തിരുവനന്തപുരം: ഒട്ടേറെ പ്രധാന കായിക മത്സരത്തിന്റെയും പ്രത്യേകിച്ച് ഒളിമ്പിക്സിന്റെയും സമ്മാനദാന വേളയില്‍ ജേതാക്കാള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന മെഡലുകള്‍ കടിച്ചു നില്‍ക്കുന്നത് സ്ഥിരം കാഴ്ച്ചയാണ്.പ്രശസ്തരായ കായിക താരങ്ങളുടെയൊക്കെ വ്യക്തപരമായി ഏറെ പ്രിയപ്പെട്ട ചിത്രം കൂടിയാണ് ഒളിമ്പിക് മെഡല്‍ കടിച്ചുനില്‍ക്കുന്നത്.മെഡല്‍ സെറിമണിയിലെ സുന്ദരമായ ഒരു പോസാണ് അതെങ്കിലും സത്യത്തില്‍ വെറുതെ ഭംഗിക്ക് വേണ്ടി താരങ്ങള്‍ ചെയ്യുന്ന ഒരു പ്രവൃത്തിയല്ല അത്.

മറിച്ച് അതിന് പിന്നില്‍ ഒരു കാരണവും ചരിത്രവുമുണ്ട്.ഒളിമ്പിക് അത്‌ലറ്റുകള്‍ പോഡിയത്തില്‍ നിന്നുകൊണ്ട് വിജയാഹ്ലാദത്തോടെ മെഡലുകള്‍ കടിക്കുന്നത് വിചിത്രമായ ശീലമല്ല, പ്രതീകാത്മകതയും ചരിത്രവും സമന്വയിക്കുന്ന ഒരു പാരമ്പര്യമാണ് അതിന് പിന്നില്‍. തമാശയെന്ന് തോന്നിക്കുന്ന ഈ പ്രവൃത്തിക്ക് ആഴത്തിലുള്ള അര്‍ത്ഥവുമുണ്ട്.

ആ ആക്ഷന്‍ പിന്നിലുളള കഥ ഇങ്ങനെയാണ്.. ഏത് ഒളിമ്പിക്സില്‍ ആരാണ് ഇത്തരമൊരു രീതി തുടങ്ങിയതെന്നതിന്് വ്യക്തമായ ഉത്തരമില്ല.ഫോട്ടോഗ്രാഫുകളെ ആധികാരികതയുടെ തെളിവുകളായി ആശ്രയിച്ചിരുന്ന കാലഘട്ടത്തിലാണ് ഒളിമ്പിക് മെഡല്‍ കടിക്കുന്ന പ്രവണതയ്ക്ക് തുടക്കമെന്നാണ് കരുതപ്പെടുന്നത്.ആദ്യകാലത്ത് വിജയികള്‍ക്ക് നല്‍കാനായി ഒളിമ്പിക്‌സ് മെഡലുകള്‍ വിലയേറിയ ലോഹങ്ങളാലായിരുന്നു ഉണ്ടാക്കിയിരുന്നത്.ഈ ലോഹങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്താനാണത്രെ കായിക താരങ്ങള്‍ മെഡലുകളില്‍ കടിക്കുന്ന ശീലം ആരംഭിച്ചത്.

അതായത് മൃദു ലോഹമായ സ്വര്‍ണ്ണത്തില്‍ കടിക്കുമ്പോള്‍ പല്ലുകളുടെ അടയാളം അതില്‍ പ്രത്യക്ഷമാകും.ഇത്തരത്തില്‍ മെഡല്‍ വ്യാജനാണോ ഒറിജിനലാണോയെന്ന് ഉറപ്പിക്കാം.കൃത്യമായ സ്വര്‍ണ്ണത്തില്‍ തന്നെയാണ് ആദ്യകാലത്ത് മെഡലുകള്‍ നിര്‍മ്മിച്ചതെന്നും പറയുന്നു.എന്നാല്‍ 1912 മുതല്‍ ഒളിമ്പിക്‌സ് മെഡലുകള്‍ വെള്ളിയില്‍ തീര്‍ത്ത് സ്വര്‍ണംകൊണ്ട് പൊതിയാന്‍ ആരംഭിച്ചു.മെഡലുകളുടെ നിര്‍മ്മാണ രീതിയില്‍ മാറ്റങ്ങള്‍ വന്നെങ്കിലും താരങ്ങള്‍ പക്ഷെ മെഡലില്‍ കടിക്കുന്ന തങ്ങളുടെ രീതി ഇന്നും മാറ്റാതെ തുടരുന്നു.

ആധുനിക ഒളിമ്പിക്‌സ് മെഡലുകള്‍ വെള്ളി കൊണ്ടാണ് നിര്‍മിക്കുന്നത്.ഇതിന് പുറത്തായി സ്വര്‍ണം പൂശുകയാണ് ചെയ്യുന്നത്.എന്നിരുന്നാലും ചരിത്രത്തിന്റെ തുടര്‍ച്ചയെന്നോണം അത്‌ലറ്റുകള്‍ മെഡല്‍ കടിക്കുന്നത് ഇന്നും തുടരുന്നു. കൂടാതെ കായികതാരങ്ങളുടെ കഠിനാധ്വാനത്തിന്റെയും വിജയത്തിന്റെയും പ്രതീകമായി ഈ മെഡല്‍ കടിക്കല്‍ രീതി ഇന്ന് വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നുണ്ട്.അതിനാല്‍ തന്നെ ഈ രീതി പിന്തുടരുന്നത് കായിക താരങ്ങള്‍ക്ക് ഇന്ന് ഒരു ആവേശം കൂടിയാണ്.

സ്വര്‍ണമെഡല്‍ കടിക്കുന്നത് വിജയത്തിന്റെയും നേട്ടത്തിന്റെ ശക്തമായ അവതരണമായി ഇന്ന് മാറി. കഠിനാധ്വാനത്തിലൂടെ ലഭിച്ച മെഡലുമായുള്ള അത്‌ലറ്റിന്റെ ബന്ധവും ഈ പ്രവര്‍ത്തി ഊട്ടിയുറപ്പിക്കുന്നു. ഈ വിജയനിമിഷം ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തുന്നതോടെ ഒരോ അത്‌ലറ്റിന്റെ വിജയവും ചരിത്രത്തിന്റെ ഭാഗമായി മാറുന്നു.ഇങ്ങനെ ഒരു ചരിത്രം പറയപ്പെടുമ്പോഴും മെഡല്‍ കടിക്കുന്നതിന് പിന്നില്‍ ചരിത്രപരമായ കാരണങ്ങളിലെന്നും ഫോട്ടോയ്ക്ക് വേണ്ടി മാത്രമാണിതെന്നും വാദിക്കുന്നവരുമുണ്ട്.

ഇന്റര്‍നാഷനല്‍ സൊസൈറ്റി ഒഫ് ഒളിമ്പിക്‌സ് ഹിസ്റ്റോറിയന്‍സ് പ്രസിഡന്റ് ഡേവിഡ് വല്ലെച്ചിന്‍സ്‌കി ഈ വിഷയത്തെക്കുറിച്ച് ഒരിക്കല്‍ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്.. ഈ ആക്ഷന് പിന്നില്‍ പ്രത്യേക അര്‍ത്ഥമോ ചരിത്രമോ ഒന്നുമില്ല..ഫോട്ടോഗ്രാഫര്‍മാരുടെ ആവശ്യപ്രകാരം മാത്രമാണ് കായിക താരങ്ങള്‍ തങ്ങളുടെ മെഡല്‍ കടിക്കുന്നതെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
കായികതാരങ്ങള്‍ സ്വന്തം ഇഷ്ടപ്രകചെയ്യുന്നതല്ല, മറിച്ച് തങ്ങളുടെ പത്രം വില്‍ക്കാന്‍ സഹായിക്കുന്ന ഐക്കോണിക് ഷോട്ട് ആയി ഇത്തരം ചിത്രങ്ങളെ മാദ്ധ്യമപ്രവര്‍ത്തകര്‍ കാണുന്നുവെന്നും വല്ലെച്ചിന്‍സ്‌കി വ്യക്തമാക്കി.

ഈ മെഡല്‍ കടിക്കുന്നത് ചില രസകരമായ സംഭവങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്.അതില്‍ ഒന്നാണ് മെഡല്‍ കടിച്ച് ഒരു കായികതാരത്തിന്റെ പല്ലുപൊട്ടിയ സംഭവം.ഇതിന് അധികകാലം പഴക്കമൊന്നുമില്ല.2010ലെ വിന്റര്‍ ഒളിമ്പിക്‌സിലാണ് സംഭവം.വെള്ളി ജേതാവായ ജര്‍മന്‍ താരം ഡേവിഡ് മൊല്ലെറുടെ പല്ലാണ് പൊട്ടിയത്.തന്റെ പല്ലുകള്‍ കൊണ്ടുമാത്രം മെഡല്‍ പിടിച്ചിരിക്കുന്ന ചിത്രം ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വേണമായിരുന്നു.രാത്രി അത്താഴം കഴിക്കുമ്പോഴാണ് പല്ലിന്റെ ഒരു ഭാഗം പൊട്ടിയതായി ശ്രദ്ധയില്‍പ്പെടുന്നതെന്നും മൊല്ലെര്‍ പിന്നീട് പറഞ്ഞിട്ടുണ്ട്.

എന്നാല്‍ സ്വര്‍ണമെഡല്‍ ജേതാക്കള്‍ മാത്രമല്ല ഈ രീതി പിന്തുടരുന്നത്. വെള്ളി, വെങ്കല മെഡല്‍ ജേതാക്കളും ഈ രീതി പിന്തുടര്‍ന്ന് പോരുന്നതായി കാണാം.പിന്നിലെ കാരണം എന്ത് തന്നെയായലും മെഡല്‍ കടിക്കുന്നത് ഒരു പാരമ്പര്യമായി ഇന്ന് പാരീസ് ഒളിമ്പിക്സിലും തുടരുന്നുണ്ട്.ഒളിംപിക്സില്‍ സ്വര്‍ണം നേടുന്ന താരങ്ങള്‍ക്ക് നല്‍കുന്ന മെഡലുകള്‍ പൂര്‍ണമായും സ്വര്‍ണത്തില്‍ നിര്‍മിച്ചതല്ല.ആറ് ഗ്രാം സ്വര്‍ണമാണ് ഒളിംപിക്സില്‍ നല്‍കുന്ന സ്വര്‍ണ മെഡലില്‍ ഉണ്ടാവുന്നത്.രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ നിയമപ്രകാരം ഒളിംപിക് സ്വര്‍ണ മെഡലിലും വെള്ളി മെഡലും 92.5 ശതമാനം വെള്ളിയില്‍ തീര്‍ത്തതായിരിക്കണം.വെങ്കല മെഡലില്‍ കൂടുതലും ഉള്‍പ്പെടുന്നത് കോപ്പറാണ്.

ഓരോ മെഡലും 60 മില്ലിമീറ്റര്‍ വ്യാസവും 3 മില്ലിമീറ്റര്‍ കട്ടിയുള്ളതുമാവണം.ഒരു ഒളിംപിക്സ് സ്വര്‍ണ മെഡലിന് 500 പൗണ്ട് വില വരും. ഒരു കായിക താരത്തെ സംബന്ധിച്ച് അത് വിലമതിക്കാനാവാത്തതാണ്.1912ലെ സ്റ്റോക്ഹോം ഒളിംപിക്സിലായിരുന്നു പൂര്‍ണമായും സ്വര്‍ണത്തിലുള്ള ഒളിംപിക്സ് മെഡലുകള്‍ നല്‍കിയത്.പാരിസ് ഒളിംപിക്സില്‍ വിജയികള്‍ക്ക് നല്‍കുന്ന മെഡലില്‍ ഒരു പ്രത്യേകത കൂടിയുണ്ട്. ഈഫല്‍ ടവറില്‍ നിന്നുള്ള മെറ്റലും ഒളിംപിക്സ് മെഡലുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.