പാരീസ്: കഴിഞ്ഞ 40 വര്‍ഷത്തിന് ശേഷം തങ്ങള്‍ക്ക് ലഭിച്ച ആദ്യ സ്വര്‍ണമെഡലില്‍ ഒളിംപിക്സ് മെഡല്‍ പട്ടികയില്‍ ഇന്ത്യയെ പിന്നിലാക്കി പാകിസ്ഥാന്‍ മുന്നേറിയതോടെ പുരുഷ ജാവലിന്‍ ത്രോയില്‍ മിന്നും നേട്ടം കൈവരിച്ച പാകിസ്ഥാന്‍ താരം അര്‍ഷദ് നദീം ഇപ്പോള്‍ ദേശീയ ഹീറോയാണ്. രാഷ്ട്രീയ നേതൃത്വവും ക്രിക്കറ്റ് താരങ്ങളടക്കമുള്ളവരും അഭിനന്ദനങ്ങള്‍ക്കൊണ്ട് അര്‍ഷാദ് നദീമിനെ മൂടുകയാണ്. നദീം സ്വര്‍ണം നേടിയതോടെയാണ് പാകിസ്ഥാന് പോയിന്റ് പട്ടികയില്‍ നേട്ടമുണ്ടായത്. മത്സരത്തില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്രയ്ക്ക് വെള്ളി ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ സ്വര്‍ണ മെഡല്‍ ജേതാവായ നീരജിന് ഇത്തവണ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടേണ്ടി വന്നു.

ഒളിംപിക് റെക്കോര്‍ഡായ 92.97 മീറ്റര്‍ ദൂരമെറിഞ്ഞാണ് നദീം സ്വര്‍ണം നേടിയത്. നീരജ് തന്റെ സീസണല്‍ ബെസ്റ്റായ 89.45 ദൂരമെറിഞ്ഞു. നീരജിന്റെ ആറ് ശ്രമങ്ങളില്‍ അഞ്ചും ഫൗളായിരുന്നു. പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യ വെള്ളി മെഡലാണിത്. ഗ്രനാഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സിനാണ് വെങ്കലം. 88.54 മീറ്റര്‍ എറിഞ്ഞാണ് താരം വെങ്കലം നേടിയത്. തന്റെ രണ്ടാമത്തെ ശ്രമത്തില്‍ തന്നെ പാകിസ്ഥാന്‍ താരം റെക്കോര്‍ഡ് ദൂരം കണ്ടെത്തി. ടോക്യോ ഒളിംപിക്‌സില്‍ അഞ്ചാം സ്ഥാനത്തായിരുന്നു നദീം. പത്ത് മീറ്റര്‍ വ്യത്യാസത്തിലാണ് ഇത്തവണ നദീം ജാവലിന്‍ പായിച്ചത്. തന്റെ അവസാന ശ്രമത്തില്‍ 91.79 ദൂരമെറിയാനും നദീമിന് സാധിച്ചു. ആദ്യമായിട്ടാണ് ഒരു താരം ഒളിംപിക്‌സില്‍ രണ്ട് തവണ 90 മീറ്റര്‍ ദൂരം പായിക്കുന്നത്.

തന്റെ രണ്ടാം ശ്രമത്തില്‍ അര്‍ഷാദ് നദീം എറിഞ്ഞ ജാവലിന്‍ വീഴ്ത്തിയത് ഒളിമ്പിക്സ് റെക്കോഡാണ്. ഒപ്പം തന്റെ രാജ്യത്തിന്റെ 32 വര്‍ഷത്തെ ഒളിമ്പിക്സ് മെഡല്‍ വരള്‍ച്ചയും 92.7 മീറ്റര്‍ ദൂരം കണ്ട ആ ഏറില്‍ നദീം അവസാനിപ്പിച്ചു.

കഷ്ടപ്പാടുകള്‍ താണ്ടി നേടിയ പൊന്ന്

കഷ്ടപ്പാടുകളുടെ അന്തരീക്ഷത്തിലാണ് നദീം വളര്‍ന്നത്. കൊത്തുപണിക്കാരനായ പിതാവ്, വിയര്‍പ്പുചിന്തിയാണ് നദീമിനുവേണ്ട പാലും നെയ്യുമെല്ലാം വാങ്ങിയിരുന്നത്. ജാവലിനില്‍ മികച്ച മുന്നേറ്റം നടത്താന്‍ മികച്ച ഭക്ഷണം ആവശ്യമായിരുന്നു. അതിനായി അദ്ദേഹം അശ്രാന്തം പരിശ്രമിച്ചു. ഒരു ദിവസം പണിക്കുപോയാല്‍ 400-500 പാകിസ്താന്‍ രൂപയാണ് പിതാവിന് ലഭിക്കുക (ഇന്ത്യയിലെ 30 പൈസയാണ് ഒരു പാകിസ്താന്‍ രൂപ). ഈ സാഹചര്യത്തിലും മകന്റെ കായിക മികവ് കൈവരുത്തുന്നതിനുള്ള ശ്രമങ്ങള്‍ അദ്ദേഹം നന്നായി നടത്തി. തന്നെപ്പോലെ മകന്‍ ആവരുതെന്നും ഉന്നതങ്ങളിലെത്തണമെന്നും ആ പിതാവ് കൊതിച്ചു. ആ പിതാവിന്റെയും പാകിസ്താനിലെ ജനകോടികളുടെയും മോഹങ്ങള്‍ക്ക് നിറം പകര്‍ന്നുകൊണ്ട് നദീം പാരീസില്‍ സ്വര്‍ണമണിഞ്ഞിരിക്കുകയാണ്. വിയര്‍പ്പ്, അവഗണന, കഠിനാദ്ധ്വാനം, പരിഹാസം തുടങ്ങി പിന്നിട്ട വഴികളെയെല്ലാം തത്കാലം മറന്ന് നദീം ആ സ്വര്‍ണത്തില്‍ ആഴത്തിലൊരു മുത്തംവയ്ക്കുന്നു. 40 വര്‍ഷത്തെ പാകിസ്താന്റെ കാത്തിരിപ്പിന് അവിടെ വിരാമമാവുന്നു.

ക്രിക്കറ്റിനോട് പ്രണയം

പാക് പഞ്ചാബിലെ ഗോതമ്പും പരുത്തിയും ഉല്‍പ്പാദിപ്പിക്കുന്ന ഒരു ചെറിയ ഗ്രാമത്തില്‍ നിന്നാണ് അര്‍ഷാദ് നദീമിന്റെ യാത്ര തുടങ്ങുന്നത്. 1.87 മീറ്റര്‍ ഉയരക്കാരനായ അര്‍ഷാദിന് ക്രിക്കറ്റിനോടായിരുന്നു പ്രണയം. ഏഴു സഹോദരന്മാരില്‍ മൂന്നാമനായിരുന്നു അവന്‍. പിതാവ് നിര്‍മാണത്തൊഴിലാളിയാണ്. കൃത്യമായ ഭക്ഷണത്തിന് തന്നെ പാടുപെടുന്ന കുടുംബ പശ്ചാത്തലമുള്ള അര്‍ഷാദിന് തന്റെ ഇഷ്ടവിനോദമായ ക്രിക്കറ്റ് കളിക്കാനുള്ള സൗകര്യങ്ങളോ പരിശീലനമോ ലഭിച്ചിരുന്നില്ല.

എന്നാല്‍ ബുദ്ധിമുട്ടുകള്‍ക്കിടയിലും ഓള്‍റൗണ്ടറായിരുന്നു അര്‍ഷാദ്. തന്റെ ആദ്യകാല സ്‌കൂള്‍ വര്‍ഷങ്ങളില്‍ അദ്ദേഹം അസാധാരണമായ പ്രതിഭയുള്ള ബഹുമുഖ കായികതാരമായിരുന്നു. ക്രിക്കറ്റ്, ബാഡ്മിന്റണ്‍, ഫുട്ബോള്‍, അത്‌ലറ്റിക്‌സ് - തന്റെ സ്‌കൂളില്‍ അവസരംകിട്ടുന്ന എല്ലാ കായിക ഇനങ്ങളിലും അദ്ദേഹം മുഴുകിയെങ്കിലും,അഭിനിവേശം ക്രിക്കറ്റായിരുന്നു, താമസിയാതെ ജില്ലാതല ടേപ്പ്-ബോള്‍ ടൂര്‍ണമെന്റുകളില്‍ അദ്ദേഹത്തിന് പങ്കെടുക്കാന്‍ അവസരം ലഭിച്ചു.

ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അത്‌ലറ്റിക്‌സ് മത്സരത്തിനിടെയാണ് അര്‍ഷാദ്, റഷീദ് അഹമ്മദ് സഖിയുടെ കണ്ണില്‍ പെട്ടത്. കായികതാരങ്ങളെ കണ്ടെത്തി വളര്‍ത്തിയെടുക്കുന്ന ചരിത്രമാണ് റഷീദ് അഹമ്മദ് സഖിക്കുണ്ടായിരുന്നതെന്ന് ഒരു അഭിമുഖത്തിനിടെ അര്‍ഷാദ് പറഞ്ഞിട്ടുണ്ട്.

'ഒരു ദിവസം, എനിക്ക് സ്‌കൂളില്‍ നിന്ന് ഒരു കത്ത് ലഭിച്ചു, ജോലി കിട്ടിയതാണെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ആ കത്ത് റഷീദ് സാഹിബില്‍ നിന്നായിരുന്നു. അദ്ദേഹത്തെ കാണാന്‍ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു, താമസിയാതെ എന്നെ അദ്ദേഹത്തിന്റെ പരിശീലനക്കളരിയിലേക്ക് കൊണ്ടുപോയി' ഒരു പാക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അര്‍ഷാദ് വെളിപ്പെടുത്തി.

ഇതിനിടെ ക്രിക്കറ്റിന് പിന്നാലെ പോകണോ അത്‌ലറ്റിക്സ് തിരഞ്ഞെടുക്കണോ എന്നതില്‍ ആശയകുഴപ്പമുണ്ടായിരുന്നു. ഒടുവില്‍ പരിശീലകനുമായുള്ള നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ അതലറ്റിക്സ് തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചു. ഡിവിഷണല്‍ തലത്തില്‍ അത്ലറ്റുകളായിരുന്ന സഹോദരന്‍മാരില്‍നിന്നും പ്രചോദനമുണ്ടായിരുന്നു അര്‍ഷാദിന് ഈ തിരഞ്ഞെടുക്കലില്‍.

'ക്രിക്കറ്റ് ഉപേക്ഷിക്കുക എന്നത് എളുപ്പമായിരുന്നില്ല. എന്നാല്‍ അത് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമായി മാറുകയും ചെയ്തു. എന്റെ പിതാവ് ഒരു തൊഴിലാളിയാണ്. ക്രിക്കറ്റില്‍ എന്നെ പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ വിഭവങ്ങളോ ബന്ധങ്ങളോ അദ്ദേഹത്തിനില്ലായിരുന്നു. സ്‌കൂളിലെ ഫിസിക്കല്‍ ട്രെയിനിങ് അധ്യാപകരായ അജ്മലും സഫറും ക്രിക്കറ്റില്‍നിന്ന് അത്ലറ്റിലേക്കുള്ള മാറ്റത്തിന് വലിയ സഹായകരമാകുകയും ചെയ്തു' അര്‍ഷാദ് നദീം പറഞ്ഞു.

ലോകം ചുറ്റിച്ച ജാവലിന്‍

അത്‌ലറ്റിക്‌സില്‍ ഷോട്ട്പുട്ട്, ഡിസ്‌കസ്, ജാവലിന്‍ ത്രോ എന്നിവയില്‍ അര്‍ഷാദ് പരിശീലനം നടത്തിയിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഡിസ്‌കസും ഷോട്ട്പുട്ടും ഉപേക്ഷിച്ച് ജാവലിന്‍ ത്രോയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. തുടര്‍ച്ചയായ പഞ്ചാബ് യൂത്ത് ഫെസ്റ്റിവലുകളിലെ സ്വര്‍ണ മെഡലുകളും ഒരു ഇന്റര്‍ ബോര്‍ഡ് മീറ്റും അദ്ദേഹത്തെ ദേശീയ വേദിയിലേക്ക് എത്തിച്ചു. ആര്‍മി, എയര്‍ഫോഴ്‌സ, പാകിസ്താന്‍ വാട്ടര്‍ ആന്‍ഡ് പവര്‍ അതോറ്റി (വാപ്ഡ) എന്നിവയുള്‍പ്പെടെ എല്ലാ മുന്‍നിര ആഭ്യന്തര അത്‌ലറ്റിക്‌സ് ടീമുകളില്‍ നിന്നും ഓഫറുകളും വന്നു. ഒടുവില്‍ റഷീദ് അഹമ്മദ് സഖിയുടെ ഉപദേശത്തില്‍ വാപ്ഡയുടെ ട്രയല്‍സില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു.

വാപ്ഡ ട്രയല്‍സില്‍ 56 മീറ്ററാണ് അര്‍ഷാദ് എറിഞ്ഞത്. അവന്‍ ഒരിക്കലും 60 മീറ്ററില്‍ കൂടുതല്‍ എറിയില്ലെന്ന് പറഞ്ഞ് വാപ്ഡയിലുള്ള ഒരു ഉദ്യോഗസ്ഥന്‍ അര്‍ഷാദിനെ പുറത്താക്കാന്‍ ശ്രമിച്ചു. എന്നാല്‍, അവിടെയുണ്ടായിരുന്ന ഒരാള്‍ അര്‍ഷാദില്‍ സാധ്യതകളുണ്ടെന്ന് തിരിച്ചറിഞ്ഞു. ചാമ്പ്യന്‍ഷിപ്പിനുള്ള പരിശീലന ക്യാമ്പില്‍ അവനെ എടുക്കാന്‍ തീരുമാനിച്ചു. ഒരു മാസത്തിനുള്ളില്‍, അര്‍ഷാദ് ഇന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ചാമ്പ്യന്‍ഷിപ്പില്‍ 69 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടി. അദ്ദേഹത്തെ ക്യാമ്പില്‍ ഉള്‍പ്പെടുത്തിയ ഫിയാസ് ഹുസൈന്‍ ബൊഖാരി അദ്ദേഹത്തിന്റെ സ്ഥിരം പരിശീലകനാവുകയും ചെയ്തു.

ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വാപ്ഡയെ പ്രതിനിധീകരിച്ച അര്‍ഷാദ് തന്റെ അവസാന ശ്രമം വരെ അഞ്ചാമനായിരുന്നു, എന്നാല്‍ അവസാന ശ്രമത്തില്‍ ആദ്യമായി 70 മീറ്റര്‍ കടത്തി. 70 മീറ്റര്‍ ദൂരം അന്താരാഷ്ട്ര തിരഞ്ഞെടുപ്പിന് പര്യാപ്തമാണെന്ന് പരക്കെ കണക്കാക്കപ്പെട്ടിരുന്നു. 18-ാം വയസ്സില്‍ ദേശീയ ചാമ്പ്യനായി മാറിയ അര്‍ഷാദ് 2016-ല്‍ ഇന്ത്യയില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസ് (ടഅഏ)ല്‍ പാകിസ്താന്‍ ടീമില്‍ ഇടംനേടി. ഗുവാഹാട്ടിയില്‍ നടന്ന് ഈ ഗെയിംസിലാണ് ആദ്യമായി നീരജ് ചോപ്രയുമായി അര്‍ഷാദ് മുഖാമുഖം വരുന്നത്. 18 വയസ്സ് തന്നെയുള്ള നീരജ് ചോപ്ര അന്ന് ഗെയിംസ് റെക്കോഡോടെ സ്വര്‍ണംനേടി. ശ്രീലങ്കന്‍ താരം സുമേദ രണസിംഘെ വെള്ളി സ്വന്തമാക്കിയപ്പോള്‍ അര്‍ഷാദിന് വെങ്കലമാണ് ലഭിച്ചത്.

അതേവര്‍ഷം ഹോചിമിനില്‍ നടന്ന ജൂനിയര്‍ ചാമ്പ്യന്‍ഷിപ്സില്‍ നീരജിനു പിറകെ രണ്ടാം സ്ഥാനം നേടാനും നദീമിനായി. പിന്നീട് അണ്ടര്‍-20 അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍, കോമണ്‍വെല്‍ത്ത് ഗെയിംസില്‍, ഏഷ്യന്‍ ഗെയിംസില്‍, ടോക്യോ ഒളിമ്പിക്സില്‍, ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ തുടങ്ങി നിരവധി മത്സരങ്ങളില്‍ നീരജ് ചോപ്രയ്ക്ക് താഴെയായിരുന്നു സ്ഥാനം. ഇരുവരും മുന്‍പ് പത്തുതവണ ഏറ്റുമുട്ടിയപ്പോള്‍ എല്ലായ്പോഴും നീരജായിരുന്നു മുന്‍പന്തിയില്‍. എന്നാല്‍ പാരീസ് ഒളിമ്പിക്സോട് അക്കഥയ്ക്കടിയില്‍ ഒരു വര വരച്ചിരിക്കുകയാണ് നദീം.

നീരജ് സ്വര്‍ണമണിഞ്ഞ ടോക്യോ ഒളിമ്പിക്സില്‍ നാലാംസ്ഥാനത്തായിരുന്നു നദീം. ഈവര്‍ഷം നടന്ന ബുഡാപെസ്റ്റ് ലോക ചാമ്പ്യന്‍ഷിപ്പിലും നീരജിന്റെ താഴെയായിരുന്നു സ്ഥാനം. ഇതിനിടെ നീരജ്-നദീം ദ്വന്ദ്വം ഇന്ത്യ-പാകിസ്താന്‍ എന്ന ക്രിക്കറ്റിലൊക്കെ കാണുന്നതുപോലുള്ള വൈരത്തിലേക്ക് പതിയെപ്പതിയെ വഴിമാറിയിരുന്നു.

ദേശീയ ഹീറോയിലേക്ക്

ഇന്ത്യയില്‍ നീരജ് ചോപ്രയ്ക്ക് കിട്ടിയതിന്റെ ഏഴയലത്തുള്ള പരിഗണനപോലും പാകിസ്താനില്‍ നദീമിന് ലഭിച്ചിരുന്നില്ല. ജാവലിന്‍ കേടായത് ദേശീയ ഫെഡറേഷനെ അറിയിച്ചിട്ടും അതിനൊരു പരിഹാരം കാണാന്‍ പാകിസ്താന് കഴിഞ്ഞിരുന്നില്ല. ഇത് പണ്ടെന്നെങ്കിലുമുള്ള കഥയല്ല. ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു സംഭവം. പുതിയ അന്താരാഷ്ട്ര നിലവാരത്തിലുള്ള ജാവലിനായിരുന്നു നദീം ആവശ്യപ്പെട്ടത്.

നദീം ഇപ്പോഴും ഉപയോഗിക്കുന്നത് ഏഴെട്ടുകൊല്ലം പഴക്കമുള്ള ജാവലിനാണെന്ന് പാക് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്ത പരന്നിരുന്നു. തുടര്‍ന്നാണ് നദീംതന്നെ ഇക്കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയത്. അന്താരാഷ്ട്ര കരിയര്‍ തുടങ്ങിയ 2015 മുതല്‍ ഇതുവരെ ഒരു ജാവലിനാണ് ഉപയോഗിക്കുന്നത്. ഒളിമ്പിക് ഗെയിംസില്‍ മെഡല്‍ ലഭിക്കണമെങ്കില്‍ അതിനാവശ്യമായ സൗകര്യങ്ങളും സജ്ജീകരണങ്ങളും സംവിധാനങ്ങളുമൊക്കെ വേണമെന്ന് നദീം തുറന്നുപറഞ്ഞു. നദീമിനെ പാകിസ്താന്‍ പിന്തുണയ്ക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് നീരജ് പോലും രംഗത്തുവന്ന സാഹചര്യമുണ്ടായി.

എന്തായാലും നദീമിന്റെ സ്വര്‍ണം നേട്ടം പാകിസ്ഥാന് ഗുണം ചെയ്തു. ഒരു സ്വര്‍ണം മാത്രം നേടിയിട്ടുള്ള പാകിസ്ഥാന്‍ നിലവില്‍ 53-ാം സ്ഥാനത്താണ്. ഒരു വെള്ളിയും മൂന്ന് വെങ്കലവും സ്വന്തമായിട്ടുള്ള ഇന്ത്യ അഞ്ച് മെഡലുമായി 64-ാം സ്ഥാനത്താണ്. മെഡലുകള്‍ ഇന്ത്യക്കാണ് കൂടുതലെങ്കിലും സ്വര്‍ണ മെഡല്‍ നേട്ടമാണ് സ്ഥാന നിര്‍ണയത്തിന് കണക്കിലെടുക്കുക.

അമേരിക്കയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. 30 സ്വര്‍ണമാണ് അമേരിക്കയുടെ അക്കൗണ്ടിലുള്ളത്. 29 സ്വര്‍ണമുള്ള ചൈനയാണ് രണ്ടാം സ്ഥാനത്ത്. 18 സ്വര്‍ണവുമായി ഓസ്ട്രേലിയ മൂന്നാം സ്ഥാനത്താണ്. ഫ്രാന്‍സ് (14), ബ്രിട്ടണ്‍ (13) എന്നിവര്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍.