- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യന്‍ ഹോക്കിയില്‍ ഇന്ത്യ തന്നെ രാജാക്കന്മാര്; ദക്ഷിണ കൊറിയയെ തകര്‍ത്ത് ഇന്ത്യക്ക് ഏഷ്യാ കപ്പ് ഹോക്കി കിരീടം; വിജയം ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക്; നാലാം ഏഷ്യാ കപ്പ് ഹോക്കി കിരീട നേടത്തോടെ ഇന്ത്യ ലോകകപ്പ് പ്രവേശനവും ഉറപ്പിച്ചു
ഏഷ്യന്‍ ഹോക്കിയില്‍ ഇന്ത്യ തന്നെ രാജാക്കന്മാര്; ദക്ഷിണ കൊറിയയെ തകര്‍ത്ത് ഇന്ത്യക്ക് ഏഷ്യാ കപ്പ് ഹോക്കി കിരീടം
രാജ്ഗിര്‍: ഹോക്കിയില്‍ ഏഷ്യയിലെ ഇന്ത്യയുടെ മേധാവിത്തം അരക്കിട്ടുറപ്പിച്ചു ഒരു സുവര്‍ണനേട്ടം കൂടി. ഏഷ്യാ കപ്പ് ഹോക്കി കിരീടത്തില്‍ വീണ്ടും ഇന്ത്യ മുത്തമിട്ടു. ഫൈനലില്‍ ദക്ഷിണ കൊറിയയെ തകര്‍ത്താണ് ഇന്ത്യയുടെ കിരീട നേട്ടം. ഒന്നിനെതിരെ നാലുഗോളുകള്‍ക്ക് അനായാസമായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തില്‍ ഉടനീളം ആധിപത്യം പുലര്‍ത്തിയ ഇന്ത്യ ദക്ഷിണ കൊറിയയെ അക്ഷരാര്‍ഥത്തില്‍ നിഷ്പ്രഭരാക്കി.
ഇന്ത്യയുടെ നാലാം ഏഷ്യാ കപ്പ് ഹോക്കി കിരീടമാണിത്. ജയത്തോടെ ഇന്ത്യ ലോകകപ്പ് പ്രവേശനവും ഉറപ്പിച്ചു. മത്സരം ആരംഭിച്ച് ആദ്യ മിനിറ്റില്‍ തന്നെ ഇന്ത്യ ലക്ഷ്യം കണ്ടു. സുഖ്ജീത് സിങ്ങാണ് ഇന്ത്യയ്ക്കായി വല കുലുക്കിയത്. തുടര്‍ന്ന് മത്സരത്തില്‍ ഉടനീളം ഇന്ത്യയുടെ ആധിപത്യമാണ് കണ്ടത്. അതോടെ ആരംഭത്തില്‍ തന്നെ ദക്ഷിണ കൊറിയ പ്രതിരോധത്തിലായി. ലീഡെടുത്തതിന് പിന്നാലെ ഇന്ത്യ മുന്നേറ്റം തുടര്‍ന്നു. പലതവണ ദക്ഷിണ കൊറിയന്‍ ഗോള്‍മുഖത്ത് ഇന്ത്യന്‍ താരങ്ങള്‍ ഇരച്ചെത്തി. ആദ്യ ക്വാര്‍ട്ടറില്‍ ഒരു ഗോളിന് ഇന്ത്യ മുന്നിട്ടുനിന്നു.
രണ്ടാം ക്വാര്‍ട്ടറില്‍ തിരിച്ചടി ലക്ഷ്യമിട്ട് കൊറിയയും മുന്നേറ്റങ്ങള്‍ നടത്തി. എന്നാല്‍ ഇന്ത്യന്‍ പ്രതിരോധം ഉറച്ചുനിന്നു. അതിനിടെ ഇന്ത്യ രണ്ടാം ഗോളും കണ്ടെത്തി. ദില്‍പ്രീത് സിങ്ങാണ് ഇത്തവണ ലക്ഷ്യം കണ്ടത്. രണ്ടാം ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 2-0 ന് മുന്നിട്ടു നിന്നു. പിന്നീടങ്ങോട്ട് ഇന്ത്യ ദക്ഷിണ കൊറിയന്‍ ഗോള്‍വല നിറയ്ക്കുന്നതാണ് കണ്ടത്.
മൂന്നാം ക്വാര്‍ട്ടറിന്റെ അവസാനം ദില്‍പ്രീത് സിങ് വീണ്ടും ഇന്ത്യയ്ക്കായി ഗോളടിച്ചു. അതോടെ കൊറിയ അക്ഷരാര്‍ഥത്തില്‍ പ്രതിരോധത്തിലായി. നാലാം ക്വാര്‍ട്ടറില്‍ പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് അമിത് രോഹിദാസ് ഇന്ത്യയുടെ നാലാം ഗോളും നേടി. പിന്നാലെ കൊറിയ ഒരു ഗോള്‍ മടക്കിയെങ്കിലും മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല. ജയത്തോടെ ഇന്ത്യ ഏഷ്യാ കപ്പ് ഹോക്കി കിരീടത്തില്‍ മുത്തമിട്ടു.