കൊളംബോ: സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടക്കുന്ന മത്സരത്തെക്കുറിച്ച് ഇന്ത്യൻ ട്വന്‍റി20 നായകൻ സൂര്യകുമാർ യാദവ് നടത്തിയ പരാമർശം. പാക്കിസ്ഥാൻ ടീമിനെ "എതിരാളികളായി കാണുന്നില്ല" എന്ന് സൂര്യകുമാർ തുറന്നടിച്ചത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. കൊളംബോയിൽ നടന്നുകൊണ്ടിരിക്കുന്ന വനിതാ ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നതിനിടെയായിരുന്നു സൂര്യകുമാറിന്‍റെ പ്രതികരണം.

ക്രിക്കറ്റിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോരാട്ടങ്ങൾ എപ്പോഴും കൗതുകമുണർത്താറുണ്ട്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ പാകിസ്ഥാൻ ടീമിനെ താൻ എതിരാളികളായി കണക്കാക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 'പോരാട്ടം തുല്യശക്തികൾ തമ്മിലാകുമ്പോൾ മാത്രമാണ് മത്സര വീര്യവും വൈര്യവും പ്രകടമാകുന്നത്. 11-0 എന്ന സ്കോർ നിലയിൽ അവരെ എതിരാളികളായി കാണാനാകില്ല. നമ്മുടെ വനിതാ ടീം മികച്ച പ്രകടനം തുടർന്നാൽ ഇത് 12-0 എന്നാകും,' സൂര്യകുമാർ പറഞ്ഞു.

വനിതാ ഏകദിനത്തിൽ ഇന്ത്യയും പാക്കിസ്ഥാനും ഇതുവരെ കളിച്ച 11 മത്സരങ്ങളിലും വിജയം ഇന്ത്യക്കായിരുന്നു. ഈ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് സൂര്യകുമാർ തന്‍റെ പരാമർശം നടത്തിയത്. നേരത്തെ ഏഷ്യാ കപ്പ് പുരുഷ ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോഴും സമാനമായ പ്രതികരണമാണ് സൂര്യകുമാർ നടത്തിയിരുന്നത്.