ആലപ്പുഴ: വിവാഹം കഴിഞ്ഞ് മൂന്നുമാസം കഴിഞ്ഞപ്പോൾ ഭർതൃവീട്ടിൽ 19കാരി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹയുണർത്തുന്ന വിവരങ്ങൽ പുറത്തു വരികയാണ്. സൈനികനായ വള്ളികുന്നം കടുവിനാൽ ലക്ഷ്മിഭവനത്തിൽ വിഷ്ണുവിന്റെ ഭാര്യ സുചിത്ര(19)യെയാണ് കഴിഞ്ഞ ആഴ്ച വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന് വീട്ടുകാർ പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെ വിഷ്ണു നേരത്തെ മറ്റൊരു വിവാഹം കഴിക്കാൻ ശ്രമിച്ചിരുന്നെന്നും ആ വിവാഹം ഉറപ്പിച്ചതിന് ശേഷം സ്ത്രീധനത്തെ ചൊല്ലി തർക്കമുണ്ടാവുകയും പെൺവീട്ടുകാർ ബന്ധത്തിൽ നിന്നും പിന്മാറുകയുമായിരുന്നു എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം.

നൂറനാട് പടനിലം സ്വദേശിയായ യുവതിയെയാണ് ആദ്യം വിഷ്ണു വിവാഹം കഴിക്കാനായി തീരുമാനിച്ചത്. ഏകദേശം വിവാഹമൊക്കെ ഉറച്ച മട്ടിലായപ്പോഴാണ് സ്ത്രീധനത്തിന്റെ പേരിൽ തർക്കമുണ്ടായത്. 65 പവനും കാറും വേണമെന്നായിരുന്നു ഇവരുടെ നിലപാട്. എന്നാൽ പിന്നീട് 10 ലക്ഷം രൂപ സഹോദരിക്ക് നൽകാൻ വേണമെന്ന് ആവശ്യപ്പെട്ടു. പെൺകുട്ടിയെ കാലിച്ചന്തയിൽ വില പറയുന്നതു പോലെ വിഷ്ണുവും അമ്മയും സംസാരിച്ചതോടെ ഈ വിവാഹത്തിൽ നിന്നും അവർ പിന്മാറുകയായിരുന്നു. എന്നാൽ പിന്മാറിയ ശേഷവും വിഷ്ണു ഈ പെൺകുട്ടിയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തിരുന്നതായും പറയുന്നു. ഈ വിവാഹം തെറ്റിപ്പിരിഞ്ഞതോടെയാണ് സുചിത്രയുടെ വിവാഹാലോചന വന്നത്.

സുചിത്രയുടെ കുടുംബം ഭേദപ്പെട്ട സാമ്പത്തിക ഭദ്രതയുള്ളതാണ് എന്ന് കണ്ടതോടെ വലിയ വിലപേശൽ ഇവിടെ നടന്നില്ല. വിവാഹം കഴിഞ്ഞ ശേഷമായിരുന്നു സ്ത്രീധനം പൊരാ എന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കാൻ തുടങ്ങിയത്. വിഷ്ണുവിന്റെ അമ്മയായിരുന്നു ഏറ്റവും കൂടുതൽ സുചിത്രയെ മാനസികമായി പീഡിപ്പിച്ചിരുന്നത്. തൊട്ടതിനും പിടിച്ചതിനുമെല്ലാം കുറ്റം പറയുകയായിരുന്നു പതിവ്. മൂന്നുമാസം കൊണ്ട് സ്വർണ്ണത്തിൽ പകുതിയും പണയം വച്ചിരുന്നു.

പിന്നീട് സഹോദരിക്ക് 10 ലക്ഷം രൂപ നൽകണമെന്ന ആവശ്യമായിരുന്നു വിഷ്ണുവിന്റെ മാതാവിന്. ഇക്കാര്യം സുചിത്ര സൈനികനായ പിതാവിനെ അറിയിച്ചപ്പോൾ 10 ലക്ഷം രൂപ അവർക്ക് കൊടുക്കാം, പക്ഷെ വീടും പുരയിടവും സുചിത്രയുടെ പേരിൽ എഴുതണമെന്നാവശ്യപ്പെട്ടു. എന്നാൽ വീടും പുരയിടവും ബാങ്കിൽ ലോൺ വച്ചിരിക്കുകയായതിനാൽ എഴുതാൻ കഴിയില്ലെന്ന് അവർ പറഞ്ഞു. ഇതോടെയാണ് വിഷ്ണുവും കുടുംബവും കടക്കെണിയിലാണെന്ന ഞെട്ടിക്കുന്ന വിവരം സുചിത്രയും മാതാപിതാക്കളും അറിയുന്നത്.

10 ലക്ഷം കിട്ടാതായതോടെ സുചിത്രയ്ക്ക് മാനസിക പീഡനം പതിവായി. വിവാഹം കഴിഞ്ഞ് മൂന്നുാമസം പിന്നിടുമ്പോൾ വിഷ്ണു ലീവ് കഴിഞ്ഞ് തിരിച്ചു പോയതിന് ശേഷമായിരുന്നു സുചിത്രയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അന്നേ ദിവസം വിഷ്ണുവിന്റെ മാതാവിന്റെ സഹോദരൻ ഈ വീട്ടിലെത്തിയിരുന്നതായി നാട്ടുകാർ പറയുന്നുണ്ട്. മരമം നടന്ന ദിവസം മറ്റാരും അവിടെയില്ലായിരുന്നു എന്ന് വിഷ്ണുവിന്റെ കുടുംബം പൊലീസിന് മൊഴി നൽകിയിരുന്നു.

നാട്ടുകാർ ഇക്കാര്യം സുചിത്രയുടെ വീട്ടുകാരോടെ പറഞ്ഞതോടെ വീണ്ടും ദുരൂഹത ഉയരുകയാണ്. സുചിത്രയെ അപായപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചതായി ചിത്രീകരിച്ചതാണോ എന്നതാണ് ഇവരുടെ സംശയം. കൂടാതെ മരണം നടന്ന ദിവസം വളിളകുന്നത്തെ വിഷ്ണുവിന്റെ വീട്ടിലെത്തിയ ചാനൽ സംഘത്തിന്റെ കാറിന്റെ ടയർ ഇവരുടെ ബന്ധുക്കൾ കുത്തികീറിയതായും ആരോപണമുണ്ട്. ഇവയെല്ലാം ചേർത്തു വായിക്കുമ്പോൾ ആത്മഹത്യ കൊലപാതകത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

കഴിഞ്ഞ മാർച്ച് 21 നായിരുന്നു സുചിത്രയുടെ വിവാഹം. വള്ളികുന്നം കടുവിനാൽ സ്വദേശിയും സൈനികനുമായ വിഷ്ണുവായിരുന്നു വരൻ. വിവാഹത്തിനു സ്ത്രീധനമായി 51 പവനും സ്‌കൂട്ടറുമായിരുന്നു വാഗ്ദാനം. സ്‌കൂട്ടർ പോര കാർ വേണമെന്ന ആവശ്യത്തിനും വഴങ്ങി. വിവാഹം കഴിഞ്ഞതോടെ 10 ലക്ഷം രൂപകൂടി ആവശ്യപ്പെട്ടു. സുചിത്രയുടെ സ്വർണത്തിൽ കുറച്ച് ഭർത്താവിന്റെ വീട്ടുകാർ പണയം വച്ചു. ബാക്കി സ്വർണം ലോക്കറിൽ വയ്ക്കാൻ ആവശ്യപ്പെട്ടതോടെ പ്രശ്‌നം വഷളായി. സൈനികനായ ഭർത്താവ് ജോലി സ്ഥലത്തേക്കു മടങ്ങിയതോടെയാണു മകൾ കൂടുതൽ പ്രതിസന്ധിയിലായതെന്ന് അമ്മ പറയുന്നു.

കഴിഞ്ഞ ആഴ്ചയാണ് സുചിത്ര വള്ളികുന്നത്ത് ഭർത്താവ് വിഷ്ണുവിന്റെ വീട്ടിൽ തൂങ്ങി മരിച്ചത്. വിവാഹം കഴിഞ്ഞ് മൂന്നു മാസം തികയുന്ന ദിവസമായിരുന്നു സുചിത്രയുടെ മരണം. അതേ സമയം കേസിൽ വിശദമായ അന്വേഷമം നടത്താൻ ആലപ്പുഴ എസ്‌പി ചെങ്ങന്നൂർ ഡി.വൈ.എസ്‌പിക്ക് നിർദ്ദേസം നൽകി. ഇത് സംബന്ധിച്ച് ഡി.വൈ.എസ്‌പിയുടെ നിർദ്ദേശ പ്രകാരം വള്ളികുന്നം പൊലീസ് ഇരു വീട്ടുകാരുടെയും മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.