- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാസിര്‍ സാബിരിയുടെ ഇരട്ടഗോള്‍ പ്രഹരം; അര്‍ജന്റീനയുടെ 'കൗമാരഹൃദയം' തകര്‍ത്ത് മൊറോക്കോയുടെ സ്വപ്നക്കുതിപ്പ്; അണ്ടര്‍ 20 ഫുട്‌ബോള്‍ ലോകകപ്പ് കിരീടം സ്വന്തമാക്കി ആഫ്രിക്കന്‍ യുവനിര; ഘാനയ്ക്ക് ശേഷം ലോകകിരീടം നേടുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യം
ഫിഫ അണ്ടര്‍ 20 ലോകകപ്പ്: അര്‍ജന്റീനയെ കീഴടക്കി മൊറോക്കോ ചാമ്പ്യന്മാര്
സാന്റിയാഗോ: അണ്ടര്‍ 20 ഫുട്‌ബോള്‍ ലോകകപ്പില്‍ അര്‍ജന്റീനയെ കീഴടക്കി മൊറോക്കോ ചാംപ്യന്മാര്‍. ചിലിയില്‍ നടന്ന ഫൈനലില്‍ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് മൊറൊക്കൊയുടെ ചരിത്രജയം. പോര്‍ച്ചുഗീസ് ഒന്നാം ഡിവിഷന്‍ ലീഗില്‍ കളിക്കുന്ന യാസിര്‍ സാബിരി ആദ്യ പകുതിയില്‍ നേടിയ ഇരട്ട ഗോളുകളാണ് വിജയികളെ നിര്‍ണയിച്ചത്. പന്ത്രണ്ടാ മിനിറ്റിലും 29-ാം മിനിറ്റിലുമായിരുന്നു സിബിരിയുടെ ഇരട്ട പ്രഹരം. ടൂര്‍ണമെന്റില്‍ അഞ്ച് ഗോളുകള്‍ നേടിയ സാബിരിയാണ് ആഫ്രിക്കന്‍ കൗമാരനിരയുടെ സ്വപ്‌ന കുതിപ്പിന് ജീവന്‍ പകര്‍ന്നത്.
കലാശപ്പോരില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ആഫ്രിക്കന്‍ കരുത്തര്‍ അര്‍ജന്റീനയെ മുട്ടുകുത്തിച്ചത്. 12-ാം മിനിറ്റില്‍ നിര്‍ണായകമായ പെനാല്‍റ്റിയിലൂടെ യാസിര്‍ സാബിരിയാണ് മൊറോക്കോയ്ക്ക് ആദ്യം ലീഡ് നല്‍കിയത്. 29-ാം മിനിറ്റില്‍ ഒത്മാന്‍ മാമയില്‍ നിന്ന് ലഭിച്ച പാസ് ഗോളാക്കി മാറ്റി സബിരി വീണ്ടും അര്‍ജന്റീനയെ ഞെട്ടിച്ചു. രണ്ടാം പകുതിയില്‍ സര്‍വസന്നാഹങ്ങളുമായി അര്‍ജന്റീന്‍ താരങ്ങള്‍ മൊറോക്കന്‍ ഗോള്‍ മുഖത്തേക്ക് ഇരച്ചെത്തിയെങ്കിലും ഗോള്‍മാത്രം പിറന്നില്ല. ഇതോടെ മൊറോക്കോ ചരിത്രവിജയം നേടുകയായിരുന്നു. ഏഴാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ അര്‍ജന്റീനയ്ക്ക് ടൂര്‍ണമെന്റില്‍ ഏല്‍ക്കുന്ന ആദ്യ തോല്‍വി കൂടിയാണിത്. 1983ല്‍ ബ്രസീലിനോട് തോറ്റ ശേഷം ഫൈനലില്‍ അര്‍ജന്റീന പരാജയപ്പെടുന്നത് ഇതു രണ്ടാം തവണയാണ്.
ചരിത്രത്തിലാദ്യമായാണ് മൊറോക്കോ അണ്ടര്‍-20 ലോകകപ്പ് നേടുന്നത്. ജയത്തോടെ, 2009-ല്‍ ഘാനയ്ക്ക് ശേഷം അണ്ടര്‍-20 ലോകകപ്പ് നേടുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമായി മാറിയിരിക്കുകയാണ് മൊറോക്കോ. അതേസമയം, ശനിയാഴ്ച ഫ്രാന്‍സിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് കൊളംബിയ മൂന്നാംസ്ഥാനം കരസ്ഥമാക്കി. അര്‍ജന്റീനയോട് 1-0ന് തോറ്റതിനെത്തുടര്‍ന്നാണ് കൊളംബിയ മൂന്നാംസ്ഥാനത്തിനായുള്ള മത്സരത്തിനിറങ്ങിയത്. പെനാല്‍റ്റിയില്‍ മൊറോക്കോയോട് തോറ്റാണ് ഫ്രാന്‍സെത്തിയത്.
ടൂര്‍ണമെന്റില്‍ സ്വപ്നക്കുതിപ്പ് നടത്തിയ മോറോക്കോ ബ്രസീല്‍,സ്പെയിന്‍, മെക്‌സിക്കോ എന്നിവരടങ്ങിയ ഗ്രൂപ്പില്‍ ഒന്നാമന്‍മാരായാണ് മുന്നേറിയത്. പിന്നീട് നോക്കൗട്ട് ഘട്ടത്തില്‍ ദക്ഷിണ കൊറിയ, ഫ്രാന്‍സ്, അമേരിക്ക എന്നിവരെയും തോല്‍പ്പിച്ചിരുന്നു. ടൂര്‍ണമെന്റില്‍ പരാജയമറിയാതെ കുതിച്ച അര്‍ജന്റീനയുടെ ആദ്യ തോല്‍വിയായിരുന്നു ഫൈനലിലേത്. സൂപ്പര്‍ താരങ്ങളായ ബയേര്‍ ലെവര്‍കൂസന്റെ ക്ലോഡിയോ എച്ചവേരി, റയല്‍ മാഡ്രിഡിന്റെ ഫ്രാങ്കോ മസ്റ്റാന്‍ടൗണോ എന്നിവരില്ലാതെയാണ് അര്‍ജന്റീന കിരീടപ്പോരിന് ഇറങ്ങിയത്.
ടൂര്‍ണമെന്റില്‍ 6 തവണ കിരീടം നേടിയിട്ടുള്ള അര്‍ജന്റീന, 1983ലാണ് ഇതിനുമുന്‍പ് ഫൈനലില്‍ തോറ്റിട്ടുള്ളത്. അതേസമയം ഫൈനലില്‍ തോറ്റ അര്‍ജന്റീന ടീമിനെ സീനിയര്‍ ടീം നായകന്‍ ലയണല്‍ മെസി ആശ്വസിപ്പിച്ചു. യുവതാരങ്ങള്‍ തലയുയര്‍ത്തി ആണ് മടങ്ങുന്നതെന്ന് സൂപ്പര്‍താരം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.