- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചരിത്രത്തിലിടം നേടി പാരീസ് ഒളിമ്പിക്സ്; അഭയാര്‍ത്ഥി ഒളിംപിക്സ് ടീമിന്റെ ആദ്യ മെഡല്‍ ബോക്സിങ്ങില്‍; ചരിത്രത്തിലേക്ക് പഞ്ചെടുത്ത സിണ്ടി നംഗംബയെ അറിയാം
പാരീസ്: പാരീസ് ഒളിമ്പിക്സ് അതിന്റെ അവേശകരമായ പര്യവസാനത്തിലേക്ക് അടുക്കുമ്പോള്‍ ഒളിമ്പിക്സിന്റെ ചരിത്രത്തില്‍ പുത്തന്‍ അധ്യായം കൂടി എഴുതിച്ചേര്‍ത്തിരിക്കുകയാണ്.ആദ്യമായി അഭയാര്‍ത്ഥി ഒളിമ്പിക്സ് ടീം മെഡല്‍ നേടിയ ഒളിമ്പിക്സ് എന്നുകൂടിയാവും പാരീസിന്റെ ഇ എഡിഷന്‍ ഇനി ചരിത്രത്തില്‍ അറിയപ്പെടുക. വനിതാ ബോക്സിങ് 75 കിലോഗ്രാം വിഭാഗത്തില്‍ സിണ്ടി നംഗംബയാണ് അഭയാര്‍ത്ഥി ഒളിംപിക്സ് ടീമിന്റെ ആദ്യ മെഡല്‍ ഉറപ്പാക്കി ചരിത്രം കുറിച്ചിരിക്കുന്നത്. ബോക്സിങ്ങില്‍ സെമിഫൈനലില്‍ പ്രവേശിച്ചതോടെയാണ് താരം ചരിത്രത്തിന്റെ ഭാഗമായത്.ക്വാര്‍ട്ടര്‍ ഫൈനലില്‍ ആറാം സീഡ് താരമായ ഫ്രാന്‍സിന്റെ ഡേവിന മിഷേലിനെ തോല്‍പ്പിച്ചതോടെ […]
പാരീസ്: പാരീസ് ഒളിമ്പിക്സ് അതിന്റെ അവേശകരമായ പര്യവസാനത്തിലേക്ക് അടുക്കുമ്പോള്‍ ഒളിമ്പിക്സിന്റെ ചരിത്രത്തില്‍ പുത്തന്‍ അധ്യായം കൂടി എഴുതിച്ചേര്‍ത്തിരിക്കുകയാണ്.ആദ്യമായി അഭയാര്‍ത്ഥി ഒളിമ്പിക്സ് ടീം മെഡല്‍ നേടിയ ഒളിമ്പിക്സ് എന്നുകൂടിയാവും പാരീസിന്റെ ഇ എഡിഷന്‍ ഇനി ചരിത്രത്തില്‍ അറിയപ്പെടുക. വനിതാ ബോക്സിങ് 75 കിലോഗ്രാം വിഭാഗത്തില്‍ സിണ്ടി നംഗംബയാണ് അഭയാര്‍ത്ഥി ഒളിംപിക്സ് ടീമിന്റെ ആദ്യ മെഡല്‍ ഉറപ്പാക്കി ചരിത്രം കുറിച്ചിരിക്കുന്നത്.
ബോക്സിങ്ങില്‍ സെമിഫൈനലില്‍ പ്രവേശിച്ചതോടെയാണ് താരം ചരിത്രത്തിന്റെ ഭാഗമായത്.ക്വാര്‍ട്ടര്‍ ഫൈനലില്‍ ആറാം സീഡ് താരമായ ഫ്രാന്‍സിന്റെ ഡേവിന മിഷേലിനെ തോല്‍പ്പിച്ചതോടെ നംഗംബ വെങ്കല മെഡല്‍ ഉറപ്പാക്കി. സെമി കടന്ന് ഫൈനലിലേക്ക് മുന്നേറാനായാല്‍ സ്വര്‍ണ്ണമോ വെളളിയോ ഉറപ്പിക്കാം. എതിരാളിയെ മാത്രമല്ല ക്വാര്‍ട്ടറില്‍ നംഗംബയ്ക്ക് നേരിടേണ്ടി വന്നത്. മറിച്ച് ഫ്രഞ്ച് ആരാധകരുടെ എതിര്‍ശബ്ദങ്ങളെ കൂടിയായിരുന്നു എതിരാളിക്കൊപ്പം ഇത്തരം പരിഹാസങ്ങളെയും ഇടിച്ചുതെറിപ്പിച്ചാണ് നംഗംബ സെമിയിലേക്ക് മുന്നേറിയത്.
പലകാരണങ്ങള്‍ കൊണ്ടും ജീവിതത്തിന്റെ പലഘട്ടങ്ങളിലും അഭയാര്‍ത്ഥിവേഷം കെട്ടേണ്ടി വന്നയാളാണ് സിണ്ടി നംഗംബ. കാമറൂണിലാണ് താരത്തിന്റെ ജനനം. ആഭ്യന്തര കലാപങ്ങള്‍ മൂലം കുട്ടിക്കാലത്ത് തന്നെ ഇംഗ്ലണ്ടിലേക്ക് കുടിയേറിയതാണ് കുടുംബം. പക്ഷെ അവിടെയും അത്ര സുഖകരമായിരുന്നില്ല ഇവരുടെ കുടുംബത്തിന്റെ അവസ്ഥ. അഭയാര്‍ത്ഥി പദവി നേടുന്നതിന് മുമ്പുള്ള നംഗംബയുടെ യുകെയിലെ ജീവിതം ദുരിത പൂര്‍ണ്ണമായിരുന്നു. പാസ്പോര്‍ട്ട് ഇല്ലാതെയും വിസയില്ലാതെയും രാജ്യത്ത് തുടര്‍ന്നതിന് നംഗംബയെയും സഹോദരന്‍ കെന്നറ്റിനെയും പൊലീസ് അറസ്റ്റ് ചെയ്തു .ജയില്‍ ശിക്ഷ അനുഭവിച്ചതും നിറം കറുത്തതായതിന്റെ പേരില്‍ ജയിലില്‍ മോശം പെരുമാറ്റത്തിന് വിധേയയാകേണ്ടിവന്നതുള്‍പ്പടെയുള്ള നരക പൂര്‍ണ്ണമായ ജീവിതത്തെക്കുറിച്ച് താരം തന്നെ ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ശിക്ഷ കാലയളവ് പൂര്‍ണ്ണമായ ശേഷം സ്വദേശമായ കാമറൂണിലേക്ക് തന്നെ തിരിച്ചയക്കാനായിരുന്നു യുകെ ഭരണകൂടത്തിന്റെ തീരുമാനം. പക്ഷെ സ്വവര്‍ഗ്ഗാനുരാഗി കൂടിയായ നംഗംബയ്ക്ക് തിരിച്ചുപോക്ക് അസാധ്യമായിരുന്നു.സ്വന്തം നാട്ടിലെത്തിയാല്‍ അവിടെയും നംഗംബയെ കാത്തിരിപ്പുണ്ടായിരുന്നത് ലെസ്ബിയനായതിന്റെ പേരിലുള്ള ഇരുമ്പഴി തന്നെയായിരുന്നു. അങ്ങനെ യുകെ അധികൃതരുടെ കരുണയില്‍ ലണ്ടനില്‍ തന്നെ ജീവിതം തുടര്‍ന്നു. ഹോട്ടലുകളിലും മറ്റും ജോലി ചെയ്തും ബാക്കി സമയങ്ങളില്‍ പഠനത്തിനായി മാറ്റിവച്ചുമാണ് ലണ്ടനില്‍ പുതിയ ജീവിതം കെട്ടിപ്പെടുത്തത്.ക്രിമിനോളജിയിലെ ബിരുദ ജേതാവ് കൂടിയാണ് നംഗംബ.
പക്ഷെ അപ്പോഴൊന്നും കായിക താരമാകുക എന്ന ചിന്തയൊന്നും നംഗംബയുടെ മനസ്സില്‍ ഇല്ലായിരുന്നു. വ്യായാമങ്ങളില്‍ താല്‍പ്പര്യം കാണിച്ചിരുന്ന നംഗംബയെ അവരുടെ അധ്യാപികയാണ് ബോക്സിങ്ങിന്റെ ലോകത്തേക്ക് വഴിതിരിച്ചു വിടുന്നത്.സ്‌കൂളിലെയും പ്രാദേശിക നഗരങ്ങളിലെയും ബോക്സിങ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത് തുടങ്ങിയ നംഗംബ പിന്നീട് ഇംഗ്ലണ്ടിലെ പ്രഫഷണല്‍ ബോക്സര്‍മാരെ ഇടിച്ചു വീഴ്ത്തി തുടങ്ങി.ബ്രിട്ടീഷ് പാസ്സ്‌പോര്‍ട്ട് ലഭിക്കാത്തതിനാല്‍ കായികരംഗത്തും താരത്തിന് തിരിച്ചടികള്‍ നേരിടേണ്ടി വന്നു.ഇതിനെയെല്ലാം ബോക്സിങ്ങ് റിങ്ങിലെ എതിരാളിയെപ്പോലെ ഇടിച്ചിട്ടാണ് നംഗംബ ചരിത്രമെഴുതിയത്.
ഒളിംപിക്സ് യോഗ്യതാ മാര്‍ക്ക് തൊട്ടപ്പോഴും ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിക്കാതിരുന്നതിന്റെ കാരണവും രേഖകളുടെ അഭാവം തന്നെയാണ്.അങ്ങിനെയാണ് താരം അഭയാര്‍ത്ഥി ടീമിന്റെ ഭാഗമാകുന്നത്..
പ്രചോദനം മുഹമ്മദലി..ആ മുറവിളികള്‍ക്ക് പകരമായി എനിക്ക് ജയിക്കണമായിരുന്നു
ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയായിരുന്നു നംഗംബയുടെ ആരാധനാപാത്രം.1960 ല്‍ ഒളിംപിക്‌സ് ഗോള്‍ഡ് മെഡല്‍ നേടിയ ശേഷം കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരെ ലോകത്ത് നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് മെഡല്‍ ഒഹിയോ നദിയിലേക്കൊഴുക്കിയ നിലപാടാണ് അദ്ദേഹത്തോടുള്ള ആരാധനയ്ക്ക് കാരണം. പതിറ്റാണ്ടുകള്‍ക്ക് ശേഷം 1996 ലെ അറ്റ്ലാന്റ ഒളിംപിക്സില്‍ അന്താരാഷ്ട്ര ഒളിംപിക്‌സ് അസോസിയേഷന്‍ മുഹമ്മദ് അലിയോട് മാപ്പ് പറഞ്ഞ് പകരമൊരു സ്വര്‍ണ്ണ മെഡല്‍ സമ്മാനിച്ചു.
ആ മുഹമ്മദ് അലിയാണ് എല്ലാ വിവേചനത്തെയും തിന്മകളെയും തട്ടിത്തെറിപ്പിച്ച് ലോകത്തോട് ഫൈറ്റ് ചെയ്യാന്‍ തന്നെ പ്രചോദിപ്പിച്ചതെന്ന് അവര്‍ ഒരിക്കല്‍ വ്യക്തമാക്കിയിരുന്നു. ഇന്നത്തെ വിജയത്തിന് ശേഷം നഗംബ ലോകത്തോടായി പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധേയമാണ്. 'റിങ്ങിലേക്കിറങ്ങിയപ്പോള്‍ ചുറ്റുവട്ടത്ത് നിന്ന് എനിക്കെതിരെ മോശം മുദ്രാവാക്യങ്ങളുണ്ടായിരുന്നു, ഒരു രാജ്യത്തിന്റെയും മേല്‍വിലാസമില്ലാത്ത എനിക്ക് വേണ്ടി കയ്യടിക്കാന്‍ ആരുമുണ്ടായിരുന്നില്ല.പക്ഷേ എന്റെ മനസ്സിലും കാതിലും മുഴങ്ങിയത് ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികളുടെ സുരക്ഷിത തീരം തൊടാനുള്ള നിലവിളികളായിരുന്നു.അവര്‍ക്ക് വേണ്ടി ഈ മത്സരം എനിക്ക് വിജയിക്കണമായിരുന്നു'വെന്നാണ് പ്രതികരിച്ചത്.
ജനിച്ച നാട്ടില്‍ നിന്നും പറിച്ച് നടപ്പെട്ട് വേദനയാല്‍ അതിജീവനം നടത്തുന്ന ആ 11 കോടി മനുഷ്യര്‍ക്കാണ് സിണ്ടി നംഗംബ തന്റെ മെഡല്‍ നേട്ടം സമര്‍പ്പിച്ചത്.
അഭയാര്‍ത്ഥി ടീം എന്ന ആശയത്തിന് പിന്നില്‍
ലോകമെങ്ങുമുള്ള ആഭ്യന്തര കലാപങ്ങളാലും അന്താരാഷ്ട്ര യുദ്ധങ്ങളാലും മറ്റും നാട് നഷ്ടപ്പെട്ട് അതിര്‍ത്തി കടക്കേണ്ടി വന്ന.. വിലാസം നഷ്ടപ്പെട്ടവരെ ഒന്നിപ്പിക്കാന്‍ അന്തരാഷ്ട്ര ഒളിംപിക്സ് കമ്മറ്റി കായിക മേഖലയില്‍ നടത്തിയ ശ്രദ്ധേയമായ ഇടപെടലാണ്
അഭയാര്‍ത്ഥി ടീം എന്ന ആശയം.ഇന്ന് ലോകത്താകമാനം കണക്ക് പ്രകാരം 11 കോടിയോളം അഭയാര്‍ത്ഥികളാണ് ഉള്ളതെന്നാണ് യുണൈറ്റഡ് നേഷന്‍സ് ഹൈ കമ്മീഷണറുടെ റിപ്പോര്‍ട്ട്.
അഭയാര്‍ത്ഥികളെ കൂടി പരിഗണിക്കുക എന്ന ലക്ഷ്യത്തോടെ 2016ല്‍ റിയോ ഒളിംപിക്സിലാണ് ആദ്യമായി അഭയാര്‍ത്ഥി ടീം എന്ന ആശയം അവതരിപ്പിച്ചത്. ടോക്കിയോയും കടന്ന് പാരിസിലെ മൂന്നാം വേദിയിലെത്തുമ്പോള്‍ അതിന്റെ പതാക വഹിക്കേണ്ട റോള്‍ നംഗംബയിലെത്തി.37 പേരുടെ സംഘമാണ് ഇത്തവണ അഭയാര്‍ത്ഥി ടീമായി പാരിസിലുള്ളത്.പാരിസിലെ ചരിത്ര പ്രസിദ്ധമായ സെന്‍ നദിയിലൂടെ വെള്ള കൊടിയില്‍ ഒഴുകിയെത്തിയ അഭയാര്‍ത്ഥി ടീം യുദ്ധവും സംഘര്‍ഷവുമില്ലാത്ത ലോകമെന്ന സമാധാന സന്ദേശം കൂടിയാണ് ഉയര്‍ത്തുന്നത്.
സിണ്ടി നംഗംബയിലൂടെ അതൊരു സ്വര്‍ണ്ണമെഡല്‍ തന്നെ ആകട്ടെയെന്നും അതിന്റെ തിളക്കത്തില്‍ ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥി സമൂഹത്തിന് കൂടി തിളക്കമുണ്ടാകട്ടെയെന്നുമാണ് കായിക ലോകം ആശംസിക്കുന്നത്.