- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞങ്ങളുടെ കുട്ടികളെ ഒന്നു ചിരിപ്പിക്കാൻ കഴിഞ്ഞാൽ അത് ഓരോ കളിക്കാരനും അഭിമാനം'; ആവേശപ്പോരിൽ ശക്തരായ ലിബിയയെ തകർത്തത് പെനാൽറ്റി ഷൂട്ടൗട്ടിൽ; അറബ് കപ്പിൽ യോഗ്യത നേടി ഫലസ്തീൻ
ദോഹ: ഫിഫ അറബ് കപ്പ് 2025-ന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി ഫലസ്തീൻ ഫുട്ബോൾ ടീം. യോഗ്യതാ റൗണ്ടിൽ ആവേശകരമായ മത്സരത്തിൽ ലിബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3 ന് തകർത്താണ് ഫലസ്തീൻ മുന്നേറിയത്. ദോഹയിൽ നടന്ന ആവേശ പോരാട്ടത്തിൽ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകൾക്കും ഗോൾ നേടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് മത്സരം പെനാൽറ്റി ഷൂട്ട്ഔട്ടിലേക്ക് കടക്കുകയായിരുന്നു.
ഷൂട്ടൗട്ടിൽ ഫലസ്തീൻ താരങ്ങൾ സമ്മർദ്ദമില്ലാതെ പന്തുകൾ വലയിലെത്തിച്ചു. എന്നാൽ, മത്സരത്തിലെ യഥാർത്ഥ ഹീറോ ഫലസ്തീൻ ഗോൾകീപ്പർ റമി ഹമാദയായിരുന്നു. ലിബിയയുടെ ഒരു നിർണ്ണായക കിക്ക് സേവ് ചെയ്ത റമി തന്റെ ടീമിന് നിർണ്ണായകമായ മുൻതൂക്കം നൽകി. ഒടുവിൽ, ലിബിയൻ താരം മർവാൻ അൽ ഹബീഷിയുടെ ഷോട്ട് ലക്ഷ്യം തെറ്റിയപ്പോൾ പലസ്തീൻ 4-3 ന്റെ വിജയം ഉറപ്പിച്ച് അറബ് കപ്പിന് യോഗ്യത നേടി. ഷൂട്ടൗട്ടിലെ 4-3 എന്ന വിജയത്തോടെ അറബ് കപ്പിലെ 16 ടീമുകളുള്ള ഗ്രൂപ്പ് ഘട്ടത്തിലേക്ക് പലസ്തീൻ പ്രവേശിച്ചു.
'ഇതായിരുന്നു ഏറ്റവും കടുപ്പമേറിയ പ്ലേ ഓഫ് മത്സരം. ലിബിയ ശക്തരാണ്. ഞങ്ങളുടെ സാഹചര്യങ്ങളും കളിക്കാരുടെ അഭാവവും ഈ മത്സരത്തെ കൂടുതൽ പ്രയാസകരമാക്കി. എങ്കിലും ഞങ്ങൾ അഭിമാനിക്കുന്നു,' മത്സരശേഷം കോച്ച് ഇഹാബ് അബു ജസാർ പറഞ്ഞു. 'മറ്റെല്ലാ ടീമുകളിൽ നിന്നും ഞങ്ങൾ വ്യത്യസ്തരാണ്. അവർ മത്സരിക്കാൻ വേണ്ടി കളിക്കുമ്പോൾ, ഞങ്ങൾ രണ്ട് ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ് കളിക്കുന്നത്: ഫുട്ബോളിലൂടെ സന്ദേശങ്ങൾ നൽകാനും പലസ്തീൻ ഫുട്ബോളിനെ വികസിപ്പിക്കാനും. ഫലസ്തീൻ ജനതയ്ക്ക് സന്തോഷം നൽകാൻ കഴിയുന്ന ചുരുക്കം ചില കാര്യങ്ങളിൽ ഒന്നാണ് ഫുട്ബോൾ.'
ക്യാപ്റ്റൻ മുസബ് അൽ-ബത്താത്ത് പറയുന്നത്, 'ഈ യോഗ്യത ഏറെ അഭിമാനം നൽകുന്നതാണ്. പലസ്തീനിലെ കുട്ടികളെ ഒന്നു ചിരിപ്പിക്കാൻ കഴിഞ്ഞാൽ പോലും അത് ഓരോ കളിക്കാരനും ലഭിക്കുന്ന വലിയ നേട്ടമാണ്.' ഈ വിജയത്തോടെ, ഫലസ്തീൻ ടീം ആതിഥേയരായ ഖത്തർ, ടുണീഷ്യ, സിറിയ എന്നീ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പ് എയിൽ കളിക്കും. ഡിസംബർ 1-ന് അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഖത്തറിനെതിരെയാണ് ഫലസ്തീന്റെ ആദ്യ മത്സരം. ഡിസംബർ ഒന്നിന് ആരംഭിച്ച് 18 വരെയാണ് ടൂർണമെന്റ് നടക്കുന്നത്.




