കണ്ണൂർ: നയതന്ത്ര സ്വർണ്ണക്കടത്തു കേസിലെ മുഖ്യസൂത്രധാരൻ യുഎഇ കോൺസുലേറ്റ് മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബിയാണെന്ന് മൊഴി നൽകി സ്വർണ്ണക്കടത്തിൽ അറസ്റ്റിലായി ജലിലിൽ കഴിയുന്ന സ്വപ്‌ന സുരേഷ്. വിദേശ വനിതകളെ ഉപയോഗിച്ചു അൽസാബി കേരളത്തിലേക്ക് സ്വർണം കടത്തിയെന്നാണ് സ്വപ്ന മൊഴി നസൽകിയിരിക്കുന്നചത്. അൽസാബി 3 തവണ സ്വർണം കടത്തിയതായി അറിയാമെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. കേസിലെ കൂട്ടുപ്രതിയായ പി.എസ്. സരിത്തിന്റെ മൊഴിയിലും ഇക്കാര്യം ആവർത്തിക്കുന്നെന്നു ഡോളർ കടത്തു കേസിലെ പ്രതികൾക്കു നൽകിയ കാരണം കാണിക്കൽ നോട്ടിസിൽ പറയുന്നു.

'മൊറോക്കോ, ഈജിപ്ത്, യുഎഇ സ്വദേശികളായ 3 വനിതകൾ കോൺസൽ ജനറലിന്റെ നിർദേശപ്രകാരമാണു സ്വർണം കടത്തിയത്. യാസ്മിൻ അലി ബക്രി എന്നാണ് ഈജിപ്തുകാരിയുടെ പേര്. ഇവർ ഒരു തവണ കൂടി സ്വർണവുമായി എത്തിയിട്ടുണ്ട്. ഇതിലൊരാൾ, തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നു പുറത്തിറങ്ങാൻ വൈകിയപ്പോൾ, ജമാൽ ഹുസൈൻ അൽസാബി വല്ലാതെ ക്ഷോഭിച്ചുവെന്നും സ്വപ്ന മൊഴിയിൽ വ്യക്തമാക്കുന്നു.

എത്രയും പെട്ടെന്ന് അവരെ പുറത്തെത്തിക്കണമെന്നും ബാഗേജുകൾ പെട്ടെന്നു ക്ലിയർ ചെയ്യണമെന്നും ജമാൽ ഹുസൈൻ അൽസാബി നിർദേശിച്ചുവെന്നാണ് സ്വപ്‌നയുടെ മൊഴി. കോൺസുലേറ്റിലേക്കുള്ളവർക്കു തിരുവനന്തപുരം വിമാനത്താവളത്തിൽ പ്രത്യേക പരിഗണന ലഭിക്കാനും പെട്ടെന്നു പുറത്തിറങ്ങാനും എന്താണു ചെയ്യേണ്ടതെന്ന് എം. ശിവശങ്കറിനോടു ചോദിക്കാൻ കോൺസൽ ജനറൽ നിർദേശിച്ചു. കോൺസൽ ജനറലിന്റെ കത്ത് മുഖ്യമന്ത്രിക്കു നൽകാനായിരുന്നു ശിവശങ്കറിന്റെ നിർദ്ദേശം. കത്തു നൽകിയതിനു ശേഷമാണു കോൺസൽ ജനറലിന് 'എക്‌സ്' കാറ്റഗറി സുരക്ഷ നൽകിയതും സുരക്ഷാഭടന്മാരെ ഏർപ്പാടാക്കിയതെന്നുമാണ് സ്വപ്‌ന വ്യക്തമാക്കുന്നത്.

നിയമവിരുദ്ധമായ കാര്യങ്ങളാണ് ചെയ്യുന്നതെന്ന് അൽസാബിക്ക് അറിയമായിരുന്നു എന്നാണ് സ്വപ്ന മൊഴിയിൽ വ്യക്തമാക്കുന്നത്. ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ അദ്ദേഹം മുൻകരുതലെടുക്കാറുണ്ട്. എന്നെയും സരിത്തിനെയും അടിക്കടി വിളിക്കുകയും വിമാനത്താവളത്തിൽ നിന്നു പെട്ടെന്നു പുറത്തിറങ്ങാനുള്ള സൗകര്യം ചെയ്‌തോയെന്നു തിരക്കുകയും ചെയ്യും. ജമാൽ ഹുസൈൻ അൽസാബിയും ഖാലിദ് അലി ഷൗക്രിയുമാണ് സ്വർണ്ണക്കടത്തിലെ പ്രധാനികൾ എന്ന് വ്യക്തമാക്കുന്നതാണ് സരിത്തിന്റെയും മൊഴികൾ.

'സ്വർണക്കടത്തിനുപയോഗിച്ച വിദേശവനിതകളുടെ വിശദാംശങ്ങളോ പാസ്‌പോർട്ട് കോപ്പിയോ ജമാൽ ഹുസൈൻ അൽസാബി നൽകാറില്ല. ഒരു തവണ, ജമാൽ ഹുസൈൻ അൽസാബിയുടെ നിർദേശപ്രകാരം വിദേശവനിതയിൽ നിന്ന് ഏറ്റുവാങ്ങിയ ബാഗേജിനു പതിവിലധികം ഭാരമുണ്ടായിരുന്നു. ബാഗേജിൽ ഭക്ഷണ സാധനങ്ങളാണെന്നും ഫ്രീസറിൽ സൂക്ഷിക്കണമെന്നുമായിരുന്നു നിർദ്ദേശം. ഭക്ഷണ സാധനമായിരുന്നുവെങ്കിൽ, പതിവു പോലെ തെർമോകോൾ ബോക്‌സിലാണയക്കേണ്ടിയിരുന്നത്. മറ്റൊരു തവണ, ഒരു വിദേശവനിത ബാഗുമായി എനിക്കൊപ്പം കോൺസൽ ജനറലിന്റെ വസതിയിലേക്കു വന്നിരുന്നു. ഇതിൽ, സ്വർണമാണെന്നാണു സംശയിക്കുന്നത്.' സരിത്തിന്റെ മൊഴിയിൽ പറയുന്നു.

ഒരു തവണ ഖാലിദ് അലി ഷൗക്രി കൊണ്ടുവന്ന, ബില്യാഡ്‌സ് 'ക്യൂ'വിന്റെ പിടി ഭാഗത്തു സംശയം തോന്നി വീണ്ടും പരിശോധിക്കണമെന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. കോൺസുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് കാർഗോ ആണെന്നു പറഞ്ഞതിനെ തുടർന്നു പരിശോധന ഒഴിവാക്കുകയായിരുന്നു. പിന്നീടൊരിക്കൽ, ബില്യാഡ്‌സ് 'ക്യൂ' വാങ്ങാനായി സ്വപ്ന ഡൽഹിയിൽ പോയിരുന്നു. ക്യൂവിന്റെ പിടിക്കകത്തു സ്വർണം ഒളിപ്പിച്ചിട്ടുണ്ടാകാമെന്നാണു സംശയം.'

അടുത്തിടെ സ്വർണ്ണക്കടത്തു കേസ് പ്രതികൾ ജാമ്യത്തിനായി ശ്രമിച്ചപ്പോഴും ലഭിച്ചിരുന്നില്ല. സ്വപ്ന സുരേഷിന് ജാമ്യം നൽകരുതെന്ന് എൻഐഎ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുകയായിരുന്നു. സ്വപ്നക്ക് രാജ്യത്തിനകത്തും പുറത്തും വലിയ ബന്ധങ്ങളുണ്ടെന്നും ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയെ തകിടം മറിക്കുന്ന ഇടപാടായിരുന്നു സ്വപ്പനയുടേതെന്നുമാണ് എൻഐഎ കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

പണമുണ്ടാക്കുക എന്നതായിരുന്നു സ്വപ്നയുടെ മുഖ്യ ലക്ഷ്യം. കള്ളക്കടത്ത് ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയ്ക്കും രാജ്യ സുരക്ഷയ്ക്കും തന്നെ ഭീഷണിയാണ്. ഇത് തീവ്രവാദ പ്രവർത്തനം തന്നെയാണെന്നും എൻഐഎ കോടതിയിൽ വ്യക്തമാക്കി.167 കിലോയുടെ സ്വർണക്കടത്താണ് നടത്തിയത്. ദുബായിക്ക് പുറമെ സൗദി, ബഹ്‌റിൻ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്ന് കള്ളക്കടത്ത് നടത്താനും സ്വപ്ന പദ്ധതിയിട്ടു. ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയെ തകിടം മറിക്കുന്ന ഇടപാടായിരുന്നു സ്വപ്പനയുടേതെന്നും എൻഐഎ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.