പാരീസ്: ഇന്ത്യന്‍ കായിക ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത പോരാട്ടത്തിനായിരുന്നു കഴിഞ്ഞ ദിവസം പാരീസ് ഒളിമ്പിക്സിന്റെ ഗുസ്തി മത്സരം നടക്കുന്ന സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 82 അന്താരാഷ്ട്ര മത്സരങ്ങളില്‍ തോല്‍വി ആറിയാതെ വന്ന നിലവിലെ ഒളിമ്പിക്സ് സ്വര്‍ണ്ണമെഡല്‍ ജേതാവിനെ അട്ടിമറിച്ച തുടങ്ങിയ വിനേഷ് ഫോഗാട്ടിന്റെ കുതിപ്പ് ഇന്ന് സ്വര്‍ണ്ണത്തില്‍ പര്യവസാനിക്കുമെന്ന പ്രതീക്ഷയിലായിരുന്നു രാജ്യം.എന്നാല്‍ ഒരു നൂറുഗ്രാമിന്റെ വ്യത്യാസത്തില്‍ ഒരു രാജ്യത്തിന്റെ പ്രതീക്ഷയാകെ കെട്ടടങ്ങി.തിരിച്ചടികള്‍ മാത്രം നേരിട്ട ഈ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ക്യാമ്പ് ഏറ്റവും കൂടുതല്‍ ആഘോഷിച്ച ദിവസം കൂടിയായിരുന്നു ഇന്നലെ.പക്ഷെ ആ സന്തോഷത്തിന് കുറച്ചു മണിക്കൂര്‍ നേരത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളു.

നേരത്തെ 53 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ചിരുന്ന വിനേഷ് ഇത്തവണയാണ് 50 കിലോഗ്രാം വിഭാഗത്തിലേക്ക് മാറിയത്.53 കിലോ വിഭാഗത്തില്‍ മറ്റൊരു താരം യോഗ്യത നേടിയതിനാലാണ് വിനേഷിന് തന്റെ ഇനം മാറ്റേണ്ടി വന്നത്.അതിനാല്‍ തന്നെ ഭാരം ക്രമീകരിക്കാന്‍ താരം നന്നേ പാടുപെട്ടിരുന്നു.ഭാരപരിശോധനയില്‍ പരാജയപ്പെട്ട് വിനേഷ് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ പലവിധ ചര്‍ച്ചകളാണ് ഇതേപ്പറ്റി നടക്കുന്നത്.വിനേഷിനുണ്ടായ തിരിച്ചടിയെക്കുറിച്ചും ഗുസ്തി ഭാരപരിശോധന മാനദണ്ഡങ്ങളെക്കുറിച്ചും ഈ രംഗത്തെ ്പ്രമുഖര്‍ പ്രതികരണവുമായി രംഗത്തെത്തി.അവര്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്..

തുടര്‍ച്ചയായ മത്സരങ്ങളാണ് തിരിച്ചടിയുടെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.ഉറങ്ങാതെ രാത്രി മുഴുവന്‍ പരിശീലനം നടത്തിയിട്ടും 100 ഗ്രാമിന്റെ കൂടുതലാണുണ്ടായത്.വിനീഷ് സാധാരണയായി മത്സരിച്ചിരുന്നത് 53 കിലോഗ്രാം വിഭാഗത്തിലായിരുന്നു. ഇപ്പോള്‍ മത്സരിക്കുന്ന 50 കിലോഗ്രാമിനേക്കാള്‍ മൂന്ന് കിലോ കൂടുതല്‍.ഭാരം കുറച്ചിട്ടാണ് മത്സരത്തിനൊരുങ്ങിയത്. വിനേഷിനെ സംബന്ധിച്ച് ഇന്നലെ മൂന്ന് മത്സരങ്ങളാണ് കളിച്ചത്. അത് മൂന്നും വളരെ കഠിനമായതുമായിരുന്നു.

നിലവില്‍ ഭാരം കുറച്ചിരിക്കുന്ന ഒരാള്‍ ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ സ്വഭാവികമായും കൂടുതല്‍ ഊര്‍ജം ആവശ്യമായി വരും.സപ്ലിമെന്റ്സ് കഴിക്കുമ്പോള്‍ 2,3 കിലോ കൂടിയേക്കാം.ഇത് കുറച്ചുകൊണ്ടുവരിക എന്നത് വലിയൊരു പ്രക്രിയയാണ്. 100 ഗ്രാം കൂടിയതായാണ് പറയുന്നത്. 10 ഗ്രാമാണെങ്കില്‍ പോലും മത്സരിക്കാനാകില്ല. ശരീരത്തിലെ കൊഴുപ്പിന്റെ അംശം 10 ശതമാനത്തില്‍ താഴെ മാത്രമാണ്. അതില്‍ ഇനി കുറയ്ക്കാന്‍ ഒന്നും തന്നെയില്ലെന്നും വിദഗ്ധര്‍ പറയുന്നു.

ഇനി നിയമ വശങ്ങളിലേക്ക് വന്നാല്‍.. 16 പേരിലധികം മത്സരിക്കുന്ന വിഭാഗമാണെങ്കില്‍ ഓരോ ദിവസവും ഭാരപരിശോധനയുണ്ടാകും. മത്സരദിവസം രാവിലെയായിരിക്കും പരിശോധന. ആദ്യ ദിവസം 30 മിനുറ്റാണ് ഭാരം തെളിയിക്കാനുള്ള അവസരം നല്‍കുന്നത്. ഈ 30 മിനുറ്റ് സമയത്തിനുള്ളില്‍ എത്ര ശ്രമങ്ങള്‍ വേണമെങ്കിലും നടത്താവുന്നതാണ്.50 കിലോഗ്രാം വിഭാഗമാണെങ്കില്‍ ഉപയോഗിക്കുന്ന വസ്ത്രം ഉള്‍പ്പെടെ 49.5-50 കിലോഗ്രാമിനുള്ളിലായിരിക്കണം ശരീരഭാരം.

രണ്ടാം ദിവസത്തിലേക്ക് എത്തുമ്പോള്‍ 30 മിനുറ്റെന്ന സമയപരിധി 15 മിനുറ്റാക്കി ചുരുക്കും. ഇവിടെയുണ്ടായ ഒരു വീഴ്ചയായിരിക്കണം ഇത്തരമൊരു തിരിച്ചടിക്ക് കാരണമായത്.ഇന്ന് വിനേഷിന് അനുവദനീയമായത് 15 മിനുറ്റ് മാത്രമായിരുന്നു. ഇതില്‍ ശരീരഭാരം തെളിയിക്കാന്‍ പറ്റുന്നതിന് പരിധിയുണ്ടല്ലോ. നേരത്തെ തന്നെ ഭാരം നിയന്ത്രിച്ച് കൊണ്ടുവരണമായിരുന്നു.

പരിശീലകരും സപ്പോര്‍ട്ട് സ്റ്റാഫും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കാരണം ഇത് ടോപ് ലെവല്‍ മത്സരമാണ്. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. ശരീരഭാരം കൃത്യമായി കണക്കുകൂട്ടി വേണം മുന്നോട്ട് പോകാന്‍. പരിശീലകര്‍ മാത്രമാല്ല, ഫിസോയയുമെല്ലാം ഉള്‍പ്പെടുന്ന ടീമാണ് സംഘത്തിനൊപ്പമുള്ളത്.ഫൈനല്‍ വരെ എത്തിയതാണ്, ഈ നിയമത്തിന്റെ കാര്യം വ്യക്തമായി അറിയാവുന്നതാണ്, ശ്രദ്ധ പുലര്‍ത്തണമായിരുന്നു. കുറച്ചുകൂടി ശ്രമിച്ചിരുന്നെങ്കില്‍ ഊര്‍ജം നഷ്ടമായിട്ടാണെങ്കലും ഫൈനലില്‍ മത്സരിക്കാമായിരുന്നു വെള്ളി മെഡലെങ്കിലും നേടാമായിരുന്നുവെന്നും പരിശീലകര്‍ വ്യക്തമാക്കുന്നു.

ഇത് ആദ്യമായല്ല വിനേഷിന് ഭാരം നിലനിര്‍ത്താനാകാതെ പോകുന്നത്. ഒളിമ്പിക്‌സ് യോഗ്യത ഘട്ടത്തിലും സമാനമായ വെല്ലുവിളി നേരിട്ടിരുന്നെങ്കിലും അതിജീവിക്കുകയായിരുന്നു. ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതകൂടിയായിരുന്നു വിനേഷ്. അമേരിക്കയുടെ സാറ ഹില്‍ഡെബ്രാന്‍ഡായിരുന്നു കലാശപ്പോരിലെ എതിരാളി.