- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വീട്ടിലെ കറവ പശുവിനെ വിറ്റ് മകന് ആദ്യമായി ഗോള്‍കീപ്പിങ് കിറ്റ് വാങ്ങിയ അച്ഛന്'; ഹൃദയം തൊടുന്ന കുറിപ്പുമായി പി.ആര്. ശ്രീജേഷ്
ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്സോടെ അന്താരാഷ്ട്ര ഹോക്കിയില്‍നിന്ന് വിരമിക്കുമെന്ന പ്രഖ്യാപിച്ച ഇന്ത്യന്‍ ഗോള്‍ക്കീപ്പര്‍ പി.ആര്. ശ്രീജേഷ് സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഹൃദയം തൊടുന്ന കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. കൃഷിക്കാരനായ അച്ഛന് വീട്ടിലെ പശുവിനെ വിറ്റു വാങ്ങിക്കൊടുത്ത ഗോള്‍കീപ്പിങ് കിറ്റുമായാണ് കരിയറിന് തുടക്കമിട്ടത്. 2020 ടോക്യോ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമംഗമായുള്ള മലയാളി സൂപ്പര്‍ താരത്തിന്റെ വളര്‍ച്ചയിലെ ഓരോ പടവുകളും ഓര്‍മപ്പെടുത്തിയാണ് ശ്രീജേഷിന്റെ കുറിപ്പ്.
നേട്ടങ്ങളുടെ നെറുകയില്‍ അഭിനന്ദന പ്രവാഹത്തില്‍ മുങ്ങുമ്പോഴും ഇന്നലെകളെ മറക്കാതെയാണ് ശ്രീജേഷിന്റെ വിരമിക്കല്‍ കുറിപ്പ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടു നീണ്ട കായിക ജീവിതത്തില്‍ നന്ദി ഒരുപാടു പേരോടു പറയാനുണ്ടെങ്കിലും സ്വന്തം പിതാവിന്റെ പിന്തുണ സ്നേഹപൂര്‍വ്വം ചേര്‍ത്തു വെയ്ക്കുകയാണ് ഇന്ത്യന്‍ ഹോക്കിയുടെ കാവലാള്‍.
തിരുവനന്തപുരം ജിവി രാജ സ്പോര്‍ട്സ് സ്കൂളിലെ പഠന കാലമാണ് ജീവിതത്തില്‍ വഴിത്തിരിവായത്. ആദ്യമൊക്കെ ഹോക്കി ആയിരുന്നില്ല തന്റെ ഇഷ്ട വിനോദം. പിന്നീട് അധ്യാപകരാണ് വഴി തിരിച്ചു വിട്ടത്. ഹോക്കി താരമായി അറിയപ്പെടുമ്പോഴും പിന്നീട് ദേശീയ ക്യാമ്പുകളിലേ മറ്റും തെരഞ്ഞെടുക്കപ്പെട്ടപ്പോഴും നല്ലൊരു സ്പോര്‍ട്സ് കിറ്റ് പോലും തനിക്ക് ഉണ്ടായിരുന്നില്ല. വലിയ വിലവരുന്ന കിറ്റ് സ്വന്തമായി വാങ്ങിക്കാനുള്ള ശേഷി കുടുംബത്തിനും ഉണ്ടായിരുന്നില്ല. എങ്കിലും കര്‍ഷകനായ അച്ഛന് തനിക്ക് എല്ലാ പിന്തുണയും നല്‍കിയിരുന്നതായി ശ്രീജേഷ് ഓര്‍ക്കുന്നു.
മറ്റു കൃഷികള്‍ക്കൊപ്പം കാലിവളര്‍ത്തലും വീട്ടിലുണ്ടായിരുന്നു. ക്ഷീര കര്ഷകന് കൂടിയായ അച്ഛന് വീട്ടിലെ കറവപ്പശുക്കളില്‍ ഒന്നിനെ വിറ്റു കിട്ടിയ പണം ഉപയോഗിച്ചാണ് ആദ്യത്തെ ഹോക്കി കിറ്റ് വാങ്ങി തരുന്നത്. പിന്നീട് ജീവിത സാഹചര്യം മെച്ചപ്പെട്ടു. വിലകൂടിയ സ്പോര്‍ട്സ് ഉപകരണങ്ങളെല്ലാം ഉപയോഗിച്ചു തുടങ്ങി. എങ്കിലും ആദ്യ കിറ്റ് വാങ്ങിയ വൈകാരികത തന്നെ വിട്ട് ഒരിക്കലും പോവുകയില്ലെന്ന് ശ്രീജേഷ് പറയുന്നു.
താന്‍ നേടിയ ഏറ്റവും വലിയ മെഡലാണ് ഒളിമ്പിക് മെഡല്‍. ഇത് തന്റെ അച്ഛനെ സമര്‍പ്പിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല എന്ന് പറയുന്നതിന്റെ കാരണം ഇന്ന് രാജ്യം അംഗീകരിക്കുന്ന രീതിയില്‍ തന്നെ വളര്‍ത്തിയത് അച്ഛന്റെ കാരുണ്യവും കരുതലും തന്നെയാണ്.
കരിയറില്‍ പിന്തുണച്ച കുടുംബം, ടീമംഗങ്ങള്‍, ആരാധകര്‍ എന്നിവര്‍ക്ക് നന്ദിയറിയിച്ചാണ് കുറിപ്പ്. 2006-ലാണ് ശ്രീജേഷിന്റെ ഇന്ത്യക്കുവേണ്ടിയുള്ള അരങ്ങേറ്റം. ജി.വി. രാജ സ്കൂളില്‍നിന്നാണ് ശ്രീജേഷിന്റെ ഹോക്കിയിലെ തുടക്കം. ഒളിമ്പിക്സില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാവാന്‍ കഴിഞ്ഞത് വാക്കുകള്‍ക്കപ്പുറത്തുള്ള ആദരവാണ്. ലോകത്തെ ഏറ്റവും മികച്ച ഗോള്‍ക്കീപ്പറായുള്ള അംഗീകാരം എന്നെന്നേക്കും വിലമതിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'അന്താരാഷ്ട്ര ഹോക്കിയിലെ എന്റെ അവസാന അധ്യായത്തിന്റെ പടിയില്‍ നില്ക്കുമ്പോള്, എന്റെ ഹൃദയം നന്ദി കൊണ്ട് വീര്‍പ്പുമുട്ടുന്നു. എന്നില്‍ വിശ്വസിച്ചതിന് നന്ദി. ഈ അധ്യായം അവസാനിപ്പിക്കുന്നു. പുതിയത് ആരംഭിക്കുകയായി' - പാരിസ് ഒളിമ്പിക്സിന് മുന്നോടിയായി ഹോക്കിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു കൊണ്ട് പി ആര് ശ്രീജേഷ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ജി.വി. രാജ സ്കൂള്‍ മുതലുള്ള കരിയറിനെക്കുറിച്ചു വിശദമായി തന്നെ ശ്രീജേഷ് കുറിച്ചിട്ടുണ്ട്. "ഞങ്ങളുടെ പശുവിനെ വിറ്റ കാശുകൊണ്ടാണ് പിതാവ് എനിക്ക് ആദ്യത്തെ കിറ്റ് വാങ്ങിത്തന്നത്. അതെനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. അദ്ദേഹം ചെയ്ത ത്യാഗം എന്റെ ഉള്ളിലെ അഗ്നിയായി. ഞാന്‍ കഠിനാധ്വാനം ചെയ്തു. വലിയ സ്വപ്നങ്ങള്‍ കണ്ടു." ശ്രീജേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
രണ്ടു പതിറ്റാണ്ടിനടുത്തായി ഇന്ത്യന്‍ ഹോക്കിയുടെ കാവല്‍ക്കാരനാണ് ശ്രീജേഷ്. പാരീസിലേത് ശ്രീജേഷിന്റെ നാലാമത്തെ ഒളിമ്പിക്സാണ്. 2006 ലാണ് ഈ എറണാകുളംകാരന്‍ ദേശീയ ടീമിന്റെ ഭാഗമാകുന്നത്. എറണാകുളം കിഴക്കമ്പലത്തു നിന്ന് രാജ്യാന്തര ഹോക്കിയുടെ നെറുകയിലെത്തിയ ശ്രീജേഷിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നില്ല. കുടുംബമായിരുന്നു ശ്രീജേഷിന് എന്നും കരുത്ത്. കൃഷിക്കാരനായ അച്ഛന് പി വി രവീന്ദ്രന് വീട്ടിലെ പശുവിനെ വിറ്റായിരുന്നു മകന് ആദ്യമായി ഗോള്‍കീപ്പിങ് കിറ്റ് വാങ്ങി നല്‍കിയത്.
ഹോക്കിയായിരുന്നില്ല കുട്ടിക്കാലത്ത് ശ്രീജേഷിന്റെ ഇഷ്ടവിനോദം. അത്ലറ്റിക്സിലും വോളിബോളിലും ബാസ്കറ്റ് ബോളിലുമായിരുന്നു കമ്പം. സ്പോര്‍ട്സിലെ അഭിരുചി തിരിച്ചറിഞ്ഞ അധ്യാപകര്‍ തിരുവനന്തപുരം ജി വി രാജ സ്പോര്‍ട്സ് സ്കൂളിലേക്ക് അയച്ചത് വഴിത്തിരിവായി. അവിടെവച്ചാണ് ഹോക്കി സ്റ്റിക് ആദ്യമായി തൊടുന്നത്. എട്ടാം ക്ലാസുകാരന്റെ ഊര്‍ജം കണ്ട് പരിശീലകന് ജയകുമാര്‍ വല കാക്കാന്‍ ഏല്‍പ്പിക്കുകയായിരുന്നു.
2003ല്‍ ദേശീയ ജൂനിയര്‍ ക്യാമ്പില്‍ എത്തിയതോടെ ശ്രദ്ധിക്കപ്പെട്ടു. സമര്‍പ്പണവും നിശ്ചയദാര്‍ഢ്യവും മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ കുപ്പായത്തിലെത്തിച്ചു. പിന്നീട് 18 വര്‍ഷം ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണകാലം വീണ്ടെടുക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായി. പലകളികളിലും ഒറ്റയ്ക്ക് ടീമിനെ വിജയത്തിലെത്തിച്ചു. ലണ്ടന്‍, റിയോ ഒളിമ്പിക്സ് സംഘത്തിലെ ഒന്നാം നമ്പര്‍ ഗോളിയായി. റിയോയില്‍ ക്വാര്‍ട്ടര്‍ വരെ എത്തിയ ടീമിന്റെ ക്യാപ്റ്റനായി. ടോക്യോയിലും ആ കൈകള്‍ ചോര്‍ന്നില്ല. വെങ്കലം നേടിയ ശേഷം ഇനി എനിക്ക് ചിരിക്കാമെന്നാണ് ശ്രീജേഷ് ട്വിറ്ററില്‍ കുറിച്ചത്.
328 മത്സരങ്ങളില്‍ രാജ്യത്തിന്റെ വല കാത്തു. രണ്ടുതവണ ഏഷ്യന്‍ ഗെയില്‍സില്‍ സ്വര്‍ണം നേടി. രണ്ടുതവണ ഏഷ്യാ കപ്പ് വിജയത്തിലും നാലുതവണ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി വിജയത്തിലും പങ്കാളിയായി. രാജ്യത്തെ മികച്ച കായികതാരത്തിനുള്ള ഖേല്‍ രത്ന പുരസ്കാരവും തേടിയെത്തി. 2015ല്‍ അര്‍ജുന അവാര്‍ഡും 2017ല്‍ പത്മശ്രീ പുരസ്കാരവും ലഭിച്ചു. പാരിസില്‍ തന്റെ നാലാമത്തെ ഒളിമ്പിക്സിനിറങ്ങുമ്പോള്‍ 2020ല്‍ നേടിയ വെങ്കലത്തേക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ് ഇത്തവണത്തെ ശ്രീജേഷിന്റെ പ്രതീക്ഷ.