- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയ്ഡഡ് സ്ഥാപനങ്ങളുടെ കാര്യത്തിൽ ന്യൂനപക്ഷ, ഇതര വേർതിരിവില്ല; സർക്കാർ സഹായം മൗലിക അവകാശവുമല്ല; പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചാൽ അവകാശലംഘനമെന്ന് പറഞ്ഞ് ചോദ്യം ചെയ്യാൻ അവകാശമില്ല; സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി; നിയമനങ്ങൾക്ക് റിക്രൂട്ട്മെന്റ് ബോർഡ് തുടങ്ങാനുള്ള നീക്കത്തെയും എതിർക്കുന്ന എയ്ഡഡ് മാനേജ്മെന്റുകൾക്ക് തിരിച്ചടി
ന്യൂഡൽഹി: കേരളത്തിൽ അടക്കം എയ്ഡഡ് മാനേജ്‌മെന്റ് സ്‌കൂളുകളിലും കോളേജുകളിലും നടക്കുന്നത് പകൽ കൊള്ള തന്നെയാണ്. അദ്ധ്യാപക നിയമനങ്ങളിൽ അടക്കം വലിയ തോതിൽ പണം വാങ്ങുന്നത് പതിവായിരിക്കയാണ്. ഇതിനെതിരെ പ്രതികരിച്ചാലും മാനേജുമെന്റുകളുടെ സമ്മർദ്ദത്തിൽ ഒന്നും നടക്കാത്ത അവസ്ഥയുണ്ടാകും. ന്യൂനപക്ഷ പദവി ചൂണ്ടിക്കാട്ടി സമ്മർദ്ദങ്ങളും എത്തും. എന്നാൽ, സുപ്രീംകോടതിയിൽ നിന്നുമുണ്ടായ ഒരു ഉത്തരവ് എയ്ഡഡ് മാനേജ്‌മെന്റുകൾക്കും തിരിച്ചടിയാണ്.
നൽകി വരുന്ന ധനസഹായം പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചാൽ അവകാശലംഘനമെന്നു പറഞ്ഞ് അതിനെ ചോദ്യം ചെയ്യാൻ എയ്ഡഡ് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സാധിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എയ്ഡഡ് സ്ഥാപനങ്ങളുടെ കാര്യത്തിൽ ന്യൂനപക്ഷ, ന്യൂനപക്ഷ ഇതര വേർതിരിവില്ലെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് വിധിച്ചു. ഇത് പലപ്പോഴും ന്യൂനപക്ഷ അവകാശങ്ങൾ ചൂണ്ടിക്കാട്ടി വിമർശനം ഉന്നയിക്കുന്നവർക്കുള്ള തിരിച്ചടിയാണ്.
യുപിയിൽ എയ്ഡഡ് സ്ഥാപനങ്ങളിൽ ക്ലാസ് ഫോർ ജീവനക്കാരുടെ സ്ഥിരനിയമനം നിർത്തലാക്കിയത് ഭരണഘടനാവിരുദ്ധമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജിയാണു പരിഗണിച്ചത്. ഹൈക്കോടതിവിധി സുപ്രീം കോടതി റദ്ദാക്കി. ധനസഹായം ലഭിക്കുക മൗലികാവകാശമല്ല. അതിനാൽത്തന്നെ, അത്തരമൊരു നടപടി ചോദ്യം ചെയ്യുന്നതിനു പരിമിതിയുണ്ട്. ഒരേതരം സ്ഥാപനങ്ങൾ തമ്മിൽ സഹായത്തിന്റെ കാര്യത്തിൽ വിവേചനമുണ്ടായാൽ ചോദ്യം ചെയ്യാം. സഹായം നൽകുമ്പോൾ ഉപാധികളുണ്ടാകും. അവ അംഗീകരിക്കാൻ തയാറല്ലാത്ത സ്ഥാപനത്തിനു സഹായം വേണ്ടെന്നു വയ്ക്കാം. തങ്ങളുടെ വ്യവസ്ഥയനുസരിച്ചുവേണം സഹായം തരാനെന്നു പറയാൻ സ്ഥാപനത്തിന് അവകാശമില്ല.
വിദ്യാഭ്യാസ പ്രവർത്തനത്തിനു ന്യൂനപക്ഷങ്ങൾക്ക് അവകാശം നൽകുന്ന ഭരണഘടനാ വകുപ്പിന് (30) ന്യായമായ നിയന്ത്രണങ്ങൾ ബാധകമാണ്. ന്യൂനപക്ഷ ഇതര സ്ഥാപനത്തിന് ലഭിക്കുന്നതിനെക്കാൾ മെച്ചപ്പെട്ട അവകാശമെന്ന രീതിയിൽ അതു വിപുലീകരിക്കാനാവില്ല. സഹായം സ്വീകരിക്കുന്ന സ്ഥാപനം അതിനുള്ള വ്യവസ്ഥകളും പാലിക്കണം. കോടതി പറഞ്ഞു.
അതേസമയം അടുത്തിടെ സർക്കാർ ശമ്പളം നൽകുന്ന എയ്ഡഡ് സ്‌കൂൾ, കോളേജ് നിയമനം പി.എസ്.സി.ക്കു വിടുന്നതാണ് ഉചിതമെന്ന നിർദേശത്തെ എതിർത്തു കൊണ്ടാണ് എയ്ഡഡ് മാനേജ്‌മെന്റുകൾ രംഗത്തുവന്നിരുന്നത്. സാധ്യമല്ലെങ്കിൽ കേരള റിക്രൂട്ട്മെന്റ് ബോർഡ് ഫോർ പ്രൈവറ്റ് സ്‌കൂൾസ് ആൻഡ് കോളേജസ് എന്നപേരിൽ നിയമസാധുതയുള്ള റിക്രൂട്ട്മെന്റ് ബോർഡ് രൂപവത്കരിക്കണം. നിയമനവുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കാൻ ഹൈക്കോടതിയിൽ നിന്നോ സുപ്രീം കോടതിയിൽനിന്നോ വിരമിച്ച ജഡ്ജിയെ ഓംബുഡ്സ്മാനായി നിയമിക്കണം എന്നുമാണ് ശമ്പള പരിഷ്‌ക്കരണ കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്.
ബോർഡിന് മുഴുവൻസമയ അധ്യക്ഷനും രണ്ട് മുഴുവൻസമയ അംഗങ്ങളും ഉണ്ടാകണമെന്ന് കമ്മിഷൻ നിർദേശിക്കുന്നു. കേരള, എം.ജി., കാലിക്കറ്റ്, കണ്ണൂർ സർവകലാശാല വൈസ് ചാൻസലർമാരിൽ ഒരാളും പൊതുവിദ്യാഭ്യാസ ഡയറക്ടറും പാർട്ട് ടൈം അംഗങ്ങളായിരിക്കണം. കോളേജ്, സ്‌കൂൾ മാനേജ്മെന്റ് പ്രതിനിധികളായി നാല് പാർട്ട്ടൈം അംഗങ്ങളും സമിതിയിലുണ്ടാകണം.
അഞ്ചംഗ ഇന്റർവ്യൂ ബോർഡ് ആകണം ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കേണ്ടത്. അതത് വിഷയങ്ങളിലെ വിദഗ്ധൻ, രണ്ട് മാനേജ്മെന്റ് പ്രതിനിധികൾ എന്നിവരും ഇന്റർവ്യൂബോർഡിൽ ഉണ്ടാകണം. ഇന്റർവ്യൂ നടപടികൾ ഓഡിയോ, വീഡിയോ റെക്കോഡ് ചെയ്യണം. ഒഴിവുവിവരം രണ്ട് പ്രമുഖ മലയാളം പത്രങ്ങളിൽ പരസ്യപ്പെടുത്തണം. ഉദ്യോഗാർഥികൾക്ക് ലഭിച്ച റാങ്ക് അപ്പോൾത്തന്നെ പ്രസിദ്ധപ്പെടുത്തണം. ഇന്റർവ്യൂ ബോർഡിലെ സർക്കാർ പ്രതിനിധി അതിനുശേഷമേ അവിടം വിട്ടുപോകാവൂ എന്നുമായിരുന്നു നിർദ്ദേശം.
അതിനിടെ ഭിന്നശേഷി സംവരണം സംബന്ധിച്ച 2018ലെ വ്യവസ്ഥ പാലിക്കാത്ത എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾ അംഗീകരിക്കാനുള്ള സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ ഏർപ്പെടുത്തിയതും തിരിച്ചടിയായി മാറി. 2021 -22 കാലയളവിൽ സ്‌കൂൾ മാനേജ്‌മെന്റുകൾ നടത്തിയ നിയമനങ്ങൾ അംഗീകരിക്കാൻ നിർദേശിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് സെപ്റ്റംബർ ആറിന് പുറപ്പെടുവിച്ച ഉത്തരവാണ് ജസ്റ്റിസ് രാജ വിജയരാഘവൻ സ്‌റ്റേ ചെയ്തത്.
ഭിന്നശേഷിക്കാർക്കുള്ള സംവരണം പാലിക്കാതെയാണ് നിയമനങ്ങളെന്നാരോപിച്ച് കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഭിന്നശേഷി സംവരണം പാലിക്കാതെ ഇതിനകം നിയമനാംഗീകാരം നൽകിയിട്ടുണ്ടെങ്കിൽ ഹരജിയിലെ തീർപ്പിന് വിധേയമായിരിക്കുമെന്നും വ്യക്തമാക്കി. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമ പ്രകാരം നാല് ശതമാനത്തിൽ കുറയാത്ത തസ്തികകൾ അവർക്കായി നീക്കിവെക്കണമെന്നും ഈ വ്യവസ്ഥ എയ്ഡഡ് സ്ഥാപനങ്ങൾക്ക് ബാധമാക്കി 2018 നവംബറിൽ സർക്കാർ ഉത്തരവുണ്ടെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.
1996 മുതലുള്ള നിയമനങ്ങളിൽ ഉത്തരവ് ബാധകമാണ്. ഇതിനെതിരെ മാനേജ്‌മെന്റുകൾ സുപ്രീംകോടതിയെ വരെ സമീപിച്ചെങ്കിലും അംഗീകരിച്ചില്ല. ഇതിനിടെയാണ് 2021-22 ലെ നിയമനങ്ങൾക്ക് അംഗീകാരം നൽകാൻ ഡി.ഇ.ഒമാർക്കും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർക്കും സർക്കാർ നിർദ്ദേശം നൽകിയത്. സെപ്റ്റംബർ 24നകം നിയമനങ്ങൾക്ക് അംഗീകാരം നൽകാനായിരുന്നു ഉത്തരവ്. ഉത്തരവ് സ്‌റ്റേ ചെയ്താൽ എല്ലാ നിയമനങ്ങളും തടസ്സപ്പെടുമെന്നായിരുന്നു സർക്കാർ വാദം.
ചട്ടഭേദഗതിയിലൂടെ മാത്രമേ എയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പാക്കാനാവൂവെന്നും നടപടികൾ പുരോഗമിക്കുകയാണെന്നും സർക്കാർ അറിയിച്ചു. എന്നാൽ, ഭിന്നശേഷിക്കാരുടെ സംവരണം പാലിക്കാതെ നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നത് അവരുടെ അവകാശം ഹനിക്കലാണെന്ന് കോടതി വ്യക്തമാക്കി. നിയമം നിലവിൽവന്ന 1995 മുതൽ ഭിന്നശേഷിക്കാർക്കായി നീക്കിവെക്കേണ്ടിയിരുന്ന സീറ്റുകൾ കണ്ടെത്തി നികത്താനും കോടതി നിർദേശിച്ചു.
മറുനാടന് മലയാളി ബ്യൂറോ