സാഫ് കപ്പും ഇന്റര്‍കോണ്ടിനെന്റല്‍ കപ്പും ത്രിരാഷ്ട്ര കപ്പും നേടി 2023 കലണ്ടര്‍ വര്‍ഷത്തില്‍ ചരിത്രത്തിലാദ്യമായി ഫിഫ റാങ്കിങ്ങില്‍ ആദ്യ നൂറിലെത്തിയ ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീം 2024 പിന്നിടുമ്പോള്‍ പിന്നോട്ട് കുതിക്കുകയാണ്. കഴിഞ്ഞ ഏഴ് വര്‍ഷത്തെ ഏറ്റവും മോശം റാങ്കിങ്ങായ 127-ാം സ്ഥാനത്താണ് ഇന്ത്യന്‍ ടീം ഇപ്പോള്‍. ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെ സംബന്ധിച്ചിടത്തോളം ഓര്‍ത്തുവയ്ക്കാന്‍ ഒന്നുമില്ലാതെയാണ് ഒരുവര്‍ഷം പിന്നിടുന്നത്.

2024 കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യ കളിച്ച പതിനൊന്ന് മത്സരങ്ങളില്‍ ഒന്നില്‍ പോലും ഇന്ത്യയ്ക്ക് ജയിക്കാനായില്ല. ആറ് മത്സരങ്ങളില്‍ തോറ്റപ്പോള്‍ അഞ്ച് മത്സരങ്ങള്‍ സമനിലയിലായി. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിലും വേള്‍ഡ് കപ്പ് ക്വാളിഫെയറിലും എ എഫ് സി ഏഷ്യന്‍ കപ്പിലും സമ്പൂര്‍ണ്ണ പരാജയമായി. ആകെ പതിനൊന്ന് മത്സരങ്ങളില്‍ നിന്ന് പതിനഞ്ച് ഗോളുകള്‍ വഴങ്ങിയപ്പോള്‍ എതിര്‍ ടീമിന്റെ പോസ്റ്റിലേക്ക് അടിക്കാനായത് വെറും നാല് ഗോള്‍ മാത്രം. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2014 ലാണ് ഒരു ജയം പോലുമില്ലാതെ ഇന്ത്യന്‍ ഫുട്‌ബോള്‍ ഒരു കലണ്ടര്‍ വര്‍ഷം കടന്നത്. അന്ന് രണ്ട് മത്സരങ്ങള്‍ മാത്രമായിരുന്നു ഇന്ത്യ കളിച്ചിരുന്നത്.

2023 കലണ്ടര്‍ വര്‍ഷത്തില്‍ പതിനാല് മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. അതില്‍ പത്ത് മത്സരങ്ങളും ജയിക്കാനായി. രണ്ട് മത്സരങ്ങള്‍ സമനിലയായപ്പോള്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണ് തോറ്റത്. 20 ഗോളുകള്‍ നേടാനായപ്പോള്‍ വഴങ്ങിയത് ഒമ്പത് ഗോളുകളായിരുന്നു. എന്നാല്‍ 2024 ലേക്ക് കടന്നപ്പോഴേക്കും കഥയെല്ലാം മാറി. ഗോള്‍ വരള്‍ച്ചയും തോല്‍വിയുമായി ഇന്ത്യന്‍ ഫുട്‌ബോള്‍ പിന്നോട്ടാണ് യാത്ര.

കഴിഞ്ഞ 10 വര്‍ഷമായി ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ നല്ല മുന്നേറ്റം നടത്തിയെന്നതു കണക്കുകളില്‍ തെളിയുന്ന കാര്യം. ഏഷ്യയിലെ രണ്ടാം നിര ടീമുകളില്‍ ഏറ്റവും മികച്ച പുരോഗതി ഉണ്ടാക്കിയ ടീമുകളിലൊന്നാണ് ഇന്ത്യ. 2013 ഡിസംബറില്‍ 154ാം സ്ഥാനത്തായിരുന്നു ഇന്ത്യ. നിലവില്‍ 127ാം സ്ഥാനത്താണ്. ഇടക്കാലത്ത് 2018 ഡിസംബറില്‍ 97ാം സ്ഥാനം വരെയെത്താനും ഇന്ത്യയ്ക്കായിരുന്നു.





ചെറിയ ടീമുകളോട് പോലും തോല്‍വി

ഫിഫ റാങ്കിങ്ങില്‍ 179-ാം സ്ഥാനത്തുള്ള മൗറീഷ്യസിനെതിരേയായിരുന്നു ഈ വര്‍ഷത്തെ ഇന്റര്‍കോണ്ടിനെന്റല്‍ ടൂര്‍ണമെന്റിലെ ആദ്യ മത്സരം. ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുന്നേറ്റനിര പൂര്‍ണ്ണമായും പരാജയപ്പെട്ടു. ഗോള്‍ നേടിയില്ലെന്ന് മാത്രമല്ല, ഗോളിലേക്കുള്ള ശ്രമങ്ങള്‍ സൃഷ്ടിക്കാനും താരങ്ങള്‍ക്ക് കഴിഞ്ഞില്ല. ഇതിലും മോശമായി കളിക്കാന്‍ ഒരു ടീമിനും കഴിയില്ല എന്നാണ് ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെ കുറിച്ച് മത്സര ശേഷം പുതിയ പരിശീലകന്‍ മാര്‍ക്വേസ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

സിറിയയോട് നടന്ന നിര്‍ണായക മല്‍സരത്തിലും തോറ്റു. 2007 ലും 2009 ലും സിറിയയെ തോല്‍പ്പിച്ച് നെഹ്‌റു കപ്പ് നേടിയിട്ടുള്ള ഇന്ത്യ കലണ്ടര്‍ വര്‍ഷത്തില്‍ ആശ്വാസ ജയവും കിരീടവും നേടാനുള്ള സുവര്‍ണാവസരവും പാഴാക്കി. അതിന് മുമ്പ് നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഫിഫ റാങ്കിങ്ങില്‍ 151-ാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റപ്പോള്‍ 131-ാം സ്ഥാനത്തുള്ള കുവൈത്തുമായി ഗോള്‍ രഹിത സമനിലയിലായി. ഉസ്ബക്കിസ്ഥാനോടും സിറിയയോടും ഖത്തറിനോടും ഓസ്‌ട്രേലിയയോടും സമാനമായ രീതിയില്‍ തോല്‍വി വഴങ്ങി.

11 മത്സരങ്ങളിലാണ് 2024ല്‍ ഇന്ത്യ കളത്തിലിറങ്ങിയത്. ഇതില്‍ ഓസ്‌ട്രേലിയ, ഉസ്‌ബെക്കിസ്ഥാന്‍, അഫ്ഗാനിസ്താന്‍, ഖത്തര്‍ എന്നീ ടീമുകളോട് ഓരോ തവണയും സിറിയയോട് രണ്ട് തവണയും ഇന്ത്യ പരാജയപ്പെട്ടു. അഫ്ഗാന്‍, കുവൈത്ത്, മൗറീഷ്യസ്, വിയറ്റ്‌നാം, മലേഷ്യ എന്നീ രാജ്യങ്ങളോട് സമനിലയും വഴങ്ങി.

ജൂലൈ 20ന് ഇഗോള്‍ സ്റ്റിമാക്കിന് പകരക്കാരനായി സ്പാനിഷ് പരിശീലകന്‍ മനോലോ മാര്‍ക്വസ് ചുമതലയേറ്റെടുത്തിട്ടും ടീമിന്റെ പ്രകടനത്തില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ല. ഫിഫ റാങ്കിങ്ങില്‍ 133ാം സ്ഥാനക്കാരായ മലേഷ്യയോട് പോലും വിജയിക്കാനാകാത്തത് ആരാധകര്‍ക്ക് വലിയ നിരാശയാണ് നല്‍കുന്നത്. ഫിഫ റാങ്കിങ്ങിലെ 151ാംസ്ഥാനക്കാരായ അഫ്ഗാനിസ്താനോടും ഇന്ത്യ പരാജയപ്പെട്ടു.

യോഗ്യത മത്സരങ്ങളിലെ നിരാശാജനകമായ പ്രകടനത്തോടെ 2026ലെ ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതയും ഇന്ത്യക്ക് നഷ്ടമായിരുന്നു. 2023 നവംബര്‍ 16ന് ലോകകപ്പ് യോഗ്യത മത്സരത്തില്‍ കുവൈത്തിനെ തോല്‍പ്പിച്ചതാണ് ഇന്ത്യയുടെ അവസാന ജയം.




ഛേത്രി ബൂട്ടഴിച്ചു, പകരക്കാരനില്ലാതെ ഇന്ത്യന്‍ ടീം

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ഇന്ത്യന്‍ ഫുട്‌ബോളില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് പത്ത് സീസണുകള്‍ കഴിഞ്ഞിട്ടും ഛേത്രിയെ പോലൊരു താരത്തിന് പകരക്കാരനെ കണ്ടെത്താന്‍ ഇന്ത്യന്‍ ഫുട്‌ബോളിന് കഴിഞ്ഞില്ല എന്നത്. 151 കളിയില്‍ നിന്ന് 94 ഗോളുമായി രാജ്യാന്തര ഗോള്‍ വേട്ടയില്‍ സാക്ഷാല്‍ മെസ്സിക്കും റൊണാള്‍ഡോക്കും പിന്നില്‍ നില്‍ക്കുന്ന ഛേത്രിക്ക് അടുത്തെത്താന്‍ പോലും ആര്‍ക്കും കഴിഞ്ഞില്ല. നീണ്ട കരിയറിനവസാനം 2024 ല്‍ അദ്ദേഹം കളമൊഴിഞ്ഞപ്പോള്‍ ഗോളടിക്കാനും മുന്നേറ്റത്തില്‍ മുന്നേ ഓടുവാനും പകരക്കാരന്‍ ആരുണ്ട് എന്ന ചോദ്യം കൂടിയാണ് ബാക്കിയായത്. അതിന് ഉത്തരം കണ്ടെത്താന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഇനിയും ഒരുപാട് സഞ്ചരിക്കേണ്ടി വരും.

ഫോര്‍വേഡ്, ബാക്ക്വേഡ്

ഏഷ്യന്‍ ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് അഭിമാനമായി ഉയര്‍ത്തിക്കാണിക്കാനുള്ള ഒരേയൊരു പേരേയുള്ളൂ സുനില്‍ ഛേത്രി. സജീവ ഫുട്‌ബോളര്‍മാരില്‍ രാജ്യാന്തര ഗോള്‍നേട്ടത്തില്‍ ലോകത്ത് മൂന്നാമനും ഏഷ്യയില്‍ ഒന്നാമനുമാണ് ഛേത്രി. എന്നാല്‍ ഗോള്‍ എണ്ണത്തിലോ (93) മത്സരപരിചയത്തിലോ (146) മുപ്പത്തൊന്‍പതുകാരന്‍ ഛേത്രിക്ക് അടുത്തെങ്ങുമില്ല ഇന്ത്യന്‍ ടീമിലെ മറ്റു ഫോര്‍വേഡുകള്‍.

7 ഗോള്‍ വീതം മാത്രം പേരിലുള്ള മന്‍വീര്‍ സിങ്ങും ലാലിയന്‍സുവാല ഛാങ്‌തെയുമാണ് ഗോള്‍നേട്ടത്തില്‍ ഇന്ത്യന്‍ ടീമിലെ രണ്ടാമന്‍മാര്‍. ഡിഫന്‍ഡര്‍ സന്ദേശ് ജിങ്കാനാണ് ഇക്കാര്യത്തില്‍ മൂന്നാമന്‍ (5 ഗോള്‍). ഇന്ത്യന്‍ ഫുട്‌ബോളിലെ 'ഗോള്‍ സ്‌കോറര്‍ ക്ഷാമം' ഇതോടെ വ്യക്തമാകും. പല ഐഎസ്എല്‍ ക്ലബ്ബുകളിലും ഇന്ത്യന്‍ ഫോര്‍വേഡുകള്‍ക്ക് പ്ലേയിങ് ഇലവനില്‍ പോലും അവസരം കിട്ടുന്നില്ല. മിക്ക ക്ലബ്ബുകളും വിദേശ സ്‌ട്രൈക്കര്‍മാരെയാണ് നിയോഗിക്കുന്നത്.

നക്ഷത്ര ഫലം നോക്കിയ പരിശീലകന്‍

2019 മുതല്‍ ഈ അടുത്ത് വരെ ടീമിന്റെ പരിശീലക സ്ഥാനത്തുണ്ടായിരുന്ന ഇഗോര്‍ സ്റ്റിമാച്ച് പിടിച്ച പുലിവാലാണ് മറ്റൊന്ന്. ടീം ഇലവന്‍ തിരഞ്ഞെടുപ്പിന് സ്റ്റിമാച്ച് ഫെഡറേഷനില്‍ നിന്ന് കോടികള്‍ ചിലവഴിച്ച് ജ്യോതിഷിയെ നിയമിച്ചതാണ് വിവാദമായത്. പെര്‍ഫോമന്‍സിനും ഫിറ്റ്‌നസിനും അപ്പുറം ജ്യോതിഷി ഭൂപേഷ് ശര്‍മ്മയുടെ നിര്‍ദേശപ്രകാരം താരങ്ങളുടെ നക്ഷത്ര ഫലത്തിനായിരുന്നു സ്റ്റിമാച്ച് പ്രാധാന്യം കൊടുത്തിരുന്നത്.

അറ്റാക്കിങ്, ഡിഫന്‍ഡിങ്, സബ്‌സിറ്റൂഷ്യന്‍ പോളിസി വരെ തീരുമാനിച്ചത് ഭൂപേഷിന്റെ കവടിയിലെ ഗ്രഹനിലയ്ക്ക് അനുസരിച്ചായിരുന്നു. ഫുട്‌ബോള്‍ ഫെഡറേഷന്റെ അഖിലേന്ത്യ സെക്രട്ടറി തന്നെയായിരുന്നു ഇതിന് ഒത്താശ നല്‍കിയത് എന്നതാണ് ഏറ്റവും ദയനീയത. സംഭവം വലിയ വിവാദമാവുകയും ഭൂപേഷും സ്റ്റിമാച്ചും തമ്മിലുള്ള സന്ദേശങ്ങള്‍ പുറത്ത് വരുകയും ചെയ്തെങ്കിലും ഫെഡറേഷന്‍ അന്ന് സ്റ്റിമാച്ചിനെ സംരക്ഷിക്കുകയും കരാര്‍ വീണ്ടും നീട്ടി കൊടുക്കുകയും ചെയ്തു.

മുന്‍നിര രാജ്യങ്ങളും ക്ലബുകളും ലീഗുകളും ടീമുകളുടെയും താരങ്ങളുടെയും പെര്‍ഫോമന്‍സ് അനാലിസിസിലും ഫോര്‍മേഷന്‍ സ്ട്രാറ്റജിയിലുമൊക്കെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ കൂടി സാധ്യതകള്‍ ഉപയോഗിക്കുമ്പോയായിരുന്നു കവടി നിരത്തിയുള്ള ഇന്ത്യന്‍ ഫുട്‌ബോളിന്റെ കളി. ഒടുവില്‍ തുടര്‍ച്ചയായ തോല്‍വികളില്‍ കായിക പ്രേമികളുടെ വ്യാപക പ്രതിഷേധമുയര്‍ന്നതോടെ കഴിഞ്ഞ മാസം എഐഎഫ്എഫ് സ്റ്റിമാച്ചിനെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റി.

2026 വരെയുള്ള കാരാര്‍ തനിക്കുണ്ടായിരുന്നുവെന്നും നഷ്ടപരിഹാരം നല്കണമെന്നുമാവശ്യപ്പെട്ട് ക്രൊയേഷ്യന്‍ പരിശീലകന്‍ നിയമ നടപടിക്കൊരുങ്ങി. അവസാനം നാല്പത് ലക്ഷം ഡോളര്‍ (ഏകദേശം 3.36 കോടി) രൂപ നഷ്ടപരിഹാരമായി നല്‍കാമെന്ന് സമ്മതിച്ച് എഐഎഫ്എഫ് തടി തപ്പി.

പരാജയങ്ങളിലേക്ക് കൂപ്പുകുത്തിയപ്പോഴായിരുന്നു ഇഗോര്‍ സ്റ്റിമാച്ചിന് പകരം സ്പാനിഷ് പരിശീലകനായ മനോള മാര്‍ക്വേസിനെ തല്‍സ്ഥാനത്ത് പ്രതിഷ്ഠിച്ചത്. എന്നിട്ടും കാര്യമായ ഫലമുണ്ടായില്ല. ലോകകപ്പ് യോഗ്യതയുടെ ഫൈനല്‍ റൗണ്ടിലേക്ക് ടീമിനെ നയിക്കാന്‍ കഴിയാത്തതായിരുന്നു ക്രൊയേഷ്യക്കാരന്‍ സ്റ്റിമാച്ച് തെറിക്കാനുണ്ടായ കാരണം. എന്നാല്‍ ശരാശരി ടീമുമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്സി ഗോവയെ കിരീടത്തിലെത്തിച്ച മനോളയ്ക്ക് പക്ഷെ ദേശീയ ടീമില്‍ കാര്യമായ ഇമ്പാക്ട് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.

2018 ലോകകപ്പില്‍ ഫിഫ കൊണ്ട് വന്ന് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ലോകത്തെ ഒട്ടുമിക്ക എല്ലാ ലീഗുകളും നടപ്പിലാക്കിയ വാര്‍ സംവിധാനം 2024 ലും ഇന്ത്യയിലിലില്ല.




വിവാദ സെല്‍ഫ് ഗോളുകള്‍

ഇന്ത്യന്‍ ടീമിനായി താരങ്ങള്‍ ഗോളുകള്‍ നേടുന്നതില്‍ വരള്‍ച്ച നേരിട്ടെങ്കിലും വിവാദ സെല്‍ഫ് ഗോളുകളാല്‍ സമ്പന്നമായിരുന്നു ഇന്ത്യന്‍ ഫുട്‌ബോളിന്റെ 2024 കലണ്ടര്‍ വര്‍ഷം. ലൈംഗികാതിക്രമവും വനിത താരങ്ങള്‍ക്ക് നേരെ കയ്യേറ്റവും അഴിമതിയും ജ്യോതിഷ വിവാദവുമടക്കം പിറകോട്ടാണ് ഇന്ത്യയില്‍ ഇക്കാലയളവില്‍ ഫുട്‌ബോള്‍ ഉരുണ്ട് നീങ്ങിയത്. മാര്‍ച്ചില്‍ ഗോവയില്‍ സമാപിച്ച ഇന്ത്യന്‍ വിമന്‍സ് ലീഗില്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായ ദീപക് ശര്‍മ്മ ഹോട്ടല്‍ റൂമില്‍ കയറി വനിതാ താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച സംഭവം ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു.

ടീം യാത്രകളില്‍ പരസ്യമായി മദ്യപിക്കുകയും ലഹരിയുപയോഗിക്കുകയും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നതായി താരങ്ങള്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ എഐഎഫ്എഫ് തുടക്കത്തില്‍ തയ്യാറായിരുന്നില്ല. ശേഷം ഉയര്‍ന്ന വ്യാപക പ്രതിഷേധത്തിനൊടുവില്‍ അദ്ദേഹത്തെ പിന്നീട് സസ്പെന്‍ഡ് ചെയ്തു. സമാനമായ സംഭവം 2024 ന്റെ തുടക്കത്തിലുമുണ്ടായിരുന്നു. ഇത്തവണ താരങ്ങള്‍ക്ക് പകരം ഐഐഎഫ്എഫ് ഹെഡ്ക്വാര്‍ട്ടേഴ്സിലെ ജീവനക്കാരി തന്നെയാണ് അതിക്രമത്തിനിരയായത്. ഇന്റേണല്‍ കമ്മറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഐഎഫ്എഫിലെ മുതിര്‍ന്ന ജീവനക്കാരനെ പിന്നീട് സസ്പെന്‍ഡ് ചെയ്തു.




അഴിമതി ആരോപണവും

ഈ രണ്ട് വിവാദങ്ങള്‍ക്ക് പുറമെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് കല്യാണ്‍ ചൗബേ അഴിമതിയാരോപണങ്ങളില്‍ പെട്ടതും കളങ്കമായി. ഫെഡറേഷന്റെ നിയമ ഉപദേഷ്ടാവ് നിലഞ്ജന്‍ ഭട്ടാചാരി തന്നെയാണ് പ്രസിഡന്റിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി രംഗത്തെയിരുന്നത്. ടെന്‍ഡര്‍ നല്‍കുന്നതിലും കരാര്‍ നല്‍കുന്നതിലും കല്യാണ്‍ ചൗബേ കോടികളുടെ അഴിമതി നടത്തിയതായി നിലഞ്ജന്‍ ഭട്ടാചാരി മോദിക്ക് തുറന്ന കത്തെഴുതിയിരുന്നെങ്കിലും ചൗബേ ഇപ്പോഴും പ്രസിഡന്റ് സ്ഥാനത്ത് തന്നെ തുടരുകയാണ്. നേരത്തെ ഫെഡറേഷന്റെ ഔദ്യോഗിക ക്രെഡിറ്റ് കാര്‍ഡുകള്‍ പേഴ്സണല്‍ ആവശ്യത്തിനായി ചൗബേ ഉപയോഗിക്കുന്നുവെന്നാരോപിച്ച് ആന്ധ്രാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് രംഗത്തെത്തിയിരുന്നു

ഫലം കാണാതെ ഐ എസ് എല്‍ - ഐ ലീഗ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഓരോ സീസണ്‍ പിന്നിടുമ്പോഴും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതുമുഖ താരങ്ങളെ സമ്മാനിക്കുന്നത് പതിവാകുമ്പോള്‍ കൊട്ടിഘോഷിക്കപ്പെട്ട ഇന്ത്യന്‍ സൂപ്പര്‍ ലീഗും ഐ ലീഗും ഇന്ത്യന്‍ ഫുട്‌ബോളിന് എന്തു നല്‍കുന്നു എന്ന ചോദ്യം ബാക്കിയാണ്. ഇന്ത്യയിലെ പ്രധാന ലീഗായ ഐഎസ്എല്‍ ക്ലബുകള്‍ക്ക് വരെ ഗ്രാസ് റൂട്ട് ലെവലില്‍ അക്കാദമികളില്ല. ക്ലബുകളുടെ അംഗീകാരത്തിന് ഗ്രാസ്‌റൂട്ട് പ്രവര്‍ത്തനങ്ങള്‍ നിര്‍ബന്ധമാണെന്ന ഫിഫ നിയമം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ഇത്.

ഐ ലീഗ് ടൂര്‍ണമെന്റും ഡ്യൂറന്‍ഡ് കപ്പും ശവമഞ്ചലിലേറിയിട്ട് വര്‍ഷങ്ങളായി. റാങ്കിങ്ങില്‍ ഇന്ത്യയേക്കാള്‍ ഏറെ പിന്നിലുണ്ടായിരുന്ന രാജ്യങ്ങളും രാജ്യത്തെ ഒരു ജില്ലയുടെ വലിപ്പമുള്ള രാജ്യങ്ങളും അടുത്ത കാലത്ത് ലോകഫുട്‌ബോളില്‍ മുന്നേറ്റമുണ്ടാക്കുമ്പോള്‍ ജനസംഖ്യയില്‍ ഒന്നാമതുള്ള ഇന്ത്യ മികച്ചൊരു പതിനൊന്നംഗ സംഘത്തെ കണ്ടെത്താതെ മുടന്തുകയാണ്.

ക്ലബ്ബുകളും പോര

ഏഷ്യന്‍ കപ്പിനു പിന്നാലെ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനു മുന്നില്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിശദീകരണമായി പറഞ്ഞ ഒരു കാര്യം ഏഷ്യന്‍ മത്സരങ്ങളില്‍ ഇന്ത്യന്‍ ക്ലബ്ബുകളുടെ പ്രകടനവും മോശമാണ് എന്നതാണ്. ഏഷ്യയിലെ രണ്ടാം നിര ക്ലബ് ചാംപ്യന്‍ഷിപ്പായ എഎഫ്‌സി കപ്പില്‍ ഒരു ഇന്ത്യന്‍ ക്ലബ് മാത്രമാണ് ഇന്നേവരെ ഫൈനല്‍ കളിച്ചിട്ടുള്ളത്. 2016ല്‍ ബെംഗളൂരു എഫ്‌സി. ഫൈനലില്‍ ഇറാഖില്‍ നിന്നുള്ള എയര്‍ഫോഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബിനോടു തോറ്റു. സിറിയ, ലബനന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ക്ലബ്ബുകള്‍ ഒരു തവണയെങ്കിലും എഎഫ്‌സി കപ്പില്‍ ജേതാക്കളായിട്ടുണ്ട്. പക്ഷേ ഏറ്റവും പഴക്കമുള്ള ക്ലബ്ബുകളായ മോഹന്‍ ബഗാനോ ഈസ്റ്റ് ബംഗാളിനോ ഇതുവരെ ഏഷ്യയില്‍ ചലനം സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല.