മ്യൂണിക്ക്: ഒന്നരദശാബ്ദക്കാലം ജര്‍മ്മന്‍ ഗോള്‍വല കാത്ത വന്‍മതില്‍ ഇനിയില്ല.ജര്‍മന്‍ ദേശീയ ടീം ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയര്‍
രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.2009-ല്‍ ജര്‍മ്മനിക്കായി അരങ്ങേറിയ ന്യൂയര്‍ 124 മത്സരങ്ങളിലാണ് ജര്‍മ്മനിയുടെ ഗോള്‍ മുഖം കാത്തത്.ഇതില്‍ ഒരു ഫൈനല്‍ ഉള്‍പ്പടെ നാലു ലോകകപ്പും നാലു യൂറോകപ്പും ഉള്‍പ്പെടുന്നു.2014ലെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ന്യൂയര്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം നേടി.

നേരത്തെ, 2026ലെ ലോകകപ്പ് വരെ ന്യൂയര്‍ തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ ഇതിഹാസതാരം വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.'എപ്പോഴാണെങ്കിലും ഈ ദിവസം വരേണ്ടതാണ്. ജര്‍മന്‍ ദേശീയ ടീമിനൊപ്പമുള്ള യാത്ര അവസാനിക്കുന്നു. വിരമിക്കാനുള്ള തീരുമാനം എളുപ്പമായിരുന്നില്ലെന്ന് എന്നെ അറിയാവുന്ന എല്ലാവര്‍ക്കും അറിയാം' - ന്യൂയര്‍ പറഞ്ഞു.മാറക്കാനയില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് നേടിയ ലോക കിരീടമാണ് തന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടമെന്നും ന്യൂയര്‍ കുറിപ്പില്‍ പറയുന്നു.

2018, 2022 ലോകകപ്പുകളില്‍ ന്യൂയറിന്റെ ക്യാപ്റ്റന്‍സിയില്‍ ലോകകപ്പ് കളിക്കാന്‍ ഇറങ്ങിയ ജര്‍മനിക്ക് ഗ്രൂപ്പ് ഘട്ടം കടക്കാന്‍ കഴിഞ്ഞില്ല.
ഇത്തവണത്തെ യൂറോകപ്പിന് ശേഷം നാലാമത്തെ താരമാണ് ജര്‍മ്മന്‍ ജേഴ്സിയില്‍ നിന്നും വിടവാങ്ങുന്നത്.ടോണി ക്രൂസ്, തോമസ് മുള്ളര്‍, ഇകായ് ഗുണ്ടോഗന്‍ എന്നിവരെ നേരത്തെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.യൂറോകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്പെയിനിനെതിരെയാണ് അവസാനമായി ന്യൂയര്‍ ജര്‍മന്‍ കുപ്പായത്തില്‍ കളിച്ചത്.ബയേണ്‍ മ്യൂണിക്കിനായി ക്ലബ് ഫുട്ബാളില്‍ തുടരും.

ന്യൂയര്‍ വിരമിച്ചതോടെ ബാഴ്സലോണ ഗോള്‍ കീപ്പര്‍ അന്ദ്രെ ടെര്‍സ്റ്റെഗനാകും ജര്‍മനിയുടെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍.ജര്‍മനിയുടെ എക്കാലത്തെയും മികച്ച ഗോള്‍കീപ്പര്‍ എന്ന തിളക്കത്തോടെയാണ് തന്റെ 38ാമത്തെ വയസ്സില്‍ താരം ദേശീയ ടീമിനോട് വിടപറയുന്നത്.