തിരുവനന്തപുരം: നൈസർഗികമായിരുന്നു സുഗതകുമാരിയുടെ കവിതകൾ. എന്നും മണ്ണിനോടും മനുഷ്യരോടും ചേർന്നു നിന്നത്. മലയാളത്തിന്റെ പ്രിയ കവയത്രി വിടവാങ്ങുമ്പോൾ അവരെ കണ്ടെത്തിയവരെയും വിസ്മരിക്കാൻ സാധിക്കില്ല. സ്‌കൂൾ പഠനകാലത്ത് കവതി എഴുത്തു തുടങ്ങിയതാണ് സുഗതകുമാരി. അന്ന് ആൺകോയ്മ നിറഞ്ഞ കവിതാ ലോകത്ത് സുഗതകുമാരിയുടെ കഴികളെ ആരും കര്യമായി തിരിച്ചറിഞ്ഞില്ല. ഹൈസ്‌കൂൾ പഠനകാലത്ത് കവിത എഴുതി തുടങ്ങി. ഇന്റർ മീഡിയറ്റിനു പഠിക്കുമ്പോൾ നോട്ട്ബുക്ക് നിറയെ കവിതയായി. 17ാം വയസിൽ ഓണേഴ്‌സ് ആദ്യ വർഷത്തിൽ കോളജ് മാഗസിനിൽ കവിത പ്രസിദ്ധീകരിക്കാൻ നൽകുമ്പോൾ എസ്.കെ എന്ന പേരായിരുന്നു നൽകിയിരുന്നത്.

കോളജ് മാഗസിനിലെ കവിത ഏറെ ശ്രദ്ധിക്കപ്പെട്ടെങ്കിലും 'എസ്.കെ' എന്ന പേരിന് പിറകിൽ ഒളിച്ചിരിക്കുന്നത് ആരെന്ന് അധികമാരും അറിഞ്ഞിരുന്നില്ല. പിന്നീട്, സാഹിത്യപരിഷത്ത് സമ്മേളനത്തോട് അനുബന്ധിച്ചുള്ള കവിതാ മൽസരത്തിന് ശ്രീകുമാർ എന്ന പേരിലാണ് കവിത നൽകിയത്. പിതൃ സഹോദരിയുടെ മകനായിരുന്നു ശ്രീകുമാർ. കടലിനെ പറ്റി ആയിരുന്നു കവിത. കുറച്ചുദിവസം കഴിഞ്ഞപ്പോൾ എസ്. ഗുപ്തൻ നായരുടെ കാർഡ് കിട്ടി-'ശ്രീകുമാർ നിങ്ങളുടെ കവിതക്കാണ് സമ്മാനം. 100 രൂപ വാങ്ങാൻ സമ്മേളന ഹാളിൽ വരിക'. ശ്രീകുമാറിന്റെ വിലാസത്തിലായിരുന്നു മറുപടി. അച്ഛൻ ബോധേശ്വരൻ ഉൾപ്പെടെയുള്ള ജഡ്ജിങ് കമ്മിറ്റിയായിരുന്നു കവിത തെരഞ്ഞെടുത്തത്. അച്ഛൻ അറിഞ്ഞപ്പോൾ ആ മത്സരഫലം റദ്ദാക്കിച്ചു.

ചില കവിതകൾ ശ്രീകുമാറെന്ന പേരിൽ മാതൃഭൂമിയിൽ വന്നതിനുശേഷമാണ് എഴുത്തുകാരിയെ തിരിച്ചറിയുന്നത്. ശ്രീകുമാറിന്റെ പേരിൽ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച കവിത വിമൻസ് കോളജ് മാഗസിനിൽ സുഗതകുമാരി എന്നപേരിൽ കൊടുത്തു. അത് രണ്ടും വെട്ടിയെടുത്ത് എൻ.വി കൃഷ്ണവാര്യർക്ക് കൂട്ടുകാർ അയച്ചു കൊടുത്തു. അതോടെ ശ്രീകുമാർ സുഗതകുമാരിയാണെന്ന് എൻ.വിയും അറിഞ്ഞു.

എഴുത്തുകാരിയെ കൈപിടിച്ചുയർത്തിയത് എൻ.വി കൃഷ്ണവാര്യരാണ്. പിൽക്കാലത്ത് 'പാവം മാനവഹൃദയ'ത്തിന് അവതാരിക എഴുതി നൽകിയത് എൻ.വിയാണ്. പൊതുപ്രവർത്തനത്തിന് ഇറങ്ങുന്നതിന് അനുഗ്രഹിച്ചതും എൻ.വിയാണ്. ഏത് പ്രസ്താവനക്ക് താഴെയും തന്റെ പേര് വെക്കാൻ സുഗതകുമാരിക്ക് 'ബ്ലാങ്ക് ചെക്ക്' നൽകിയിരുന്നു പ്രയിപ്പെട്ട എൻ.വി.

പിൽക്കാലത്ത് കാൽപ്പനികതക്ക് നവോന്മേഷം നൽകിയ കവിതകളായിരുന്നു സുഗതകുമാരിയിൽനിന്ന് പിറന്നത്. ഒറ്റച്ചിറക് മുറിഞ്ഞ, ആ നോവും മറന്നു പാടുന്ന പക്ഷിയായി കവി പലപ്പോഴും. കാൽപനികവും വ്യക്തിവാദപരവുമായ ഭൂമികയിൽ നിന്നാണ് സുഗതകുമാരിയുടെ കാവ്യജീവിതം ആരംഭിച്ചത്.

ആക്ടിവിസത്തിന്റെ വഴി തുറക്കുകയാണ് തുലാവർഷപ്പകർച്ച, കുറിഞ്ഞിപ്പൂക്കൾ തുടങ്ങിയ സമാഹാരങ്ങളിൽ. ഇവിടെ പ്രകൃതിക്കൊപ്പം ആദിവാസികളുടെ നേരെ നടത്തുന്ന ചുഷണവും കവിതക്ക് വിഷയമായി. തിരസ്‌കൃതരായ സ്ത്രീകൾ, അനാഥരായ കുട്ടികൾ തുടങ്ങിയവരുടെ വിഷമാവസ്ഥകൾ 'ദേവദാസി' എന്ന സമാഹാരത്തിലെ കവിതകളിൽ കാണാം. പ്രകൃതി ദൃശ്യങ്ങളുടെ ബാഹ്യ വർണങ്ങളിലല്ല അതിന്റെ സൂക്ഷ്മഭാവങ്ങളെ തിരിയുകയാണ് കവി. കവിതയുടെ പിറവി 'ഒരു പൂവിരിയുന്നതിന് സമാനമാണെ'ന്ന് കവി 'ഇരുൾച്ചിറകുകളി'ൽ പറയുന്നുണ്ട്. 'തുലാവർഷപ്പകർച്ച'യിലെ കവിതകളിൽ ജീവിതത്തെ പ്രകൃതിയിലും, പ്രകൃതിയെ ജീവിതത്തിലും കണ്ടെത്തുന്നുണ്ട്. പൂക്കളുടെയും മരങ്ങളുടെയും വികാരവും ഭാഷയും എന്നും മനസിലാക്കിയിരുന്നു.