അഹമ്മദാബാദ്: ലോക ഒന്നാം നമ്പർ ടി20 ബാറ്ററായ അഭിഷേക് ശർമ്മയ്ക്ക് ഈ ലോകകപ്പിൽ ഇതുവരെ അക്കൗണ്ട് തുറക്കാനായിട്ടില്ല. ബുധനാഴ്ച നെതർലൻഡ്‌സിനെതിരെ നടന്ന മത്സരത്തിലും പൂജ്യത്തിന് പുറത്തായതോടെ താരം കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് കടന്നുപോകുന്നത്. ഈ ടൂർണമെന്റിൽ അമേരിക്കയ്ക്കും പാകിസ്ഥാനുമെതിരെയും താരം പൂജ്യത്തിനാണ് പുറത്തായത്.

ഭാഗ്യം തേടി സിറാജിന്റെ ജേഴ്സി; എന്നിട്ടും ഫലം 'സീറോ'

തന്റെ മോശം ഫോം മറികടക്കാൻ ഒരു ഭാഗ്യപരീക്ഷണവുമായാണ് അഭിഷേക് ഇന്ന് ക്രീസിലിറങ്ങിയത്. സഹതാരം മുഹമ്മദ് സിറാജിന്റെ ജേഴ്സിയണിഞ്ഞാണ് അഭിഷേക് ബാറ്റിംഗിനെത്തിയത്. "ഭാഗ്യം മാറാൻ വേണ്ടി വ്യത്യസ്തമായ ജേഴ്സി," എന്നായിരുന്നു ഇംഗ്ലീഷ് മുൻ നായകൻ നാസർ ഹുസൈൻ കമന്ററിയിൽ ഇതിനെ വിശേഷിപ്പിച്ചത്. എന്നാൽ മൂന്ന് പന്തുകൾ മാത്രം നേരിട്ട അഭിഷേക് ആര്യൻ ദത്തിന്റെ പന്തിൽ ക്ലീൻ ബൗൾഡായി മടങ്ങിയപ്പോൾ നാസർ ഹുസൈന് പോലും വിശ്വസിക്കാനായില്ല. "വിശ്വസിക്കാനാവുന്നുണ്ടോ? ലോക ഒന്നാം നമ്പർ താരം 0, 0, 0 എന്നീ സ്കോറുകളിലാണ് ലോകകപ്പ് തുടങ്ങുന്നത്," അദ്ദേഹം പറഞ്ഞത്.

ഗവാസ്കറുടെ നിരീക്ഷണം

ആദ്യ പന്ത് മുതൽ അടിച്ചുതകർക്കുക എന്ന തന്റെ പ്രതിച്ഛായ നിലനിർത്താനുള്ള ശ്രമമാണ് അഭിഷേകിന് തിരിച്ചടിയായതെന്ന് സുനിൽ ഗവാസ്കർ നിരീക്ഷിച്ചു. "ആദ്യ പന്തുകളിൽ റൺസ് ലഭിക്കാതെ വന്നത് സമ്മർദ്ദം കൂട്ടി. സിക്സറിലൂടെ അക്കൗണ്ട് തുറക്കാനുള്ള ശ്രമമാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്," ഗവാസ്കർ പറഞ്ഞു.

തിരിച്ചടികളുടെ പരമ്പര

അമേരിക്കയ്ക്കെതിരായ മത്സരത്തിന് ശേഷം കടുത്ത പനിയും ഉദരസംബന്ധമായ അണുബാധയും മൂലം അഭിഷേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതുമൂലം ഡൽഹിയിൽ നടന്ന നമീബിയക്കെതിരായ മത്സരം താരത്തിന് നഷ്ടമായിരുന്നു. ഈ വർഷം ടി20യിൽ ഇത് അഞ്ചാം തവണയാണ് അഭിഷേക് പൂജ്യത്തിന് പുറത്താകുന്നത്. നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കുൽദീപ് യാദവ്, അക്സർ പട്ടേൽ എന്നിവർക്ക് പകരം അർഷ്ദീപ് സിംഗ്, വാഷിംഗ്ടൺ സുന്ദർ എന്നിവരെ ഉൾപ്പെടുത്തി രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്.