ചൈന: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി 2024 ലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ പാകിസ്ഥാനെ 2-1 ന് തകര്‍ത്ത് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം. ഇതോടെ പാകിസ്ഥാനെതിരെയുള്ള അപാരജിത കുതിപ്പ് തുടരുകയാണ് ഇന്ത്യന്‍ ടീം. തുടര്‍ച്ചയായ 17 മത്സരങ്ങളില്‍ പാകിസ്ഥാന് ഇന്ത്യക്കെതിരെ ജയിക്കാനായിട്ടില്ല. ഇരു ടീമുകളും നേരത്തെ തന്നെ സെമി ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. ഇരുടീമുകള്‍ക്കുമുള്ള എതിരാളികളെ ചൈനയും ജപ്പാനും തമ്മിലുള്ള മത്സരത്തിന് ശേഷം അറിയാനാകും.

പതിഞ്ഞ താളത്തിലായിരുന്നു ഇന്ത്യയുടെ തുടക്കം. മത്സരത്തിന്റെ ആദ്യ പാദത്തിന്റെ തുടക്കത്തില്‍ അഹമ്മദ് നദീമിലൂടെ (8') പാകിസ്ഥാന്‍ മുന്നിലെത്തിയിരുന്നു. പതിയെ താളം വീണ്ടെടുത്ത ഇന്ത്യന്‍ ടീം നായകന്‍ ഹര്‍മന്‍പ്രീത് സിംഗ് (13', 19') ഇരട്ടഗോളുകള്‍ നേടിയതോടെ മത്സരത്തില്‍ തിരിച്ചു വരികയായിരുന്നു.

ടൂര്‍ണമെന്റില്‍ ഇന്ത്യ തോല്‍വിയറിയാതെ ആണ് സെമിയിലേക്ക് യോഗ്യത നേടിയത്. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിലവിലെ ചാമ്പ്യന്മാരും ഇന്ത്യയാണ്. ജയത്തോടെ ഇന്ത്യ തോല്‍വി അറിയാത്ത ഏക ടീമായി സെമിയില്‍ പ്രവേശിച്ചു. അഞ്ച് മത്സരങ്ങളില്‍ നിന്നും അത്ര തന്നെ ജയവുമായി 15 പോയിന്റ സ്വന്തമാക്കിയ ടീം പട്ടികയില്‍ ഒന്നാമതാണ്. പാകിസ്ഥാന്‍ എട്ട് പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ട്. ലോക റാങ്കിങ്ങില്‍ ഇന്ത്യ 5-ാമതും പാകിസ്ഥാന്‍ 16-ാമതുമാണ്.

ആദ്യ അഞ്ച് മിനിറ്റില്‍ ഇന്ത്യന്‍ ടീം പന്ത് കൈവശം വെച്ച് കളിക്കാന്‍ ശ്രമിച്ചെങ്കിലും മികച്ച നീക്കത്തിലൂടെ പാകിസ്ഥാന്‍ എട്ടാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടുകയായിരുന്നു. ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കാന്‍ മൂന്ന് മിനിറ്റ് ശേഷിക്കെ ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ ഗോളായതോടെ മത്സരം സമനിലയിലായി.

രണ്ടാം പാദത്തിന്റെ നാലാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ ഇന്ത്യ ഒരിക്കല്‍ക്കൂടി മുതലാക്കി, ഹര്‍മന്‍പ്രീത് സിങ്ങിന്റെ ഡ്രാഗ് ഫ്‌ലിക്കില്‍ ഇന്ത്യ മുന്നിലെത്തി. രണ്ടാം പകുതിയുടെ ആദ്യ മിനിറ്റുകളില്‍ ഇന്ത്യ കളി നിയന്ത്രിച്ചുവെങ്കിലും മത്സരം പുരോഗമിച്ചതോടെ പാക്കിസ്ഥാന്റെ വേഗത്തിലുള്ള പ്രത്യാക്രമണ തന്ത്രം ഇന്ത്യന്‍ പ്രതിരോധ നിരയെ കുലുക്കി.

മൂന്നാം ക്വാര്‍ട്ടറില്‍ മികച്ച കളി പുറത്തെടുത്ത് ഇന്ത്യന്‍ പ്രധിരോധ നിരയെ സമ്മര്‍ദത്തിലാക്കാന്‍ പാകിസ്ഥാന് കഴിഞ്ഞെങ്കിലും, അവസരങ്ങള്‍ ഗോളായില്ല. ഇന്ത്യയുടെ ഒറ്റ ഗോളിന്റെ ചെറിയ ലീഡ് നിലനിര്‍ത്തുന്നതില്‍ ഗോള്‍കീപ്പര്‍ കൃഷന്‍ പഥക് വലിയ പങ്ക് വഹിച്ചു. മത്സരം അവസാനിക്കാന്‍ 10 മിനിറ്റ് ബാക്കി നില്‍ക്കെ ജുഗ്രാജ് സിങ്ങിനെതിരെയുള്ള ടാക്ലിങ്ങിന് അഷ്റഫ് റാണ മഞ്ഞക്കാര്‍ഡ് കണ്ടതോടെ പാകിസ്ഥാന്‍ 10 പേരായി ചുരുങ്ങി. ഇതോടെ അവസാന മിനിറ്റുകളില്‍ ഇന്ത്യ ഒരു ഗോള്‍ കൂടി നേടുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ 2-1ല്‍ പിരിയുകയായിരുന്നു.

ഇന്ത്യ, കൊറിയ, പാകിസ്ഥാന്‍ എന്നീ ടീമുകള്‍ സെമി ഫൈനലിനായി യോഗ്യത നേടിയിരുന്നു. ചൈനയും ജപ്പാനും തമ്മിലുള്ള മത്സരത്തിന് ശേഷം അടുത്ത സെമി ഫൈനലിസ്റ്റിനെ കൂടി അറിയാനാകും. സെമി ഫൈനല്‍ മത്സരങ്ങള്‍ സെപ്റ്റംബര്‍ 16 ന് നടക്കും.ഏഷ്യന്‍ ചാമ്പ്യന്‍സ്, ഹോക്കി, ഇന്ത്യ