- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുനിഷ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ഗുരുതര പിഴവുകൾ; കോടതി മടക്കിയ കുറ്റപത്രത്തിലൂടെ പൊലീസ് ശ്രമിച്ചത് ഭർത്താവിനെയും ബന്ധുക്കളെയും രക്ഷിച്ചെടുക്കാനുള്ള കള്ളക്കളിയെന്ന് ആരോപണം; പ്രതികളെ രക്ഷിക്കാൻ രാഷ്ട്രീയ ഇടപെടലെന്ന് ബന്ധുക്കൾ
കണ്ണൂർ: പയ്യന്നൂർ കോറോത്ത് ഗാർഹികപീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ പൊലിസ് പ്രതികൾക്ക് രക്ഷപ്പെടാൻ പഴുതികളിട്ടെന്ന ആരോപണം ശക്തമാവുന്നു. സജീവ സി.പി. എം പ്രവർത്തകനായ ഭർത്താവിനെയും കുടുംബത്തെയും രക്ഷിക്കാൻ സി.പി. എം നേതൃത്വം ഇടപെട്ടുവെന്ന ആരോപണം നേരത്തെ ബന്ധുക്കൾ കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചിരുന്നു. ഇതു ശരിവയ്ക്കും വിധമാണ് കുറ്റപത്രം സമർപ്പിച്ചതിൽ അപാകതയുണ്ടെന്നു കാണിച്ചു കോടതി തള്ളിക്കളഞ്ഞതെന്നാണ് പൊലിസിനെതിരെ ഉയരുന്ന വിമർശനം.
ഗാർഹിക പീഡനത്തെ തുടർന്നാണ് പയ്യന്നൂർ വെള്ളൂർ ചോനോത്തെ കിഴക്കെപുരയിൽ വിജീഷിന്റെ ഭാര്യ കോറോത്തെ കെ.വി സുനിഷ ജീവനൊടുക്കിയതെന്നു കുറ്റപത്രത്തിൽ പറയുന്നുണ്ടെങ്കിലും ഇതിലെ അപാകതകളാണ്കോടതിയുടെ വിമർശനത്തിനിടയാക്കിയത്. പയ്യന്നൂർ ഡി.വൈ. എസ്‌പി കെ. ഇ പ്രേമചന്ദ്രൻ സമർപ്പിച്ച കുറ്റപത്രമാണ് കോടതി മടക്കിയത്. കുറ്റപത്രത്തിലെ പോരായ്മകൾ പ്രത്യേകം അടിവരയിട്ടു പറഞ്ഞാണ് പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കുറ്റപത്രം മടക്കിയത്.
ഒരാഴ്‌ച്ചയ്ക്കുള്ളിൽ പോരായ്മകൾ തിരുത്തി കുറ്റപത്രം സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. കുറ്റപത്രത്തിലെ ഒൻപതോളം പോരായ്മകൾ അക്കമിട്ടു നിരത്തിയാണ് കോടതി പൊലിസിനെ വിമർശിച്ചത്. 44 സാക്ഷിമൊഴികളും തെളിവുകളും ചേർത്തിരുന്ന കുറ്റപത്രത്തിൽ കൂട്ടിച്ചേർത്ത സെക്ഷനുകൾ കാണിച്ചില്ലെന്ന ഗുരുതരമായ പിഴവും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ ഭർത്താവിന്റെ പേരിലും ഭർതൃപിതാവിന്റെ പേരിലും കൃത്യത കൈവരുത്തുന്നതിൽ പോലുംവീഴ്‌ച്ചവരുത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി.
കുറ്റപത്രത്തിൽ ഏറെ പ്രാധാന്യത്തോടെ പരാമർശിക്കേണ്ട സംഭവദിവസത്തിൽപ്പോലും അവ്യക്തതയുണ്ട്.ഇത്തരം ഗുരുതരമായ തെറ്റുകൾ ചൂണ്ടിക്കാട്ടിയാണ് കോടതി പരിശോധനയ്ക്കു ശേഷം കുറ്റപത്രം മടക്കിയത്.കഴിഞ്ഞ ഓഗസ്റ്റ് 29ന് വൈകുന്നേരം നാലുമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിജീഷിന്റെ ഭാര്യയായ സുനിഷയെ(26)യെ ഭർതൃവീട്ടിലെ ഒന്നാം നിലയിലെ കുളിമുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിനു ശേഷം സുനിഷയുടെതെന്നു പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു.
ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനം കാരണമാണ് ആത്മഹത്യയെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങളാണ് പുറത്തുവന്നത്. സുനിഷയുടെ ആത്മഹത്യയ്ക്കു പിന്നിൽ ഗാർഹിക പീഡനമാണെന്നു യുവതിയുടെ അമ്മാവൻ മാധവൻ പയ്യന്നൂർ പൊലിസിൽ നൽകിയ പരാതിയിൽ പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലിസ് ഭർത്താവും പാൽസൊസൈറ്റി ജീവനക്കാരനുമായ വീജീഷിനെയും ഭർതൃപിതാവ് രവീന്ദ്രനെയും ഭർതൃമാതാവ് പൊന്നുവിനെയും അറസ്റ്റു ചെയ്തിരുന്നു. മാനസിക പീഡനം, ആത്മഹത്യ പ്രേരണാകുറ്റം എന്നിവ ചുമത്തിയാണ് ഇവരെ അറസ്റ്റു ചെയ്തത്.
പൊലിസ് ആവശ്യപ്പെട്ട പ്രകാരം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച സുനിഷയുടെതെന്നു കരുതുന്ന ശബ്ദ സന്ദേശങ്ങൾ ബന്ധുക്കൾ പൊലിസിന് കൈമാറിയിരുന്നു. പൊലിസ് കസ്റ്റഡിയിലെടുത്തിരുന്ന സുനിഷയുടെ ഫോൺകോടതിയുടെ അനുമതിയോടെ ശാസ്ത്രീയ പരിശോധനകൾക്കും വിധേയമാക്കിയിരുന്നു. ഒന്നര വർഷം മുൻപാണ് കോറോം സ്വദേശിനി സുനിഷയും വിജീഷും പ്രണയിച്ചുവിവാഹിതരായത്. പയ്യന്നൂർ കോളേജിൽ ഒരുമിച്ചു പഠിച്ചവരായിരുന്നു ഇരുവരും.
വിവാഹത്തെ സുനിഷയുടെ വീട്ടുകാർ ശക്തമായി എതിർത്തിരുന്നുവെങ്കിലും വിജീഷിന്റെ വീട്ടുകാർ സ്വീകരിക്കുകയായിരുന്നു. സുനിഷയെ ഭർതൃവീട്ടുകാരും ഭർത്താവും പീഡിപ്പിക്കുകയാണെന്ന് കാണിച്ചു യുവതിയുടെ ബന്ധുക്കൾ പയ്യന്നൂർ പൊലിസിനെ സമീപിച്ചിരുന്നുവെങ്കിലും പൊലിസ് കേസെടുക്കാതെ ഇരുവിഭാഗത്തിനെയും വിളിച്ചു അനുരഞ്ജന ചർച്ച നടത്തി മടക്കി അയക്കുകയായിരുന്നു. ഇതേ തുടർന്ന് വിജീഷിന്റെ കൂടെപോയ സുനിഷ ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ജീവനൊടുക്കിയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്