ബര്‍ലിന്‍: യൂറോകപ്പില്‍ വീണ്ടും ചാമ്പ്യന്‍മാരായി സ്‌പെയിന്‍. ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളിന് കീഴടക്കിയാണ് ചെമ്പട നാലാം യൂറോ കിരീടം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ കപ്പ് പ്രതീക്ഷകള്‍ക്ക് തുടര്‍ച്ചയായ രണ്ടാം ഫൈനല്‍തോല്‍വിയുമായി. കഴിഞ്ഞ യൂറോ കപ്പ് ഫൈനലില്‍ സ്വന്തം നാട്ടില്‍ ഇറ്റലിയോട് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇംഗ്ലീഷുകാര്‍ തോറ്റത്. സ്‌പെയിനായി നിക്കോ വില്യംസും (47ാം മിനിറ്റില്‍) പകരക്കാരന്‍ മൈക്കല്‍ ഒയാര്‍സബലും (86ാം മിനിറ്റില്‍) വലകുലുക്കി. പകരക്കാരന്‍ കോള്‍ പാള്‍മറാണ് (73ാം മിനിറ്റില്‍) ഇംഗ്ലണ്ടിനായി ആശ്വാസ ഗോള്‍ നേടിയത്.

ടൂര്‍ണമെന്റിലുടനീളം മനോഹരമായി പന്തുതട്ടി, ആധികാരികമായി തന്നെയാണ് ലാ റോജ സംഘം ചാമ്പ്യന്മാരായത്. തോല്‍വി അറിയാത്ത ടീമായ സ്‌പെയിന്‍ ഇംഗ്ലണ്ടിനെതിരെയും വിജയം ഉറപ്പിച്ചു കൊണ്ടാണ് പന്തു തട്ടിയത്. 1964, 2008, 2012 യൂറോ കപ്പിലും അവര്‍ ചാമ്പ്യന്മാരായിരുന്നു. സ്വന്തം മണ്ണില്‍ 1966ല്‍ ലോകകപ്പ് നേടിയശേഷം പ്രമുഖ ടൂര്‍ണമെന്റുകളിലൊന്നും വിജയിക്കാന്‍ ഇതുവരെ ഇംഗ്ലണ്ടിന് കഴിഞ്ഞിട്ടില്ല. ഇക്കുറി ആ വരള്‍ച്ചക്ക് അറുതി വരുമെന്ന് കരുതിയെങ്കിലും ത്രീ ലയണ്‍സിന് അതിന് സാധിച്ചില്ല.

ആവേശം ഒഴിഞ്ഞുനിന്ന ആദ്യ പകുതിയില്‍നിന്ന് വ്യത്യസ്തമായി രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത്. രണ്ടാം പകുതി തുടങ്ങി 69ാം സെക്കന്‍ഡില്‍ തന്നെ യുവതാരം നിക്കോ വില്യംസിലൂടെ സ്‌പെയിന്‍ ലീഡെടുത്തു. സ്വന്തം പകുതിയില്‍നിന്ന് സ്‌പെയിന്‍ നടത്തിയ മികച്ചൊരു നീക്കമാണ് ഗോളിലെത്തിയത്. കാര്‍വഹാല്‍ ഗ്രൗണ്ടിന്റെ മധ്യത്തിലുണ്ടായിരുന്ന യമാലിന് പന്ത് നല്‍കി. പന്തുമായി മുന്നോട്ടു നീങ്ങിയ താരം ഇടതുവിങ്ങിലുണ്ടായിരുന്ന വില്യംസിന് കൈമാറി. പിന്നാലെ താരത്തിന്റെ ഇടങ്കാല്‍ ഷോട്ട് ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ പിക്ക്‌ഫോര്‍ഡിനെയും മറികടന്ന് വലയില്‍.

തൊട്ടു പിന്നാലെ ലീഡ് വര്‍ധിപ്പിക്കാനുള്ള ഒന്നിലധികം അവസരങ്ങളാണ് സ്‌പെയിന് ലഭിച്ചത്. ഡാനി ഓല്‍മയുടെയും വില്യംസിന്റെയും ഷോട്ട് പോസ്റ്റിന് വെളിയിലേക്ക്. 60ാം മിനിറ്റില്‍ നായകന്‍ ഹാരി കെയിനെ പിന്‍വലിച്ച് ഇംഗ്ലണ്ട് ഓലീ വാറ്റിക്കിന്‍സിനെ കളത്തിലിറക്കി. 64ാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്ഹാമിന്റെ ഷോട്ട് പോസ്റ്റിനു പുറത്തേക്ക്. 66ാം മിനിറ്റില്‍ യമാലിന്റെ ബോക്‌സിനുള്ളില്‍നിന്നുള്ള ഷോട്ട് ഇംഗ്ലണ്ട് ഗോള്‍ കീപ്പര്‍ പിക്ക്‌ഫോര്‍ഡ് തട്ടിയകറ്റി. തുടരെ തുടരെ ഇംഗ്ലീഷ് ഗോള്‍മുഖം സ്‌പെയിന്‍ വിറപ്പിച്ചു. പിക്ക്‌ഫോര്‍ഡിനും പിടിപ്പത് പണി. 70ാം മിനിറ്റില്‍ ചെല്‍സിയുടെ കോള്‍ പാള്‍മറും ഇംഗ്ലണ്ടിനായി കളത്തിലെത്തി.

തൊട്ടുപിന്നാലെ താരം ടീമിനെ ഒപ്പമെത്തിച്ചു. 22 വാര അകലെ നിന്നുള്ള താരത്തിന്റെ ഷോട്ടാണ് ഉനായ് സിമോണിനെയും മറികടന്ന് പോസ്റ്റില്‍ കയറിയത്. ബോക്‌സിനുള്ളില്‍നിന്ന് ബെല്ലിങ്ഹാം പുറത്തേക്ക് നല്‍കിയ പന്താണ് താരം നിലംപറ്റെയുള്ള ഷോട്ടിലൂടെ വലയിലേക്ക് അടിച്ചുകയറ്റിയത്. പിന്നാലെ ഇംഗ്ലണ്ടും ഉണര്‍ന്നു കളിച്ചു. 81ാം മിനിറ്റില്‍ യമാലിന് ബോക്‌സിനുള്ളില്‍ സുവര്‍ണാവസരം ലഭിച്ചെങ്കിലും പിക്ക്‌ഫോര്‍ഡ് തകര്‍പ്പന്‍ സേവിലൂടെ ഇംഗ്ലണ്ടിന്റെ രക്ഷകനായി. 86ം മിനിറ്റിലാണ് ഒയാര്‍സബലിലൂടെ സ്‌പെയിന്‍ വിജയ ഗോള്‍ കണ്ടെത്തുന്നത്.

കുക്കുറേയ ബോക്‌സിനുള്ളിലേക്ക് നീട്ടി നല്‍കിയ പന്ത് താരം വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. തൊട്ടു പിന്നാലെ ഇംഗ്ലണ്ടിന് അനുകൂലമായി ലഭിച്ച കോര്‍ണര്‍ ഗോളിനടുത്തെത്തിയെങ്കിലും സ്‌പെയിന്‍ പ്രതിരോധിച്ചു.

ഫൈനലിന്റെ ആവേശമൊന്നും ആദ്യ 45 മണിക്കൂറില്‍ കളത്തില്‍ കണ്ടില്ല. തുടക്കം മുതല്‍ത്തന്നെ സ്പെയിന്‍ ഗോള്‍ ലക്ഷ്യമാക്കി മുന്നേറ്റം നടത്തിയെങ്കിലും ഇംഗ്ലണ്ട് സാവധാനത്തിലാണ് ആക്രമണത്തിലേക്ക് കടന്നത്. പന്തടക്കത്തില്‍ സ്‌പെയിന്‍ ബഹുദൂരം മുന്നില്‍നിന്നെങ്കിലും ഗോളിലേക്കുള്ള നീക്കങ്ങളൊന്നും ടീമിന് സൃഷ്ടിക്കാനായില്ല. ഇന്‍ജുറി ടൈമില്‍ ഫില്‍ ഫോഡന്‍ തൊടുത്ത ഒരു ഷോട്ട് മാത്രമാണ് മത്സരത്തിന്റെ ആദ്യ പകുതിയില്‍ ടാര്‍ഗറ്റിലേക്ക് പോയ ഒരേയൊരു ഷോട്ട്. സ്പാനിഷ് നീക്കങ്ങളെല്ലാം ഫൈനല്‍ തേഡില്‍ ഇംഗ്ലീഷ് പ്രതിരോധത്തില്‍ തട്ടി വിഫലമായി.

കീരണ്‍ ട്രിപ്പിയറിനു പകരം ലൂക് ഷായെ പ്ലെയിങ് ഇലവനിലിറക്കിയാണ് പരിശീലകന്‍ ഗരെത് സൗത് ഗേറ്റ് ടീമിനെ കളത്തിലിറക്കിയത്. തീരുമാനം തെറ്റിയില്ല, താരം ആദ്യ പകുതിയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സസ്‌പെന്‍ഷന്‍ കാരണം സെമി ഫൈനല്‍ നഷ്ടമായ ഡാനി കാര്‍വഹാലും റോബിന്‍ ലെ നോര്‍മാന്‍ഡും പ്രതിരോധനിരയില്‍ തിരിച്ചെത്തിയത് സ്‌പെയിന് കരുത്തായി.

രാജകീയമായിത്തന്നെയാണ് സ്പെയിനിന്റെ കിരീട ധാരണം. ക്രൊയേഷ്യ, ഇറ്റലി, ജര്‍മനി, ഫ്രാന്‍സ്, ഇംഗ്ലണ്ട് തുടങ്ങിയ യൂറോപ്പിലെ വമ്പന്‍ ടീമുകളെ മറികടന്ന് തോല്‍ക്കാതെയാണ് കപ്പിലെത്തിയത്. 2012 ജൂലായ് ഒന്നിന് യുക്രൈനിലെ ക്വീവില്‍ ഇറ്റലിയെ തകര്‍ത്ത് കിരീടം നേടിയതില്‍പ്പിന്നെ സ്‌പെയിന്‍ നേടുന്ന ആദ്യ പ്രധാന ടൂര്‍ണമെന്റ് കിരീടം.

മറുവശത്ത് ഇംഗ്ലണ്ടിന് ഒരിക്കല്‍ക്കൂടി ഫൈനല്‍ക്കണ്ണീര്‍ രുചിക്കേണ്ടിവന്നു. ആദ്യ യൂറോ കപ്പ് കിരീടം ലക്ഷ്യം വെച്ചെത്തിയ ഇംഗ്ലണ്ടിന് അതിനായി ഇനിയും കാത്തിരിക്കണം. 1966-ല്‍ ലോകകപ്പ് നേടിയതില്‍പ്പിന്നെ ഇംഗ്ലണ്ട് ലോകകപ്പോ യൂറോ കപ്പോ നേടിയിട്ടില്ല. 2020-21ല്‍ ഫൈനലിലെത്തിയ ഇംഗ്ലണ്ട് അന്ന് ഇറ്റലിയോടാണ് പരാജയപ്പെട്ടത്. തുടര്‍ച്ചയായ രണ്ടാം യൂറോ കപ്പ് ഫൈനല്‍ തോല്‍വിയാണിത്.