- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിവാഹം കഴിഞ്ഞുള്ള ആദ്യജന്മദിനം നന്നായി ആഘോഷിക്കാൻ മാതാപിതാക്കൾ കൊതിച്ചിരിക്കെ ഇടിത്തീ പോലെ സുചിത്രയുടെ മരണം; 'സ്ത്രീധനമായി 51 പവനും കാറും കൊടുത്തെങ്കിലും 10 ലക്ഷത്തിനായി ആർത്തി; ആലപ്പുഴയിലെ ദുരൂഹ മരണം കൊലപാതകമെന്ന് മാതാപിതാക്കൾ മറുനാടനോട്
ആലപ്പുഴ: 'ഈ ജന്മദിനം നമുക്ക് നന്നായി ആഘോഷിക്കണം. വിവാഹം കഴിഞ്ഞുള്ള ആദ്യ ജന്മദിനമല്ലേ... ഒരു സ്വർണ്ണമാല സർപ്രൈസായി നൽകണം. കേക്കും നമുക്ക് ഇവിടെ നിന്നും കൊണ്ടു പോകണം.' വള്ളികുന്നത്ത് 19 കാരിയായ സുചിത്ര ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് മാതാവ് സുനിത സൈനികനായ ഭർത്താവ് സുനിലിനോട് പറഞ്ഞത് ഇങ്ങനെയായിരുന്നു. ഇതിനായി കായംകുളത്തെ പ്രമുഖ ജൂവലറിയിൽ മാലയും ബേക്കറിയിൽ കേക്കും ബുക്കു ചെയ്തു. ജൂലൈ 20 ന് വേണ്ടിയുള്ള കാത്തിരിപ്പിനിടെയാണ് സുചിത്ര ആത്മഹത്യ ചെയ്തു എന്ന വിവരം അറിയുന്നത്.
കഴിഞ്ഞ മാർച്ച് 21 നായിരുന്നു സുചിത്രയുടെ വിവാഹം. വള്ളികുന്നം കടുവിനാൽ സ്വദേശിയും സൈനികനുമായ വിഷ്ണുവായിരുന്നു വരൻ. വിവാഹത്തിനു സ്ത്രീധനമായി 51 പവനും സ്കൂട്ടറുമായിരുന്നു വാഗ്ദാനം. സ്കൂട്ടർ പോര കാർ വേണമെന്ന ആവശ്യത്തിനും വഴങ്ങി. വിവാഹം കഴിഞ്ഞതോടെ 10 ലക്ഷം രൂപകൂടി ആവശ്യപ്പെട്ടു. സുചിത്രയുടെ സ്വർണത്തിൽ കുറച്ച് ഭർത്താവിന്റെ വീട്ടുകാർ പണയം വച്ചു. ബാക്കി സ്വർണം ലോക്കറിൽ വയ്ക്കാൻ ആവശ്യപ്പെട്ടതോടെ പ്രശ്നം വഷളായി. സൈനികനായ ഭർത്താവ് ജോലി സ്ഥലത്തേക്കു മടങ്ങിയതോടെയാണു മകൾ കൂടുതൽ പ്രതിസന്ധിയിലായതെന്ന് അമ്മ പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുചിത്ര വള്ളികുന്നത്ത് ഭർത്താവ് വിഷ്ണുവിന്റെ വീട്ടിൽ തൂങ്ങി മരിച്ചത്. വിവാഹം കഴിഞ്ഞ് മൂന്നു മാസം തികയുന്ന ദിവസമായിരുന്നു സുചിത്രയുടെ മരണം.
എന്റെ മോൾ അങ്ങനെ ചെയ്യില്ല... നേരെ ചൊവ്വേ ഒരു ചരടു പോലും മര്യാദയ്ക്ക് കെട്ടാനറിയാത്തവളാണ്. പരിചയമുള്ളവർ കെട്ടുന്ന തരത്തിലാണ് തൂങ്ങിമരിച്ച കയർ കെട്ടിയിരുന്നത്. കൂടാതെ അത്രയും ഉയരത്തിൽ അവൾക്ക് കയറി കെട്ടാനും കഴിയില്ല. വിഷ്ണുവിന്റെ കുടുംബക്കാർ തന്നെ കൊന്നതാണെന്നാണ് മാതാവ് സുനിത പറയുന്നത്. 20 വയസ്സിന് മുമ്പ് വിവാഹം നടന്നില്ലെങ്കിൽ വിവാഹം വൈകുമെന്ന ജാതകം കാരണമാണ് പ്ലസ്ടു കഴിഞ്ഞപാടേ കല്യാണം നടത്തിയതെന്നാണ് സുചിത്രയുടെ പിതാവ് പറയുന്നത്. ഇനി ആർക്കും ഇത്തരമൊരു അബദ്ധം പറ്റരുതെന്നും അദ്ദേഹം അപേക്ഷിക്കുന്നു. എന്റെ മകൾ ഇനി എത്ര കാലം ജീവിക്കേണ്ടതായിരുന്നു എന്ന് പറഞ്ഞാണ് അമ്മ കരയുന്നത്.
വിവാഹ ശേഷം വിഷ്ണുവിന്റെ മാതാവ് ക്രൂരമായ രീതിയിലാണ് ഇടപെട്ടിരുന്നതെന്ന് ഇവർ പറയുന്നു. വിഷ്ണുവിന്റെ സഹോദരിക്ക് പണം കൊടുക്കാനായാണ് 10 ലക്ഷം രൂപ ഇവർ വീണ്ടും ആവശ്യപ്പെട്ടത്. പണം തരുമ്പോൾ വസ്തു സുചിത്രയുടെ പേരിൽ എഴുതി വയ്ക്കണമെന്ന് പറഞ്ഞപ്പോൾ അതു നടക്കില്ലെന്നും സ്ഥലം ബാങ്കിൽ പണയത്തിലാണെന്നുമാണ് അറിയിച്ചത്. ഇതേ തുടർന്ന് പണം നൽകാൻ കഴിയില്ലെന്ന് അറിയിച്ചു. തുടർന്നാണ് സുചിത്രയുടെ മരണം നടക്കുന്നത്. മരണം നടക്കുമ്പോൾ ഇവരുടെ ബന്ധു ഇവിടെയുണ്ടായിരുന്നു എന്നും അയാൾ പിന്നീട് അവിടെ നിന്നും കടന്നു കളഞ്ഞതായും നാട്ടുകാർ പറഞ്ഞതായി സുചിത്രയുടെ ബന്ധുക്കൾ പറയുന്നു. സുചിത്രക്ക് ആത്മഹത്യ ചെയ്യാനുള്ള മനക്കട്ടിയൊന്നുമില്ല എന്നും അവർ പറയുന്നു.
കൂടാതെ സുചിത്രയുടെ സംസ്ക്കാര ചടങ്ങിൽ ഭർത്താവ് വിഷ്ണു പങ്കെടുത്തില്ല. വിഷ്ണു പങ്കെടുക്കുന്നതിൽ എതിർപ്പില്ലെന്ന് സുചിത്രയുടെ ബന്ധുക്കൾ പറഞ്ഞിരുന്നു. എന്നാൽ സഹോദരീ ഭർത്താവുമൊത്ത് വീടിന് സമീപത്ത് വരെ എത്തിയെങ്കിലും പിന്നീട് കണ്ടിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം പൊതിയാനായി തുണി ചോദിച്ചപ്പോൾ മുഷിഞ്ഞ ഒരു ബെഡ്ഷീറ്റാണ് അവർ എടുത്തു നൽകിയതെന്നും ഇവർ ആരോപിക്കുന്നു.
സൈനികനായ വിഷ്ണു, സുചിത്ര മരിക്കുമ്പോൾ ഉത്തരാഖണ്ഡിലെ ജോലിസ്ഥലത്തായിരുന്നു. സംഭവ സമയം ഭർതൃമാതാവ് സുലോചന വീട്ടിലും പിതാവ് ഉത്തമൻ കെട്ടിനിർമ്മാണ ജോലിയുമായി ബന്ധപ്പെട്ട സ്ഥലത്തുമായിരുന്നു എന്നാണ് വിഷ്ണുവിന്റെ വീട്ടുകാർ പറയുന്നത്.
സുനിൽ ജോലി ചെയ്യുന്ന 'ഗ്രഫി'ലെ അധികൃതർക്കും പരാതി നൽകുമെന്നും സുചിത്രയുടെ ബന്ധുക്കൾ പറയുന്നു. 'മരിക്കുന്നതിന്റെ തലേന്നു വിഡിയോ കോൾ ചെയ്തപ്പോഴും എന്റെ കുഞ്ഞ് കരഞ്ഞു. അവളെ അവർ ഒത്തിരി വഴക്കു പറഞ്ഞു. ഞങ്ങളെല്ലാവരും സമാധാനിപ്പിച്ചു.
വിഷ്ണുവിനോട് അവൾ കാര്യങ്ങളെല്ലാം പറഞ്ഞിരുന്നു. കൊല്ലത്ത് വിസ്മയയുടെ മരണവാർത്ത കണ്ടപ്പോൾ ഞങ്ങളും പേടിച്ചിരുന്നു. പക്ഷേ, 'ഞാൻ അങ്ങനെ ചെയ്യുമോ ? എനിക്കു വിഷ്ണുച്ചേട്ടന്റെ കൂടെ പോകേണ്ടതല്ലേ' എന്നാണ് സുചിത്ര പറഞ്ഞത്. അങ്ങനെ പറഞ്ഞ കുഞ്ഞ് പിറ്റേന്ന് ജീവനൊടുക്കുമെന്നു വിശ്വസിക്കാനാകുമോ...' സുനിത ചോദിച്ചു.
'വീട്ടിൽ വന്നശേഷം രണ്ടാഴ്ച മുൻപാണ് കുഞ്ഞ് തിരികെ വിഷ്ണുവിന്റെ വീട്ടിലേക്കു പോയത്. മരിച്ച ദിവസം രാവിലെ പുറത്തേക്കിറങ്ങിയപ്പോൾ കുഞ്ഞ് എന്നെ വിഡിയോ കോൾ ചെയ്തിരുന്നു. അതു ഞാൻ കണ്ടില്ല. ഞാൻ ഫോൺ എടുത്തില്ലെങ്കിൽ തുടർച്ചയായി വിളിക്കുമായിരുന്നു. അന്നു പക്ഷേ, ആ ഒരു കോൾ മാത്രമേ വിളിച്ചുള്ളൂ. പിന്നാലെയാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടത്. ആ കോൾ എടുത്തിരുന്നെങ്കിൽ ചിലപ്പോൾ ഒന്നും സംഭവിക്കുമായിരുന്നില്ല. വല്ലാതെ വിഷമിച്ചതുകൊണ്ടാകും അവൾ വിളിച്ചത്' സുനിത പറഞ്ഞു.
വിവാഹം ഉറപ്പിച്ച ശേഷം വിഷ്ണുവിന്റെ വീട്ടുകാർ ചില ബാധ്യതകൾ തീർക്കാൻ 10 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നു സുനിതയുടെ സഹോദരൻ സന്തോഷ് പറഞ്ഞു. ആ തുകയ്ക്കു തുല്യമായ സ്ഥലം സുചിത്രയുടെ പേരിൽ നൽകുമെന്നു പറഞ്ഞെങ്കിലും അതു നടക്കാത്തതിനാൽ പണം നൽകിയില്ല. വിവാഹശേഷം സുചിത്രയുടെ ആഭരണങ്ങൾ പണയം വയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുറച്ചു സ്വർണം പണയംവച്ചു പണം നൽകി. അതിനു ശേഷം ഭർതൃവീട്ടുകാർ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ബന്ധുക്കൾ പറയുന്നു.