെയ്യുന്നത് മണ്ടത്തരമായിരിക്കും'' എന്നായിരുന്നു അഗാര്‍ക്കറിന്റെ പ്രതികരണം.ഇങ്ങനെ ഒരു സാഹചര്യം നിലനില്‍കെ ഇരുവരുടെയും തുടര്‍ന്നുള്ള സാധ്യതകള്‍ കണ്ടറിയേണ്ടി വരും.

രോഹിത് ശര്‍മ ഇന്ത്യയുടെ നായകസ്ഥാനത്ത് നിന്ന് ഇറങ്ങിയ ശേഷമുള്ള ആദ്യത്തെ മത്സരമാണിത്. അതുകൊണ്ടുതന്നെ ക്യാപ്റ്റനെന്ന സമ്മര്‍ദ്ദം രോഹിത്തിനില്ല. അതുകൊണ്ടുതന്നെ രോഹിത്തില്‍ നിന്ന് തകര്‍പ്പന്‍ പ്രകടനം എല്ലാവരും പ്രതീക്ഷിച്ചിരുന്നു.ഓസ്‌ട്രേലിയയില്‍ വലിയ റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് രോഹിത് ശര്‍മ. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. 2027ലെ ഏകദിന ലോകകപ്പ് രോഹിത്തിനെ സംബന്ധിച്ച് സ്വപ്നമാണ്.ഇത് നടപ്പിലാക്കാന്‍ രോഹിത്തിന് ഫോമിലേക്കെത്തേണ്ടത് അത്യാവശ്യമായിരുന്നു. എന്നാല്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഹിറ്റ്മാന്‍ പുറത്തെടുത്തത്.

2027ലെ ഏകദിന ലോകകപ്പില്‍ കളിക്കണമെന്നുള്ള ആഗ്രഹം വിരാട് കോഹ്ലിയും നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ നിലവിലെ പ്രകടനം നോക്കുമ്പോള്‍ കോഹ്ലിക്ക് ഇനിയും ഭാവിയുണ്ടോയെന്ന കാര്യത്തില്‍ സംശയങ്ങളേറെയാണ്. മികച്ച ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ കോഹ്ലിക്ക് സാധിക്കുന്നുണ്ട്. പക്ഷെ കോഹ്ലിയുടെ പ്രകടനം നിരാശപ്പെടുത്തുന്നതിനാല്‍ മുന്നോട്ട് കൊണ്ടുപോകാന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ തയ്യാറാവുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.