- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ ആ ചാനൽ കാണാറില്ല... തുറക്കാറു പോലുമില്ല; ഇത്തരമൊരു കേസിൽ ഭരണഘടനാ കോടതിയെന്ന നിലയിൽ സുപ്രീം കോടതി ഇടപെട്ടില്ലെങ്കിൽ അതു നാശത്തിനാണ് വഴിയൊരുക്കുക; ആരോപണത്തിന്റെ പേരിൽ ഒരാളുടെ വ്യക്തി സ്വാതന്ത്ര്യം ഹനിക്കാനാവുമോ? അർണാബ് ഗോസ്വാമിയുടെ കേസിൽ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിരീക്ഷണങ്ങൾ ഇങ്ങനെ
ന്യൂഡൽഹി: ഇന്റീരിയർ ഡിസൈനറുടെ ആത്മഹത്യാ പ്രേരണാ കേസിൽ അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടോയെന്ന് മഹാരാഷ്ട്രാ സർക്കാരിനോട് സുപ്രീം കോടതി. കേസുമായി ബന്ധപ്പെട്ട് വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പരാമർശങ്ങളും കോടതി നടത്തി. അർണാബിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതിയുടെ ഈ വിമർശനം.
വ്യക്തിസ്വാതന്ത്ര്യം ഇത്തരത്തിൽ ഹനിക്കപ്പെട്ടാൽ അതു നീതിനടത്തിപ്പിനെ പരിഹാസ്യതയിലാക്കുമെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു. ഇടക്കാല ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരെ അർണബ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നിരീക്ഷണം. ഇന്ത്യൻ ജനാധിപത്യം അസാധാരണമാംവിധം പുനരുജ്ജീവന ശേഷിയുള്ളതാണെന്നും ടെലിവിഷനിലൂടെ അർണബ് നടത്തുന്ന ആക്രമണങ്ങളെ അവഗണിക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് ഇന്ദിര ബാനർജി കൂടി അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
''അദ്ദേഹത്തിന്റെ ആശയ സംഹിത എന്തുമാവട്ടെ. ഞാൻ ആ ചാനൽ കാണാറില്ല. തുറക്കാറു പോലുമില്ല. പക്ഷേ, ഇത്തരമൊരു കേസിൽ ഭരണഘടനാ കോടതിയെന്ന നിലയിൽ സുപ്രീം കോടതി ഇടപെട്ടില്ലെങ്കിൽ അതു നാശത്തിനാണ് വഴിയൊരുക്കുക. '' ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. ആരോപണത്തിന്റെ പേരിൽ ഒരാളുടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കാനാവുമോ എന്നതാണ് ചോദ്യമെന്ന് കോടതി പറഞ്ഞു.
വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രശ്നമല്ല ഇതെന്നും നിയമ പ്രകൃയയുടേത് ആണെന്നും മഹാരാഷ്ട്രാ സർക്കാരിനു വേണ്ടി ഹാജരായ അമിത് ദേശായി ചൂണ്ടിക്കാട്ടി. അർണബിന്റെ ജാമ്യാപേക്ഷ കീഴ്ക്കോടതി പരിഗണിക്കാനിരിക്കെ സുപ്രീം കോടതി ഇതിൽ ഇടപെടുന്നത് ഉചിതമല്ലെന്ന് ദേശായി വാദിച്ചു.
'സർക്കാർ വ്യക്തികളെ വേട്ടയാടുക ആണെങ്കിൽ, രാജ്യത്തെ പരമോന്നത കോടതി വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കാൻ ഉണ്ടാകും. 'ഈ കേസ് (അർണാബ് ഗോസ്വാമിക്ക് എതിരെ) തീവ്രവാദ കേസ് അല്ല. സാങ്കേതിക കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം നിഷേധിക്കാൻ കഴിയില്ലെന്നും കോടതി വിമർശിച്ചു. ഹൈക്കോടതി 56 പേജ് ദൈർഘ്യം ഉള്ള വിധി ആണ് എഴുതിയത്. എന്നാൽ കേസ് നിലനിൽക്കുമോ എന്ന പ്രാഥമികം ആയ കാര്യം പോലും വിധിയിൽ ഇല്ലെന്നും ചന്ദ്രചൂഡ് വിമർശനം ഉന്നയിച്ചു. ഉച്ചക്ക് ശേഷം കേസിൽ വീണ്ടും വാദം തുടരും. ട
നേരത്തെ അർണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ അടിയന്തരമായി ലിസ്റ്റ് ചെയ്തതിനെതിരെ സുപ്രീംകോടതി ബാർ അസോസിയേഷൻ രംഗത്തെത്തിയിിരുന്നു. ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെയുടെ നിർദ്ദേശ പ്രകാരമാണോ ഇത്തരമൊരു നീക്കമെന്ന് വ്യക്തമാക്കണം എന്നാണ് ബാർ അസോസിയേഷൻ പ്രസിഡന്റ് ദുഷ്യന്ത് ദവേ സുപ്രീംകോടതി സെക്രട്ടറി ജനറലിന് കത്തു നൽകുകയുണ്ടായി.
മഹാമാരിയുടെ ഈ കാലത്ത് ഹരജികൾ പരിഗണിക്കുന്നത് വൈകുന്നതിനാൽ ആയിരക്കണക്കിനാളുകൾ ജയിലിൽ കഴിയുമ്പോഴാണ് സ്വാധീനമുള്ള ഒരാളുടെ ഹരജി ഒരുദിവസത്തിനുള്ളിൽ തന്നെ ലിസ്റ്റ് ചെയ്യുന്നതെന്ന് ദുഷ്യന്ത് ദവേ ചൂണ്ടിക്കാട്ടി. തനിക്ക് അർണബിനോട് യാതൊരു വ്യക്തി വിദ്വേഷവും ഇല്ല. എല്ലാവരെയും പോലെ അർണബിനും നീതി തേടാനുള്ള അവസരമുണ്ട്. എന്നാൽ, കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ എട്ട് മാസമായി നടക്കുന്ന സെലക്റ്റീവ് ലിസ്റ്റിങ് ആണ് പ്രശ്നം.
ആഴ്ചകളും മാസങ്ങളും ആയിട്ടും ഹരജികൾ പരിഗണിക്കാൻ വൈകുന്നിടത്താണ് അർണബ് ഹരജി നൽകുമ്പോൾ ഒരു ദിവസം കൊണ്ട് പരിഗണിക്കാൻ ലിസ്റ്റ് ചെയ്യുന്നത്. അർണബിന് ലഭിക്കുന്ന പ്രത്യേക പരിഗണന നിയമവിരുദ്ധവും അനധികൃതവുമാണ്. മുതിർന്ന അഭിഭാഷകൻ കൂടിയായ പി. ചിദംബരത്തിന്റെ ഹരജി പോലും ഇത്ര വേഗം ലിസ്റ്റ് ചെയ്തിട്ടില്ല. അദ്ദേഹത്തിന് ജാമ്യം നൽകുമ്പോഴേക്കും മാസങ്ങൾ ജയിലിൽ കഴിഞ്ഞിരുന്നുവെന്നും ദവേ ചൂണ്ടിക്കാണിക്കുകയുണ്ടായി.
മറുനാടന് മലയാളി ബ്യൂറോ