- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോവയിലേക്ക് പോയാല്‍ ക്രിക്കറ്റ് ഭാവിയെ കുറിച്ച് ആശങ്ക; യശസ്വി ജയ്സ്വാള്‍ തീരുമാനം തിരുത്തി; ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈക്കായി കളി തുടരും!
ഗോവയിലേക്ക് പോയാല്‍ ക്രിക്കറ്റ് ഭാവിയെ കുറിച്ച് ആശങ്ക; യശസ്വി ജയ്സ്വാള്‍ തീരുമാനം തിരുത്തി
മുംബൈ: ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈക്കായി കളിക്കുന്നത് തുടരും. മുംബൈ വിട്ട് ഗോവന്‍ ടീമിലേക്ക് ചേക്കാറാനുള്ള നീക്കം താരം വേണ്ടെന്ന് വെച്ച്. ഇതുമായി ബന്ധപ്പെട്ട് മുംബൈ ക്രിക്കറ്റ് അസോസിയേഷന് (എം.സി.എ) എന്‍.ഒ.സി ആവശ്യപ്പെട്ട് നല്‍കിയ കത്ത് പിന്‍വലിക്കാനുള്ള താരത്തിന്റെ അപേക്ഷ അസോസിയേഷന്‍ സ്വീകരിച്ചു. ഇക്കാര്യം എം.സി.എ അധ്യക്ഷന്‍ അജിങ്ക്യ നായിക് സ്ഥിരീകരിച്ചു.
രാജ്യത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് പ്രതിഭകളില്‍ ഒരാള്‍ മുംബൈയില്‍ തന്നെ തുടരുന്നതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു. 'യശസ്വി മുംബൈ ക്രിക്കറ്റിന്റെ അഭിമാന താരമാണ്. എന്‍.ഒ.സി പിന്‍വലിക്കാനുള്ള അദ്ദേഹത്തിന്റെ അപേക്ഷ ഞങ്ങള്‍ സ്വീകരിച്ചു, വരാനിരിക്കുന്ന ആഭ്യന്തര സീസണില്‍ താരം മുംബൈക്കുവേണ്ടി കളിക്കും' -അജിങ്ക്യ നായിക് പ്രതികരിച്ചു.
കഴിഞ്ഞ ഏപ്രിലിലാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് ജയ്‌സ്വാള്‍ മുംബൈ വിട്ട് ഗോവന്‍ ടീമിലേക്ക് മാറാനുള്ള വാര്‍ത്ത പുറത്തുവരുന്നത്. വര്‍ഷങ്ങളായി ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈക്കുവേണ്ടി കളിക്കുന്ന ഇന്ത്യന്‍ ഓപ്പണറുടെ തീരുമാനം അപ്രതീക്ഷിതമായിരുന്നു.വ്യക്തിപരമായ കാരണങ്ങളാല്‍ ജയ്‌സ്വാള്‍ മുംബൈ വിടുകയാണെന്ന് മാത്രമാണ് അന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രതികരിച്ചത്. താരവും വാര്‍ത്ത സ്ഥിരീകരിച്ചു.
'എനിക്കിത് ഏറെ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമായിരുന്നു. ഇന്ന് ഞാന്‍ എന്താണോ അതിന് കാരണം മുംബൈയാണ്. എന്നെ ഞാനാക്കിയത് ഈ നഗരമാണ്, എന്റെ ജീവിതകാലം മുഴുവന്‍ എം.സി.എയോട് കടപ്പെട്ടിരിക്കും' -ജയ്സ്വാള്‍ പറഞ്ഞു. ജയ്‌സ്വാളിന്റെ ടീം മാറ്റത്തിനു പിന്നില്‍ മുംബൈ മാനേജ്‌മെന്റുമായുള്ള ഭിന്നതയാണെന്ന തരത്തില്‍ അഭ്യൂഹങ്ങളും വന്നു.
രഞ്ജി ട്രോഫിയില്‍ ജമ്മു കശ്മീരിനെതിരായ മത്സരത്തില്‍ രണ്ടാം ഇന്നിങ്‌സിനിടെ ടീമിലെ മുതിര്‍ന്ന താരവുമായി തര്‍ക്കമുണ്ടായിരുന്നു. ജയ്‌സ്വാളിന്റെ ഷോട്ട് സെലക്ഷനെ മുതിര്‍ന്ന താരം ചോദ്യം ചെയ്തതോടെയാണ് അസ്വാരസ്യങ്ങള്‍ തുടങ്ങുന്നത്. ഇതിനു മറുപടിയായി ഒന്നാം ഇന്നിങ്‌സില്‍ മുതിര്‍ന്ന താരം കളിച്ച ഷോട്ടിനെയും ജയ്‌സ്വാള്‍ ചോദ്യം ചെയ്തിരുന്നു. അവസരങ്ങള്‍ കുറഞ്ഞതോടെ ക്രിക്കറ്റ് ഇതിഹാസം സചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുനും സിദ്ദേശ് ലാഡും മുംബൈ വിട്ട് ഗോവ ടീമിലേക്ക് മാറിയിരുന്നു.