- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സണ്ണി: മലയാളത്തിനിന്ന് ഇതാ ഒരു വിശ്വസിനിമ; നൂറാമത്തെ ചിത്രത്തിൽ ജയസൂര്യയുടെ തകർപ്പൻ വൺമാൻ ഷോ; ഒരൊറ്റ കഥാപാത്രം മാത്രം മുഖ്യവേഷത്തിൽ എത്തുന്ന സിനിമ ചരിത്രം; പാസഞ്ചറിന്റെ സംവിധായകൻ ഒടുവിൽ തിരിച്ചുവരുമ്പോൾ!
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും എന്നത് ഒരു തുണിക്കടയുടെ പരസ്യവാചകം മാത്രമല്ല. കാലികമായ ഒരു യാഥാർഥ്യം കൂടിയാണ്. അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളക്ക് മുന്നിൽ മലയാള സിനിമയുടെ ചരിത്രം വഴിമാറിയിരുന്നു. മലയാളത്തിൽ നവതരംഗ സിനിമകളുടെ തുടക്കം എവിടെയാണെന്ന് ചോദിച്ചാൽ, എത് ചലച്ചിത്ര വിദ്യാർത്ഥിയും പറയുക, 2011 ജനുവരിയിൽ ഇറങ്ങിയ രാജേഷ് പിള്ളയുടെ ട്രാഫിക്ക് എന്ന ചലച്ചിത്രത്തെക്കുറിച്ചാണ്. മലയാള സിനിമ ട്രാഫിക്കിന് മുമ്പും ശേഷവും എന്ന നിലയിൽ കൃത്യമായി വിഭജിക്കപ്പെട്ടു.
പക്ഷേ അതിനുമുമ്പേതന്നെ കേരളത്തിൽ ന്യൂജനറേഷൻ സിനിമയുടെ ബീജാങ്കുരണം നടന്നിരുന്നു. അതായിരുന്നു 2009ൽ പുറത്തിറങ്ങിയ രഞ്ജിത്ത് ശങ്കറിന്റെ കന്നി സംരംഭമായ പാസഞ്ചർ. ഒരു വ്യക്തിക്കുപകരം ഒരു ആൾക്കൂട്ടത്തിന്റെ കഥ പറഞ്ഞ, ലോൺ ലീനിയർ ആഖ്യാന ശൈലി മലയാളത്തിന് പരിചയപ്പെടുത്തിയ, കെട്ടിലും മട്ടിലും പുതുമ പുലർത്തിയ ചിത്രമായിരുന്നു പാസഞ്ചർ. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ന്യൂജൻ ചിത്രമായി, ഈ ലേഖകനൊക്കെ വിലയിരുത്തുന്നത് പാസഞ്ചറിനെയാണ്. സത്യത്തിൽ ആ ചിത്രം ഉണ്ടാക്കിയെടുത്ത കൾച്ചറൽ സ്പെയിസിന്റെ പശ്ചാത്തലത്തിലാണ് ട്രാഫിക്ക് വിജയിച്ചതും.
എന്നാൽ രഞ്ജിത്ത് ശങ്കർ എന്ന ചെറുപ്പക്കാരനാവട്ടെ, യാതൊരു വിധ അവകാശവാദങ്ങൾക്കും നിന്നുകൊടുത്തതുമില്ല. പക്ഷേ അതിനേക്കാൾ വിചിത്രമായത് ആദ്യ ചിത്രമായ പാസഞ്ചറിനെ വെല്ലുന്നത് പോവട്ടെ അതിനോട് കിടപിടിക്കാൻ കഴിയുന്ന രീതിയിലുള്ള ഒരു ചിത്രം രഞ്ജിത്ത് ശങ്കറിന് പിന്നീട് ഉണ്ടാക്കാനും കഴിഞ്ഞില്ല. ബോധപൂർവമോ അല്ലാതെയോ താൻ തുടക്കം കുറിച്ച നവതരംഗ ശൈലിയിൽനിന്ന് മാറി, പഴയ ഫോർമാറ്റിലായിരുന്നു രഞ്ജിത്ത് പിന്നീട് സിനിമകൾ ചെയ്തതും. അർജുനൻ സാക്ഷി, മോളി ആന്റി റോക്ക്സ്, പുണ്യാളൻ അഗർബത്തീസ്, വർഷം, സു.. സു... സുധി വാത്മീകം,പ്രേതം, രാമന്റെ ഏദൻ തോട്ടം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഞാൻ മേരിക്കുട്ടി തുടങ്ങിയയായിരുന്നു കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ രഞ്ജിത്ത് ശങ്കറിൽനിന്ന് പുറത്തുവന്നത്. ഇതിൽ മിക്കതും കൊമോർഷ്യൽ വിജയങ്ങൾ ആയെങ്കിലും പാസഞ്ചറിന്റെ സംവിധായകൻ എവിടെപ്പോയി എന്ന നിരന്തരമായ ചോദ്യമാണ്, രഞ്ജിത്ത് ശങ്കറിന്റെ ഓരോ സിനിമകളും കാണുമ്പോൾ ഓർമ്മ വരിക.
ഇപ്പോഴിതാ പാസഞ്ചർ സിനിമയെ വെല്ലുന്ന, ലോക നിലവാരത്തിൽ എന്ന് നിസ്സംശയം പറയാവുന്ന ഒരു ചിത്രവുമായി രഞ്ജിത്ത് ശങ്കർ തിരിച്ചെത്തിയിരിക്കുന്നു. അതാണ് കഴിഞ്ഞ ആഴ്ച ആമസോൺ പ്രൈമിൽ റിലീസ് ആയ, ജയസൂര്യ നായകനായ 'സണ്ണി' എന്ന ചിത്രം.
മഹാമാരിക്കാലത്തെ ലോക സിനിമ
മലയാളത്തിലെ ചലച്ചിത്ര സംവിധായകർക്ക് പ്രതിഭ വറ്റിയിട്ടില്ല എന്ന് നിസ്സംശയം പറയാവുന്ന ചിത്രമാണ്, രഞ്ജിത്ത് ശങ്കർ തന്നെ കഥയും തിരക്കഥയും ഒരുക്കിയ സണ്ണി. ഒരൊറ്റ കഥാപാത്രം മാത്രം മുഖ്യവേഷത്തിൽ പ്രത്യക്ഷപ്പെടുന്ന സിനിമയാണിത്. പക്ഷേ ഒരേ ഒരു കഥാപാത്രത്തെ മാത്രം കാണുന്നതിന്റെ ഒരു ബോറടി പ്രേക്ഷകന് എവിടെയും ഫീൽ ചെയ്യിക്കാത്ത രീതിയിലാണ് കഥ ചലിക്കുന്നത്. ലോക പ്രശ്സ്ത ചലച്ചിത്രകാരൻ കിം കി ഡുക്കിന്റെ ചിത്രങ്ങളുടെ ചിലയിടത്തൊക്ക സണ്ണി ഓർമ്മിപ്പിക്കുന്നു. സണ്ണിയായിക്കൊണ്ടുള്ള ജയസൂര്യയുടെ പകർന്നാട്ടം ഒന്ന് കാണണം.
കോവിഡ് കാലത്ത് ഗൾഫിൽനിന്നും എത്തിയ സണ്ണി കൊച്ചിയിലെ ഹയാത്ത് ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയുകയാണ്. ഹോട്ടലിലേക്ക് എത്തുന്ന കാറിൽ ഇരുന്ന് പാസ്പോർട്ട് കത്തിക്കുന്ന സണ്ണി കൃത്യമായ സൂചകമാണ് പ്രേക്ഷകർക്ക് നൽകുന്നത്. വിശാലമായ കായലും കടലും കണ്ടുകൊണ്ടുള്ള സണ്ണിയുടെ എഴുദിവസത്തെ ക്വാറൻനൈൻ വാസമാണ് ഈ ചിത്രം. ഒരു കാർ ഡ്രൈവർ, ഒരു റിസപ്ഷനിസ്റ്റ്, മുഖം പകുതി മാത്രം കാണാൻ കഴിയുന്ന തൊട്ടുമുകളിലെ പെൺകുട്ടി. ഇവർ മാത്രമാണ് സണ്ണിയെ കൂടാതെ ആ ചിത്രത്തിൽ മുഖം കാണുന്നവർ.
പക്ഷേ ശബദ്സാന്നിധ്യമായി ഒരുപാട് പേർ ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. അജു വർഗീസ്, സിദ്ദീഖ്, ഇന്നസെന്റ് എന്നിവരുടെ തന്നെ കഥാപാത്രങ്ങൾ ഉദാഹരണം. ഒരു സിനിമയിൽ അഭിനയിക്കണമെങ്കിൽ മുഖം ക്യാമറക്കുമുന്നിൽ വരണ്ടേതില്ലെന്ന് അകീരാ കുറസോവ ഒരിക്കൽ പറഞ്ഞതിന് രഞ്ജിത്ത് ശങ്കറും അടിവരയിടുന്നു.
തുടക്കത്തിലെ ഏതാനും സീനുകളിലൂടെ തന്നെ സണ്ണിയുടെ സ്വാഭാവം പ്രേക്ഷകർക്ക് പിടികിട്ടുന്നുണ്ട്. ഒരു പരാജയപ്പെട്ട മനുഷ്യൻ. കടം കയറി ആകെ മുങ്ങിയ അയാൾക്ക് ഇനി പണം ആവശ്യമില്ല. ഭാര്യയുമായി ഡിവോഴ്സ് കേസ് പുരോഗമിക്കുന്നു. സെമി സ്കിസോഫ്രീനിയാക്കും മദ്യാസക്തനുമാണ് അയാൾ. ആത്മാഹുതി മുന്നിൽ കണ്ടുകൊണ്ടുതന്നെയാണ് അയാൾ പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുക്കുന്നത്. പക്ഷേ ജീവിതം അയാൾക്കുവേണ്ടി കാത്തുവെച്ചത് മറ്റ് ചിലതായിരുന്നു.
ജയസൂര്യയുടെ വൺമാൻഷോ
ജയസൂര്യയുടെ നൂറാമത്തെ ചിത്രമാണ് സണ്ണി. ഇതുപോലെ ഒരു വേഷം ആ നടനുള്ള ആദരം തന്നെയാണ്. സണ്ണിയുടെ ഹർഷ സംഘർഷങ്ങളെ അസാധ്യമായാണ് ജയൻ അവതരിപ്പിച്ചിരിക്കുന്നത്. മദ്യം കിട്ടാതെ ഒരു കുപ്പിക്കായി പൊലീസുകാരനോടുപോലും കെഞ്ചുമ്പോൾ നമുക്ക് ഒരിക്കലും 'വെള്ള'ത്തിലെ മുരളിയെ കാണാൻ കഴിയുന്നില്ല. അതാണ് ജയസൂര്യയുടെ മിടുക്ക്. അതുപോലെ തന്നെ കൗൺസിൽ ചെയ്യുന്ന ഡോ ഈരാളി ( സിനിമയിൽ ഇന്നസെന്റിന്റെ ശബ്ദം) മരിച്ചുവെന്ന് വിവരം കിട്ടുമ്പോഴുള്ള ആ നെഞ്ചകം പിളർന്നെന്ന രീതിയിലുള്ള കരച്ചിൽ, തന്റെ മുറിക്ക് മുകളിൽ ക്വാറന്റൈനിൽ കഴിയുന്ന മുഖം പാതിമാത്രം കാണാൻ കഴിയുന്ന പെൺകുട്ടിയോട് ബാച്ചിലർ ആണെന്ന് പറയുമ്പോഴുള്ള കള്ളച്ചിരി, എല്ലാം തകർന്ന് ഹതാശനായി റൂമിലെ ഉറുമ്പിലെ ഗ്ലാസിന്റെ തടവിലാക്കുന്ന സൈക്കോയുടെ ക്രൗര്യം..... ജയസൂര്യ ഈ ചിത്രത്തിൽ അഭിനയിക്കയല്ല, കഥകളി നടന്മാരെപ്പോലെ വേഷപ്പകർച്ചയാടുകയാണ്.
ഛായാഗ്രാഹകൻ മധു നീലകണ്ഠനും സംഗീതസംവിധായകൻ ശങ്കർ ശർമയുമാണ് രഞ്ജിത്ത് ശങ്കറിനെപ്പോലെ ഈ പടത്തിൽ അഭിനന്ദനം അർഹിക്കുന്നവർ. മധു നീലകണ്ഠന്റെ ക്യാമറ കായലും കടലും ചിത്രീകരിക്കുന്ന ഹെലിക്യാം ഷോട്ടുകൾ കാണുമ്പോൾ ഇത് കേരളമാണോ എന്ന് പോലും നമുക്ക് തോന്നിപ്പോകും. അതുപോലെ ഹൃദയസ്പർശിയാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം. സണ്ണിയുടെ വൈകാരിക സംഘർഷങ്ങൾ തീവ്രമായി പ്രേക്ഷകർക്ക് അനുഭവിക്കാൻ കഴിയുന്നുണ്ടെങ്കിൽ അതിനുള്ള കയ്യടി പശ്ചാത്തലസംഗീതം നിർവഹിച്ച ശങ്കർ ശർമയ്ക്കും സൗണ്ട് ഡിസൈൻ ചെയ്ത സിനോയ് ജോസഫിനുമാണ്. എഡിറ്റർ ഷമീർ മുഹമ്മദും നല്ല അഭിനന്ദം അർഹിക്കുന്നു.
വാൽക്കഷ്ണം: പത്തൂരൂപയുടെ സിനിമയെടുത്ത് 90 രൂപക്ക് തള്ളിക്കുക എന്നതാണ് മലയാള സിനിമയിൽ ഇപ്പോൾ കണ്ടുവരുന്ന ഒരു പ്രവണത. വിഷ്വൽ മീഡിയയുടെ അടക്കം വലിയ ആഘോഷത്തോടെയുള്ള സിനിമകൾക്ക് പലപ്പോഴും ഓട്ടക്കാലണയുടെ നിലവാരം ഉണ്ടാവില്ല. അപ്പോഴാണ് ഒരു മലയാളി അന്താരാഷ്ട്ര നിലവാരമുള്ള ഒരു സിനിമയെടുത്തിട്ടും ആരും കാര്യമായൊന്നും എഴുതി മറിക്കുന്നത് കാണാത്തത്. അല്ലെങ്കിലും പൃഥ്വീരാജിനും ഫഹദിനും കിട്ടുന്ന ഒരു മീഡിയാ ഹൈപ്പ് എന്തുകൊണ്ടോ ജയസൂര്യയുടെ ചിത്രങ്ങൾക്ക് കിട്ടുന്നില്ല. 'വെള്ളത്തിലെ' ജയസൂര്യയുടെ അസാധാരണ പ്രകടനം ഓർത്തുനോക്കുക. നടൻ ശങ്കർ ഒരു അഭിമുഖത്തിൽ പറഞ്ഞത് സ്വന്തമായി ഫാൻസ് അസോസിയേഷൻ വളർത്തിയെടുക്കാത്തത് തനിക്ക് വലിയ തിരിച്ചടിയായെന്നാണ്. ഇപ്പോൾ ജയസൂര്യക്കും ബാധകമാവുന്ന വാചകമാണിതെന്ന് തോന്നുന്നു.