കൊച്ചി: നല്ലൊരു ഹോക്കി സ്റ്റേഡിയം പോലുമില്ലാത്ത കേരളം. എന്നിട്ടും കേരളത്തിലെ കുട്ടികള്‍ ഹോക്കി കളിക്കുന്നു. ആ കായിക ഇനത്തിന് വേണ്ടി ജീവനുഴിഞ്ഞുവച്ച പരിശീലകരുമുണ്ട്. ഓമനകുമാരിയാണ് കേരളത്തിന്റെ ഒളിമ്പിക്സിലെ എണ്‍പതുകളിലെ ഹീറോ. ഒളിമ്പ്യനായ അര്‍ജുന അവാര്‍ഡ് ജേതാവ്. എണ്‍പതുകളില്‍ എങ്ങനെ ഇന്ത്യന്‍ വനിതാ ടീമില്‍ ഓമനകുമാരി കളിച്ചെന്നത് ഇന്നും അത്ഭുതം. റെയില്‍വേ താരമെന്ന പരിഗണനയും ഓമനകുമാരിയെ ടീമിലെത്തിച്ചിരിക്കാം. ഏതായാലും അതിന് അപ്പുറേത്തേക്കൊരു പേര് ഇന്ത്യന്‍ ഹോക്കിക്ക് കേരളം നല്‍കി. പി ആര്‍ ശ്രീജേഷ്. ഇന്ത്യ കണ്ട ഹോക്കി അതികായന്‍. ഹോക്കിയിലെ ഇന്ത്യന്‍ ഇതിഹാസമായാണ് ശ്രീജേഷിന്റെ വിരമിക്കല്‍. കായിക കേരളത്തിന്റെ ഏറ്റവും വലിയ സൂപ്പര്‍താരമാണ് ഈ ഹോക്കി ഗോള്‍കീപ്പര്‍.

രണ്ടു ഒളിമ്പിക്‌സ് മെഡല്‍ എന്ന ചരിത്ര നേട്ടത്തിനുടമായ മലയാളിയാണ് ശ്രീജേഷ്. ഹോക്കിയില്‍ ഇന്ത്യന്‍ ഗോള്‍ വല കാത്ത മാനുവല്‍ ഫെഡ്രിക്‌സായിരുന്നു ആദ്യ വെങ്കലം കേരളത്തിലേക്ക് കൊണ്ടു വന്ന മലയാളി. അദ്ദേഹത്തിന്റെ കരിയറിനും അപ്പുറം ശ്രീജേഷ് നീങ്ങി. ഹോക്കിയിലെ എക്കാലത്തേയും മികച്ച താരമായി മാറുന്ന തരത്തിലെ ശ്രീജേഷിന്റെ സേവുകള്‍. എഴുപതുകളില്‍ ഇന്ത്യന്‍ ഹോക്കിയ്ക്ക് വലിയ കരുത്തുണ്ടായിരുന്നു. ഹോക്കിയുടെ പ്രതാപം പിന്നീട് മങ്ങി. അപ്പോഴാണ് സ്റ്റിക്കുമായി ഗോള്‍വല കാക്കാന്‍ ശ്രീജേഷ് എത്തി. ആ ശ്രീജേഷ് ഇന്ത്യന്‍ ഹോക്കിക്ക് ഒളിമ്പിക്‌സില്‍ രണ്ടു വെങ്കലം നല്‍കുന്നു. ഹോക്കിയില്‍ ഒന്നുമല്ലാത്ത കേരളത്തിന് അഭിമാനം. അങ്ങനെ ഇന്ത്യയുടെ ശ്രീയായി ശ്രീജേഷ് മാറി. ശ്രീജേഷിന്റെ കുപ്പായത്തിലെ പതിനാറാം നമ്പര്‍ ഇന്ത്യന്‍ ഹോക്കിയുടെ വിജയ നമ്പറായി മാറി.

കേരളത്തിലെ ഹോക്കി കളിക്കുന്ന എല്ലാവരേയും പോലെ ശ്രീജേഷും മോഹിച്ചത് ആ ഗ്രേസ് മാര്‍ക്ക് മൂലമാണ്. കിഴക്കമ്പലം പള്ളിക്കരയിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന പി.ആര്‍.ശ്രീജേഷ് ഇന്ത്യന്‍ ഹോക്കിയുടെ വന്‍മതിലായി വളര്‍ന്നതിന് ആദ്യം നന്ദി പറയേണ്ടത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഗ്രേസ് മാര്‍ക്ക് സംവിധാനത്തോടാണ്! ഷോട്ട്പുട്ടും ഓട്ടവും ഇഷ്ടപ്പെട്ടു തിരുവനന്തപുരം ജിവി രാജ സ്പോര്‍ട്സ് സ്‌കൂളിലെത്തിയ ശ്രീജേഷിനെ ഹോക്കി കളിക്കാരനാക്കിയത് എസ്എസ്എല്‍സിക്ക് 60 ഗ്രേസ് മാര്‍ക്കു ലഭിക്കുമെന്ന പ്രലോഭനം എട്ടാം ക്ലാസുകാരനായ ശ്രീജേഷ് അത്ലറ്റിക്സ് വിട്ട് സ്റ്റിക്കെടുത്തു. അതു പിന്നെ ചരിത്ര പുരുഷനിലേക്കുള്ള യാത്രയായി.

ജിവി രാജയില്‍ പ്രവേശനം നേടിയത് അത്‌ലറ്റിക്സ് ട്രയല്‍സിലൂടെയാണെങ്കിലും അതില്‍ രക്ഷയില്ലെന്ന് ശ്രീജേഷിന് പിടികിട്ടി. വോളിബോള്‍ കളിച്ചുനോക്കിയെങ്കിലും രക്ഷയില്ല. ഇങ്ങനെ വേദനിക്കുന്ന ഹൃദയവുമായി നില്‍ക്കുമ്പോഴാണ് ഹോക്കി പരിശീലകരായ ജയകുമാറും രമേശ് കോലപ്പയും എത്തിയത്. അവര്‍ ശ്രീജേഷിനെ ഗ്രേസ് മാര്‍ക്കില്‍ വീഴ്ത്തി. 'രണ്ടു വര്‍ഷത്തിനുള്ളില്‍ ദേശീയ ചാംപ്യന്‍ഷിപ്പില്‍ കളിക്കാം. അതിലൂടെ എസ്എസ്എല്‍സിക്ക് 60 ഗ്രേസ് മാര്‍ക്കും ലഭിക്കും'-ഇതായിരുന്നു വാഗ്ദാനം. ഇത് ശ്രീജേഷിനെ വീഴ്ത്തി. അങ്ങനെ ഹോക്കിക്കാരനായി. ഗോളിയാകാനുള്ള തീരുമാനത്തിലേക്ക് എത്തിയതിനും ശ്രീജേഷിന് ഒരു രസകരമായ കാരണമുണ്ടായിരുന്നു.

ഹോക്കി പരിശീലനത്തിന്റെ ആദ്യദിനങ്ങളില്‍തന്നെ തടുക്കാന്‍ മിടുക്കനായ കയ്യൂക്കുള്ള പയ്യനു ഗോളിയായിട്ടാവും തിളങ്ങാനാവുകയെന്നു പരിശീലകര്‍ തിരിച്ചറിഞ്ഞു. ഗോളിയായാല്‍ അധികം ഓടേണ്ടി വരില്ലല്ലോ എന്നതായിരുന്നു ശ്രീജേഷിന്റെ ചിന്ത. ഗ്രേസ് മാര്‍ക്ക് കൊതിച്ചും ഓടാന്‍ മടിച്ചും ഹോക്കിയില്‍ ഗോള്‍കീപ്പറായ പയ്യന്‍ ഇന്ത്യന്‍ ഹോക്കിയുടെ താരമായി. ടോക്കിയോ ഒളിംപിക്സിലെ വെങ്കല മെഡല്‍ നേട്ടത്തില്‍ നിന്നും പാരീസിലേക്കും കുതിച്ചു. വിരമിക്കുമെന്ന് ശ്രീജേഷ് പറയുന്നു. പക്ഷേ ചെയ്യരുതെന്ന് ഇന്ത്യന്‍ ഹോക്കിയും. ഒരു താരത്തിനും ഇത്രയും വില ഇന്ത്യ ഹോക്കി സമീപ കാലത്തൊന്നും നല്‍കിയിട്ടില്ല. അതാണ് ശ്രീജേഷ്. പിടി ഉഷയും അഞ്ജു ബോബി ജോര്‍ജും ജിമ്മി ജോര്‍ജ്ജും എസ് ശ്രീശാന്തും സഞ്ജു സാംസണുമെല്ലാം കായിക കേരളത്തിന്റെ അഭിമാനമാണ്. എന്നാല്‍ ഇവര്‍ക്കെല്ലാം ഒരു പിടി മുകളിലാണ് ശ്രീജേഷെന്ന ഹോക്കിക്കാരന്റെ സ്ഥാനം.

കൃഷിക്കാരനായ അച്ഛന്‍ പി.ആര്‍.രവീന്ദ്രനൊപ്പം പാടം ഉഴാനും കൊയ്യാനും മെതിക്കാനുമെല്ലാം ഒപ്പം കൂടി കൈവന്ന 'നാടന്‍ ഫിറ്റ്നസ്' ആയിരുന്നു കരുത്ത്. നാലാം വയസ്സില്‍ വീടിനു മുന്നിലെ ചിറയിലേക്ക് എടുത്തിട്ടു നീന്തല്‍ പഠിപ്പിച്ചതും അച്ഛന്‍ തന്നെ. ഈ അച്ഛനാണ് ശ്രീജേഷിന്റെ കരുത്ത്. 2000ല്‍ ആണ് ശ്രീജേഷ് ജിവി രാജ സ്‌കൂളിലെത്തുന്നത്. മകനെ ഇത്ര ദൂരേക്കു വിടുന്നതിന്റെ സങ്കടത്തിലായിരുന്നു അമ്മ ഉഷാകുമാരി. പിന്തുണച്ചത് അച്ഛനാണ്. ഹോക്കി ഗോളിയായി തിളങ്ങിയതോടെ അടുത്തവര്‍ഷംതന്നെ ദേശീയതലത്തില്‍ കളിക്കാനായി. 2003ല്‍ തിരുനെല്‍വേലിയില്‍ നടന്ന ദേശീയ ഇന്‍വിറ്റേഷന്‍ ടൂര്‍ണമെന്റിലെ പ്രകടനമാണു ശ്രീജേഷിനെ ദേശീയ ജൂനിയര്‍ ക്യാംപിലെത്തിച്ചത്.

ജിവി രാജയിലെ മണ്‍ട്രാക്കില്‍ പൊളിഞ്ഞ പോസ്റ്റിനുകീഴില്‍ കളി പഠിച്ച ശ്രീജേഷിനു ദേശീയ ജൂനിയര്‍ ക്യാംപിലേക്കു തിരഞ്ഞെടുക്കപ്പെടുമ്പോള്‍ സ്വന്തമായി ഒരു കിറ്റ് പോലുമുണ്ടായിരുന്നില്ല. 2006ല്‍ 20ാം വയസ്സില്‍ സീനിയര്‍ ടീമില്‍. പിന്നെ പരുക്കേറ്റപ്പോഴല്ലാതെ ടീമിനു പുറത്തിരിക്കേണ്ടി വന്നിട്ടില്ല. ഇന്ത്യന്‍ ഹോക്കിക്കു പ്രചോദനവും അഭിമാനവുമായ പല ചരിത്രനേട്ടങ്ങളിലും ഈ മലയാളിയുടെ ഒറ്റയാന്‍ പ്രകടനം വിജയ ഘടകമായി. പാരീസിലും അത് ഇന്ത്യ കണ്ടു. ലോകം ഈ ഗോള്‍കീപ്പറെ വാഴ്ത്തി. വിരമിക്കല്‍ തീരുമാനം ഇന്ത്യയ്ക്കായി ശ്രീജേഷ് പിന്‍വലിക്കുമെന്ന് കരുതുന്നവരുമുണ്ട്. ഇന്ത്യന്‍ ഹോക്കിയെ അങ്ങനെ മലയാളി വീണ്ടും ലോകത്തിന്റെ നെറുകയിലെത്തിച്ചു.