- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുജിസിയുടെ ആദ്യ നൂറു റാങ്കുകളിൽ എംജി, കേരള, കാലിക്കറ്റ്, കണ്ണൂർ സർവ്വകലാശാലകൾ; നാക് സ്കോർ 3.1 നു മുകളിലും; ഡിസ്റ്റൻസ് മോദിൽ സർവ്വകലാശാലകൾക്ക് കോഴ്സുകൾ തുടരാമെന്നിരിക്കെ അത് മറച്ച് വെച്ച് സർക്കാർ നടത്തുന്നത് കള്ളക്കളി; വിസി-പിവിസി പോസ്റ്റുകൾക്കും നിയമനങ്ങളും വേണ്ടി കൊണ്ടുവരുന്നത് ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല; അരിയുന്നത് സമാന്തര വിദ്യാഭ്യാസ മേഖലയുടെ ചിറകുകൾ; പന്താടുന്നത് 40 ശതമാനം വിദ്യാർത്ഥികളുടെ ഭാവിയും; എതിർപ്പുകൾ രൂക്ഷമാകുന്നു
തിരുവനന്തപുരം: രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സർക്കാർ ആരംഭിക്കുന്ന ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല സമാന്തര വിദ്യാഭ്യാസ മേഖലയുടെ ചിറകരിയും. നാല്പത് ശതമാനത്തോളം വിദ്യാർത്ഥികൾ ആശ്രയിക്കുന്ന പ്രൈവറ്റ്-പാരലൽ കോളേജുകളുടെ അസ്തിവാരം കൂടി തോണ്ടിയിട്ടാണ് ഈ ഓപ്പൺ സർവ്വകലാശാലയുടെ വരവ്. യോജ്യരായിട്ടും റെഗുലർ കോളേജിൽ പഠിക്കാൻ കഴിയാത്ത സാധാരണക്കാരുടെ മക്കളാണ് സർവ്വകലാശാലകളിൽ പ്രൈവറ്റ് രജിസ്ട്രേഷൻ നടത്തി വിദ്യാഭ്യാസം തുടരുന്നത്. ഒരേ സർട്ടിഫിക്കറ്റ് ആണ് ലഭിക്കുന്ന എന്നുള്ളതുകൊണ്ടാണ് പ്രൈവറ്റ്-പാരലൽ കോളേജിൽ പോയി പഠിച്ച് ഇവർ വിദ്യാഭ്യാസം മുന്നോട്ടു കൊണ്ട് പോകുന്നത്. ഈ വിദ്യാർത്ഥികൾക്ക് ഇനി ഏകാശ്രയം സർക്കാർ ഒക്ടോബർ രണ്ടിന് തുടങ്ങുന്ന ശ്രീനാരായണ ഗുരു സർവ്വകലാശാലയിൽ പോയി പഠിക്കുക എന്ന ഒരൊറ്റ ഗതി മാത്രമാണ് മുന്നിൽ ഉള്ളത്. ഇവർ ഇതുവരെ പഠനം തുടങ്ങിയ സർവ്വകലാശാലകളെ ഈ ശ്രീനാരായണ ഗുരു സർവ്വകലാശാലയുടെ വരവോടെ ആശ്രയിക്കാൻ കഴിയില്ല. പഠനം ഇനി ഓപ്പൺ സർവ്വകലാശാലയിലേക്ക് മാറ്റേണ്ടിയും വരും. ലഭിക്കുന്നത് ശ്രീനാരായണ ഗുരു സർവ്വകലാശാലയുടെ സർട്ടിഫിക്കറ്റും. ഇത് വിദ്യാർത്ഥികൾ അംഗീകരിക്കില്ല. അവർ പഠനം തമിഴ്നാട്-കർണാടക സർവ്വകലാശാലകളിലേക്ക് മാറ്റും. വരുമാനം മുഴുവൻ ഈ സംസ്ഥാനങ്ങളിലെ സർവ്വകലാശാലകൾ പങ്കിട്ട് എടുക്കും. അതേസമയം വിദ്യാർത്ഥികളെ ലഭിക്കാതെ പ്രൈവറ്റ് പാരലൽ കോളേജുകൾ അടച്ചിടേണ്ട അവസ്ഥയും വരും.
ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലകളിലെ വിസി-പിവിസി പോസ്റ്റുകളും നിയമനങ്ങളും ലക്ഷ്യംവച്ചാണ് അധികാരത്തിൽ നിന്നിറങ്ങാൻ പോകുന്ന സർക്കാർ ധൃതിയിൽ യുജിസിയുടെ മുകളിൽ പഴി ചാരി ഓപ്പൺ സർവ്വകലാശാല തുടങ്ങാൻ പോകുന്നത്. നാക് സ്കോർ 3.1 നു മുകളിൽ വരുന്ന, യുജിസിയുടെ ആദ്യ നൂറു റാങ്കുകളിൽ തുടരുന്ന സർവ്വകലാശാലകൾക്ക് പ്രൈവറ്റ്-വിദൂരവിദ്യാഭ്യാസം തുടരാൻ യുജിസി നിയമ പ്രകാരം കഴിയും. ഇപ്പോൾ വിദൂര വിദ്യാഭ്യാസവും പ്രൈവറ്റ് രജിസ്ട്രേഷനും നടത്തുന്ന കാലിക്കറ്റ്, കണ്ണൂർ, എംജി, കേരള സർവ്വകലാശാലകൾ യുജിസിയുടെ ആദ്യ നൂറു സർവ്വകലാശാലകളുടെ റാങ്കിംഗിൽ വരുന്നതാണ്. നാക് സ്കോർ 3.1 നു മുകളിലുമുണ്ട്. ഈ സർവ്വകലാശാലകൾ കോഴ്സുകൾ നടത്തുന്നതിൽ അതുകൊണ്ട് തന്നെ യുജിസിക്ക് എതിർപ്പില്ല. എതിർപ്പ് കേരള സർക്കാരിനാണ്.
യുജിസിയുടെ എതിർപ്പുണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ പാർട്ടികൾക്ക് എതിർക്കാൻ കഴിയാത്ത വിധം ശ്രീനാരായണഗുരുവിന്റെ പേരും നൽകി രാഷ്ട്രീയ തട്ടിപ്പാണ് സർക്കാർ ഈ സർവ്വകലാശാലയുടെ പേരിൽ നടത്തുന്നത്. യുജിസി നിയമം മാറ്റിയ കാര്യം സർക്കാർ മറച്ചു വെയ്ക്കുകയാണ്. സർക്കാർ പറയുന്നത് നാക് സ്കോർ 3.26-നു മുകളിലുണ്ടെങ്കിലേ സർവകലാശാലകൾക്ക് വിദൂരപഠനസംവിധാനങ്ങൾ നടത്താനാവൂ. പുതിയ സർവ്വകലാശാല കൊണ്ട് വരാൻ തെറ്റിദ്ധാരണാജനകമായ പ്രചാരണമാണ് സർക്കാർ നടത്തുന്നത്. സമാന്തര വിദ്യാഭ്യാസ മേഖലയെ ആശ്രയിച്ച് പഠനം മുന്നോട്ടു കൊണ്ട് പോകുന്ന സാധാരണക്കാരായ വിദ്യാർത്ഥികളുടെ ഭാവികൊണ്ട് രാഷ്ടീയ ചൂതാട്ടമാണ് സർക്കാർ നടത്തുന്നത്. ഒരേ ഡിഗ്രി സർട്ടിഫിക്കറ്റുകൾ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ മറ്റു സംസ്ഥാനങ്ങളിലേക്കും തള്ളിവിടുകയുമാണ് പിണറായി സർക്കാർ ചെയ്യുന്നത്. ഈ തീരുമാനം പ്രൈവറ്റ്-പാരലൽ കോളേജുകളുടെ അടിവേര് മാന്തുകയും ചെയ്യും.
പ്രൈവറ്റ് രജിട്രേഷൻ റഗുലർ സർവ്വകലാശാലയിൽ നിലനിന്നെങ്കിലേ പാരലൽ കോളജുകൾക്ക് പ്രസക്തിയുള്ളു. പ്രാക്ടിക്കൽ സൗകര്യം വേണ്ടാത്ത ബിരുദ/ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ അഫിലിയേറ്റഡ് കോളജ് സിലബസ്സിൽ വിദ്യാർത്ഥികൾ സ്വയം പഠിക്കാൻ അവസരം നൽകുന്നതാണ് പ്രൈവറ്റ് രജിസ്ട്രേഷൻ. റഗുലർ വിദ്യാർത്ഥികൾക്കൊപ്പം ഒരേ പരീക്ഷ നടത്തി ഒരേ മൂല്യമുള്ള സർട്ടിഫിക്കറ്റ് നൽകുക മാത്രമാണ് സർവ്വകലാശാലയുടെ ബാധ്യത. വിദ്യാർത്ഥികളുടെ അക്കാദമിക കാര്യങ്ങളിലൊന്നും സർവ്വകലാശാല ഇടപെടുന്നില്ല. അതിനാൽ പ്രൈവറ്റ് രജിസ്ട്രേഷൻ നടത്തുന്ന വിദ്യാർത്ഥികൾക്ക് ഏക ആശ്രയം പാരലൽ കോളജുകൾ മാത്രമാണ്. ഓപ്പൺ സർവ്വകലാശാലയിൽ വിദൂര പ്രോഗ്രാമുകൾ മാത്രമാണ്. പ്രത്യേക സിലബസ്സാണ്. അവിടെ റഗുലർ പീനം ഇല്ല. സ്റ്റഡി മെറ്റീരിയലും നിശ്ചിത കോൺടാക്റ്റ് ക്ലാസ്സുകളും നിർബന്ധമാണ്. അവധി ദിവസങ്ങളിൽ സമ്പർക്ക ക്ലാസ്സിന് പോകണം. ചുരുക്കത്തിൽ വിദൂര പ്രോഗ്രാമിന് ചേരുന്ന വിദ്യാർത്ഥികളുടെ അക്കാദമിക പ്രവർത്തനങ്ങളിൽ സർവ്വകലാശാലക്ക് നേരിട്ട് പങ്കുണ്ട്. ഒരു പക്ഷേ പരിമിതമായ കോൺടാക്റ്റ് ക്ലാസ്സുകൾ പോരാത്ത ഒരു വിഭാഗം കുട്ടികൾ പാരലൽ കോളജുകളിൽ ട്യൂഷനായി എത്തിയേക്കാം. എന്നാൽ റഗുലറായി പാരലൽ കോളജിൽ അഞ്ച് ദിവസം പഠിച്ച് ശനി, ഞായർ ദിവസങ്ങൾ റഗുലർ വിദ്യാർത്ഥികളെ പോലെ പഠിക്കാവുന്ന പാരലൽ പഠനം ഇതോടെ ഇല്ലാതാകും. ഈ കോളേജുകളെ ആശ്രയിച്ച് ജീവിക്കുന്ന അദ്ധ്യാപകരും ഇതിന്റെ ഉടമകളും വഴിയാധാരമാവുകയും ചെയ്യും. ഇതാണ് ശ്രീനാരായണ ഓപ്പൺ സർവ്വകലാശാലകൊണ്ട് കേരളത്തിൽ സൃഷ്ടിക്കപ്പെടുന്ന അവസ്ഥ.
കേരളത്തിലെ സർവ്വകലാശാലകളിൽ പ്രൈവറ്റ് രജിസ്ട്രേഷൻ വഴി പഠനം തുടരുന്ന 1.75 ലക്ഷത്തോളം പേരിൽ ബഹുഭൂരിപക്ഷവും അഫിലിയേറ്റഡ് കോളജുകളിൽ പഠിക്കാൻ യോഗ്യതയുള്ളവരാണ്. ഇഗ്നോ പോലുള്ള ഓപ്പൺ സർവ്വകലാശാലയെ മാത്രം ആശ്രയിക്കേണ്ട ജീവനക്കാരും പ്രായം അധികരിച്ചവരും 10000ത്തിൽ താഴെ എണ്ണമേ വരൂ. അഫിലിമേറ്റഡ് കോളജിലെ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിക്കാത്തവരാണ് തുച്ഛമായ ചെലവിൽ പഠിക്കാവുന്ന പ്രൈവറ്റ് രജിസ്ട്രേഷനേയും പാരലൽ കോളേജിനെയും ആശ്രയിക്കുന്നത്. അഫിലിയേറ്റഡ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ സില്ബസും പരീക്ഷകളും സർട്ടിഫിക്കറ്റും തന്നെയാണ് പ്രൈവറ്റ് രജിസ്ട്രേഷൻ എന്ന വിദ്യാഭ്യാസ രീതിയിലും തുടർന്ന് വരുന്നത്. ഒരു കോഴ്സിനു ഒന്നാം വർഷം പ്രൈവറ്റ് രജിസ്ട്രേഷനിൽ പഠിച്ച് തുടർ പഠനം റഗുലറിലേക്ക് മാറുവാനും മറിച്ചും വസരമുണ്ട് എന്നതിനാൽ വിദ്യാർത്ഥികളിൽ റഗുലർ-പ്രൈവറ്റ് വിവേചനം അനുഭവപ്പെടില്ല. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി മാത്രമേ പ്രാക്ടികൽ ഇല്ലാത്ത വിഷയങ്ങൾ പഠിക്കാവുന്ന പ്രൈവറ്റ് രജിസ്ട്രേഷനെ കേരളാ സമൂഹം കണ്ടിരുന്നുള്ളൂ. ഇതാണ് ഇപ്പോൾ മാറിമറിയുന്നത്.
വേണ്ടത്ര മുന്നൊരുക്കം നടത്താതെ പുതിയതായി രൂപീകരിക്കുന്ന ഓപ്പൺ സർവ്വകലാശാല ഈ അക്കാദമിക വർഷം പ്രൈവറ്റ്/വിദൂര വിഭാഗം വിദ്യാർത്ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കും. അതേസമയം ,പാരലൽ കോളജുകളുടെ പ്രതിസന്ധിയും കൂട്ടും എന്നാണ് സ്റ്റേറ്റ് പാരലൽ കോളേജ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി പറയുന്നത്. നിയമസഭാ സാമാജികരുടെ ശ്രദ്ധയിലേക്ക് എന്ന് പറഞ്ഞു ഒരു കുറിപ്പും അവർ പുറത്തിറക്കിയിട്ടുണ്ട്. ആ കുറിപ്പിൽ പറയുന്നത് ഇങ്ങനെ:
സ്റ്റേറ്റ് പാരലൽ കോളേജ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ കുറിപ്പ്:
സൂചന: കേരളാ, കാലിക്കറ്റ്, എം.ജി, സർവ്വകലാശാലകളിൽ ഓപ്പൺ/ വിദൂര പ്രോഗ്രാമുകൾ നടത്തുന്നതിനുള്ള തടസ്സം ഇല്ലാതായ യുജിസി നിയമം: .2 സ്വയംഭരണാധികാരമുള്ള സ്റ്റേറ്റ് സർവ്വകലാശാലകൾക്ക് പ്രൈവറ്റ് രജിസ്ട്രേഷൻ നടത്താനുള്ള അധികാരം; .
വിഷയത്തിലേക്കും സൂചനയിലേക്കും ശ്രദ്ധ ക്ഷണിക്കുന്നു.:
കൊറോണാ ദുരിതത്തിൽ കഴിഞ്ഞ കേരളത്തിലെ സമാന്തര വിദ്യാഭ്യാസ മേഖല കഴിഞ്ഞ ഫെബ്രുവരി മുതൽ കടുത്ത ദുരിതത്തിലാണ്. ഈ മേഖലകൊണ്ട് ജീവിക്കുന്നവരുടെ വരുമാനം നിലച്ചിട്ട് ഏഴ് മാസമായി. ഒറ്റപ്പെട്ട പരാതികൾ നൽകിയെങ്കിലും ഒരു ശ്രദ്ധയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഞങ്ങൾക്കുണ്ടായില്ല. സഹിച്ച് ജീവിക്കുകയാണ്. അതിനിടെയാണ് ഇപ്പോൾ ഓപ്പൺ സർവ്വകലാശാലയുടെ പേരിലുള്ള അവ്യക്തത. ജൂലൈ ,ഓഗസ്റ്റ് മാസങ്ങളിലാണു് പാരലലായി പഠിക്കാൻ കുട്ടികൾ പ്രവേശനം എടുക്കുന്നത്. നിലവിലുള്ള സർവ്വകലാശാലകളിൽ വിദൂര/പ്രൈവറ്റ് പഠനം അനുവദിക്കില്ലെന്ന് സർക്കാർ മൂന്നു മാസമായി തുടരെ പറഞ്ഞു കൊണ്ടിരിക്കുന്നു. പകരം സ്ഥാപിക്കുമെന്ന് പറയുന്ന ഓപ്പൺ സർവ്വകലാശാലയുടെ മുന്നൊരുക്കങ്ങൾ കടലാസ്സിൽ പോലും ആയില്ല. ഒക്ടോബർ 2 ന് ഓഫീസ് തുറക്കുമെന്ന് പറയുന്നു. പിന്നീട് നിയമനങ്ങൾ നടന്ന് സിലബസ് തയ്യാറായി സ്റ്റഡി മെറ്റീരിയൽ വിതരണം ചെയ്തെങ്കിലേ ക്ലാസ്സുകൾ തുടങ്ങാൻ പറ്റൂ. എത്ര ആഞ്ഞ് ശ്രമിച്ചാലും ജനുവരി അവസാനത്തേക്ക് മാത്രമേ പഠനം തുടങ്ങാൻ കഴിയൂ. ഒരക്കാദമിക് വർഷം കുട്ടികൾക്ക് നഷ്ടപ്പെടുമെന്നത് ഉറപ്പിക്കാം.
പരമ്പരാഗത കോഴ്സുകളിൽ ചേരാൻ ഓരോ വർഷവും 1.5 ലക്ഷം വിദ്യാർത്ഥികൾ കേരളത്തിലുണ്ട്. മുൻ വർഷങ്ങളിലെ അനുഭവത്തിന്റെ വെളിച്ചത്തിൽ ,ഇപ്പോൾ ഒന്നാം വർഷ അഡ്മിഷൻ പൂർത്തിയാക്കിക്ലാസുകൾ തുടങ്ങി ഒരു ടേം പകുതി കഴിയാൻ സമയമായി. വിദ്യാർത്ഥികളുൾപ്പെടെ പാരലൽ കോളജ് മേഖലയാകെ എന്തു ചെയ്യുമെന്നറിയാതെ തത്രപ്പാടിലാണ്. സർക്കാരോ, പ്രതിപക്ഷമോ, മാധ്യമങ്ങളോ ഞങ്ങളുടെ ദുരിതം മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല. പാരലൽ മേഖല കൊണ്ട് ജീവിക്കുന്നവർ അഭിമാനികളാണ് -കഷ്ടപ്പാടുകൾ പുറത്ത് പറയാൻ മടിക്കുന്നവരാണ്. തങ്ങളുടെ കുട്ടികളെ ട്യൂഷന് വേണ്ടിയോ, പാരലൽ പഠനത്തിനു വേണ്ടിയോ, കോളജുകളിൽ അദ്ധ്യാപകരായി ജോലി ചെയ്തോ, പാരലൽ കോളജുകളെ ഉപയോഗപ്പെടുത്താത്തവർ രാഷ്ട്രീയത്തിലോ സമൂഹത്തിലേ മറ്റു മേഖല കളിലോ വളരെ കുറവാണ്. എന്നാൽ ഈ മേഖലയെ അറിയാവുന്ന ഇവരൊക്കെ മുഖം തിരിക്കുന്നു.പാരലൽ മേഖലയെ കൂടുതൽ ദുഃസ്ഥിതിയിലേക്കു തള്ളിവിടുന്ന സർക്കാരിന്റെ ആലോചനയില്ലാത്ത നടപടികൾ തിരുത്തപെടേണ്ടതാണ്.
അഭ്യർത്ഥന :
1.ഈ അക്കാദമിക വർഷം മുൻവർഷങ്ങളിലെപ്പോലെ വിദൂര / പ്രൈവറ്റ് പ്രോഗ്രാമുകൾ സ്റ്റേറ്റ് സർവ്വകലാശാലയിൽതുടരുവാൻ സർക്കാർ അനുവദിക്കുക.
2. ഓപ്പൺ സർവ്വകലാശാലയുടെ പ്രവർത്തനം ധൃതി പിടിക്കാതെ അടുത്ത അക്കാദമികവർഷം മുതൽ ആക്കുക .
മറുനാടന് മലയാളി സീനിയര് സബ് എഡിറ്റര്.