- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാമി അഗ്നിവേശ് അന്തരിച്ചു; അന്ത്യം കരൾ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ; വിട പറഞ്ഞത് കാവി ധരിച്ചപ്പോഴും തീവ്രഹിന്ദുത്വത്തിനെതിരെ പോരാടിയ പുരോഗമനവാദി; അദ്ധ്യാപകനും രാഷ്ട്രീയ നേതാവും എംഎൽഎയും മന്ത്രിയുമായി സാമൂഹിക പ്രവർത്തനത്തിന് തിരഞ്ഞെടുത്തത് വ്യത്യസ്തമായ വഴികളും; ഓർമ്മയാകുന്നത് മതങ്ങൾക്കിടയിൽ സംവാദങ്ങൾ വേണമെന്ന് ശഠിച്ച സന്ന്യാസി
ന്യൂഡൽഹി: സ്വാമി അഗ്നിവേശ് (80) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സാമൂഹ്യ പ്രവർത്തകനും ആര്യസമാജ പണ്ഡിതനും മുൻ എംഎൽഎയുമാണ് സ്വാമി അഗ്നിവേശ്. ന്യൂഡൽഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വിവിധ അവയവങ്ങളുടെ പ്രവർത്തനം തകരാറിലായതിനെ തുടർന്ന് വെന്റിലേറ്ററിലായിരുന്നു.
1939ൽ ഇന്നത്തെ ഛത്തീസ്ഗഢിലെ ജൻജ്ഗീർചമ്പ ജില്ലയിലാണ് സ്വാമി അഗ്നിവേശ് എന്ന ശ്യാം വേപ റാവു ജനിച്ചത്. നിയമത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദധാരിയായ അദ്ദേഹം 1963 മുതൽ 1968 വരെ കൊൽക്കത്തയിലെ സെന്റ് സേവ്യർ കോളേജിൽ ബിസ്സിനസ്സ് മാനേജ്മെന്റിൽ അദ്ധ്യാപകനായിരുന്നു. 1968 ൽ വീടും ജോലിയും ഉപേക്ഷിച്ച് ഹരിയാനയിലേക്ക് വന്നു. അവിടെ ആര്യസമാജത്തിൽ ചേരുകയും സന്യാസം സ്വീകരിക്കുകയും ചെയ്തു. ആര്യസഭ എന്ന രാഷ്ട്രീയ സംഘടനയും അദ്ദേഹം അവിടെ വെച്ച് രൂപീകരിച്ചു. 1977 ൽ ഹരിയാനയിലെ നിയമസഭാംഗമാവുകയും മന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
കാവി ധരിച്ചപ്പോഴും അദ്ദേഹം തീവ്രഹിന്ദുത്വത്തിനെതിരെ വാചാലനായി. വിവിധ മതങ്ങൾക്കിടയിൽ സംവാദങ്ങൾ നടക്കണമെന്ന പക്ഷക്കാരനായിരുന്നു സ്വാമി അഗ്നിവേശ്. ഇതിന്റെ പേരിൽ കേരളത്തിൽ എത്തിയപ്പോഴടക്കം കയ്യേറ്റം നേരിടേണ്ടി വന്നു. സ്ത്രീവിമോചനത്തിനും, പെൺഭ്രൂണഹത്യക്കുമെതിരെ സ്വാമി അഗ്നിവേശ് ശബ്ദിച്ചു. അഴിമതിക്കെതിരെ കുരിശ് യുദ്ധം പ്രഖ്യാപിച്ച് അണ്ണാഹസാരെ തുടങ്ങിവച്ച ഇന്ത്യ എഗൻസ്റ്റ് കറപ്ഷൻ പ്രസ്ഥാനത്തിൻറയും ഭാഗമായി. ആര്യസമാജത്തിന്റെ ആശയങ്ങൾ അടിസ്ഥാനമാക്കിയാണ് 1970 ൽ ആര്യസഭ എന്ന പാർട്ടി അദ്ദേഹം രൂപവത്കരിച്ചത്. സ്ത്രീ വിമോചനത്തിനുവേണ്ടി പ്രവർത്തിച്ചിരുന്ന അദ്ദേഹം പെൺ ഭ്രൂണഹത്യയ്ക്കെതിരെ പോരാട്ടം നടത്തി.
മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങൾ, ജാതി വിരുദ്ധ സമരങ്ങൾ, തൊഴിൽ സമരങ്ങൾ, മദ്യത്തിനെതിരായുള്ള പ്രചരണം, സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പ്രത്യാകിച്ചും അവരുടെ വിദ്യാഭ്യാസത്തിനും വേദപാരയണത്തിനുമുള്ള അവകാശത്തിനായുള്ള പോരാട്ടം തുടങ്ങി നിരവധി സാമൂഹിക മുന്നേറ്റങ്ങൾക്ക് അഗ്നിവേശ് ചുക്കാൻ പിടിച്ചിട്ടുണ്ട്.
'വേദിക സോഷ്യലിസം' (1974), 'റിലീജിയൺ റെവല്യൂഷൺ ആൻഡ് മാർക്സിസം', വൽസൻ തമ്പുവുമായി ചേർന്നെഴുതിയ 'ഹാർവസ്റ്റ് ഓഫ് ഹൈറ്റ്:ഗുജറാത്ത് അൻഡർ സീജ്','ഹിന്ദുയിസം ഇൻ ന്യൂ ഏജ്'(2005) എന്നിവയാണ് പ്രധാന കൃതികൾ.
സ്വാമി അഗ്നിവേശിന്റെ വേർപാടിൽ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ അനുശോചിച്ചു. മാനവികതയ്ക്കും സഹിഷ്ണുതയ്ക്കും വേണ്ടി സ്വാമി അഗ്നിവേശ് പോരാട്ടം നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് അറിയാവുന്നവരിൽവച്ച് ഏറ്റവും ധീരനായിരുന്നു. പൊതുജന നമ്മയ്ക്കുവേണ്ടി എത്രവലിയ വെല്ലുവിളിയും ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറായിരുന്നു. രണ്ടു വർഷംമുമ്പ് ഝാർഖണ്ഡിൽവച്ച് ബിജെപി- ആർഎസ്എസ് പ്രവർത്തകരുടെ ക്രൂരതയ്ക്ക് ഇരയായാണ് അദ്ദേഹത്തിന്റെ കരൾ തകരാറിലായതെന്നും പ്രശാന്ത് ഭൂഷൺ ആരോപിച്ചു.
മറുനാടന് ഡെസ്ക്