- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിലെ ഏറ്റവും വലുതും പ്രമുഖവുമായ ചില കമ്പനികളുടെ പ്രമോട്ടർമാരാണ് അംബാനി കുടുംബം; ഇവരുടെ ജീവന് ഭീഷണി ഉണ്ടെന്ന് അവിശ്വസിക്കാൻ കാരണങ്ങളൊന്നുമില്ല; അംബാനി കുടുംബത്തിന് സുരക്ഷ നൽകുന്നത് തുടരാൻ കേന്ദ്രത്തിന് സുപ്രീം കോടതി അനുമതി; ചെലവുകൾ അംബാനി തന്നെ വഹിക്കും
ന്യൂഡൽഹി: അംബാനി കുടുംബത്തിന് കേന്ദ്രസർക്കാർ സുരക്ഷ നൽകുന്നത് തുടരാൻ കേന്ദ്രസർക്കാറിന് സുപ്രീംകോടതിയുടെ അനുമതി. ഇക്കാര്യം ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് ഉത്തരവിട്ടത്. സർക്കാർ സുരക്ഷ വിന്യസിച്ചതിനെ ചോദ്യം ചെയ്ത് ത്രിപുര ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയും അതേത്തുടർന്നുണ്ടായ ഇടക്കാല ഉത്തരവുകളും തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്.
നിലവിലെ രീതി പോലെ, അത്തരം സുരക്ഷാ സംവിധാനങ്ങൾ നിലനിർത്തുന്നതിനുള്ള ചെലവുകൾ അംബാനി കുടുംബം വഹിക്കുമെന്ന് ബെഞ്ച് പറഞ്ഞു. ചീഫ് ജസ്റ്റിസ് രമണ, ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, ഹിമ കോഹ്ലി എന്നിവരുടെ ബെഞ്ചാണ് പൊതുതാൽപര്യ ഹർജി തള്ളി കൊണ്ട് കേന്ദ്രം നൽകുന്ന സുരക്ഷ തുടരാൻ നിർദ്ദേശിച്ചത്. ത്രിപുര ഹൈക്കോടതി ഈ ഹർജി പരിഗണിക്കേണ്ടതില്ലെന്നും ഉത്തരവിൽ സുപ്രീംകോടതി വ്യക്തമാക്കി.
''ഇന്ത്യയിലെ ഏറ്റവും വലുതും പ്രമുഖവുമായ ചില കമ്പനികളുടെ പ്രമോട്ടർമാരാണ് അംബാനി കുടുംബം. ഇവരുടെ ജീവന് ഭീഷണി ഉണ്ടെന്ന് അവിശ്വസിക്കാൻ കാരണങ്ങളൊന്നുമില്ല'' ബെഞ്ച് പറഞ്ഞു. 'ഹരജിക്കാരന് ഈ ഭീഷണിയെക്കുറിച്ച് ഇതിനകം തന്നെ അറിയാം, അതുകൊണ്ടാണ് അംബാനി കുടുംബത്തിന് മതിയായ സുരക്ഷ ഒരുക്കുന്നത്. കൂടാതെ, ബോംബെ ഹൈക്കോടതിയും നേരത്തെ അംബാനി കുടുംബത്തിന്റെ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുടെ ആവശ്യകത അംഗീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവർക്ക് സുരക്ഷ നൽകുന്നത് റദ്ദാക്കണമെന്ന ഹർജി തള്ളുകയാണ്. ഈ സാഹചര്യത്തിൽ, ഒരു മൂന്നാം കക്ഷി സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ഈ പ്രശ്നം പരിഗണിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, ' സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് കൂട്ടിച്ചേർത്തു.
ബികാഷ് സാഹ എന്നയാൾ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ത്രിപുര ഹൈക്കോടതി മെയ് 31, ജൂൺ 21 തീയതികളിൽ രണ്ട് ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിക്കുകയും ഭീഷണിയെക്കുറിച്ചുള്ള ധാരണയും വിലയിരുത്തൽ റിപ്പോർട്ടും സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) പരിപാലിക്കുന്ന യഥാർത്ഥ ഫയൽ സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിക്കുകയും ചെയ്തു. അംബാനിക്കും ഭാര്യയ്ക്കും മക്കൾക്കും സുരക്ഷ അനുവദിച്ചതിനെതിരെയാണ് ഹർജിക്കാരൻ പൊതുതാൽപര്യ ഹർജിയുമായി കോടതിയെ സമീപിച്ചത്.
ജൂൺ 29ന് ത്രിപുര ഹൈക്കോടതിയുടെ ഉത്തരവുകൾ സുപ്രീം കോടതിയിലെ ഒരു അവധിക്കാല ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ത്രിപുരയിലെ പൊതുതാൽപര്യ ഹർജിക്കാരനായ ബികാഷ് സാഹയ്ക്ക് മുംബൈയിലുള്ള വ്യക്തികളുടെ സുരക്ഷയുമായി യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കിയിരുന്നു.
മറുനാടന് ഡെസ്ക്