ഇന്ത്യന്‍ താരം യുസ്‌വേന്ദ്ര ചഹലും ഭാര്യ ധനശ്രീ വര്‍മയും വിവാഹമോചിതരാകുകയാണ് എന്നതാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. രണ്ട് പേരുടെയും ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് ചിത്രങ്ങള്‍ നീക്കം ചെയ്തതാണ് ഇരുവരും വിവാഹമോചനത്തിലേക്ക് കടക്കുകയാണെന്ന വാര്‍ത്ത പുറത്ത് വരുന്നത്. ഈ സംഭവത്തില്‍ ധനശ്രീ വിവാഹ മോചന അഭ്യൂഹങ്ങളില്‍ കഴിഞ്ഞ ദിവസം പ്രതികരം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് യുസ്‌വേന്ദ്ര ചഹലും.

ഊഹാപോഹങ്ങള്‍ തനിക്കും കുടുംബത്തിനും വലിയ വേദനയുണ്ടാക്കിയെന്ന് ചഹല്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. എന്റെ എല്ലാ ആരാധകരുടെയും അചഞ്ചലമായ സ്‌നേഹത്തിനും പിന്തുണയ്ക്കും ഞാന്‍ നന്ദിയുള്ളവനാണ്, ഇല്ലെങ്കില്‍ ഞാന്‍ ഇത്രയും ദൂരം വരില്ലായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ എന്നെ ഏറെ വേദനിപ്പിക്കുന്നു, ഞാന്‍ ഒരു സ്‌പോര്‍ട്‌സ് താരമാണ് എന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നു, അത് പോലെ തന്നെ ഞാന്‍ ഒരു മകനാണ്, ഒരു സഹോദരനാണ്, ദയവ് ചെയ്ത് വിവാദങ്ങളിലേക്ക് വലിച്ചിടരുത്, ചഹല്‍ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം അഭ്യൂഹങ്ങളിലും ചര്‍ച്ചകളിലും പ്രതികരണവുമായി ഭാര്യ ധനശ്രീ വര്‍മ രംഗത്തെത്തിയിരുന്നു. യുട്യൂബറും നര്‍ത്തകിയുമായ ധനശ്രീ വര്‍മ ചഹലിനൊപ്പമുള്ള നാല് വര്‍ഷത്തെ വിവാഹബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങള്‍ വന്നതിന് പിന്നാലെ ധനശ്രീക്കെതിരെ രൂക്ഷമായ ട്രോളുകളും അധിക്ഷേപകരമായ കമന്റുകളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇതിനെതിരെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ധനശ്രീ പ്രതികരണമറിയിച്ചത്.