കൊച്ചി: ആലുവയിൽ വ്യാഴാഴ്ച വൈകിട്ട് ട്രെയിനിന് മുന്നിൽ ചാടി മരിച്ച യുവതിയെയും, മാർത്താണ്ഡവർമ്മ പാലത്തിൽ നിന്നും പെരിയാറിൽ ചാടി മരിച്ച യുവാവിനെയും തിരിച്ചറിഞ്ഞു. ട്രെയിനിന് മുന്നിൽ ചാടി യുവതി മരിച്ചതിന് പിന്നാലെയാണ് സുഹൃത്തായ യുവാവ് പുഴയിൽ ചാടി ജീവനൊടുക്കിയത്. ആലുവയിലാണ് സംഭവം. കുഴിവേലിപ്പടി പുത്തൻ വീട്ടിൽ മഞ്ജു (42), ഇവരുടെ സുഹൃത്ത് എടത്തല താഴത്തേടത്ത് വീട്ടിൽ ശ്രീകാന്ത് (34) എന്നിവരാണ് മരിച്ചത്. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് മഞ്ജു ആലുവ ഗ്യാരേജിന് സമീപം ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. ശ്രീകാന്തും ഇവർക്കൊപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഓട്ടോയിൽ ആലുവ മാർത്താണ്ഡ വർമ്മ പാലത്തിനടുത്തെത്തിയ ശ്രീകാന്ത് പുഴയിലേക്ക് ചാടുകയായിരുന്നു. ഇയാളുടെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.

ഭർത്താവും രണ്ട് മക്കളുമുള്ള മഞ്ജു പ്രദേശത്തെ ഒരു ഫാക്ടറിയിലെ ജീവനക്കാരിയായിരുന്നു. മൂന്ന് മാസം മുമ്പാണ് ഡ്രൈവറായ ശ്രീകാന്ത് മഞ്ജുവിന്റെ വീടിനടുത്ത് വാടകയ്ക്ക് താമസിക്കാനെത്തിയത്. പിന്നീട് ഇരുവരും അടുപ്പത്തിലായി. കഴിഞ്ഞ ദിവസം ഇവരുടെ പ്രണയം വീട്ടുകാർ അറിഞ്ഞിരുന്നു. വ്യാഴാഴ്ച വൈകീട്ട് ശ്രീകാന്തിനെ ആലുവയിലേക്ക് വിളിച്ചുവരുത്തി സംസാരിക്കുന്നതിനിടെ മഞ്ജു റെയിൽ പാളത്തിലേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇരുവരുടെയും മൃതദേഹങ്ങൾ ആലുവ ജില്ലാ ആശുപത്രിയിൽ. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.ഒരേ ദിവസം ആത്മഹത്യ ചെയ്യാൻ ഇരുവരും തീരുമാനിച്ചതായി ഫോൺ സംഭാഷണങ്ങളിൽനിന്നു വ്യക്തമായതായി പൊലീസ് പറഞ്ഞു. ഇരുവരുടെയും സംസ്‌കാരം നടത്തി.

പിറളി മാളേക്കപ്പടി താഴത്തേടത്ത് ജയചന്ദ്രന്റെയും കോമളത്തിന്റെയും മകനാണു ശ്രീകാന്ത്. അവിവാഹിതനാണ്. സഹോദരി: അഞ്ജലി. പയ്യന്നൂർ സ്വദേശി ചന്ദ്രൻ പിള്ളയുടെയും വിജിയുടെയും മകളാണു മഞ്ജു. ഭർത്താവ്: എടത്തല തേക്കിലക്കാട്ടുമൂല പുത്തൻവീട്ടിൽ രാജ്കുമാർ. മക്കൾ: അഭിരാജ്, മനു.