- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അർധ സെഞ്ചുറികളുമായി കൂട്ടു പിരിയാതെ ബാബർ അസമും മുഹമ്മദ് റിസ്വാനും; ലോകകപ്പ് വേദിയിൽ ഇന്ത്യയ്ക്ക് എതിരെ ആദ്യ ജയവുമായി പാക്കിസ്ഥാൻ; 152 റൺസ് വിജയലക്ഷ്യം മറികടന്നത് വിക്കറ്റ് നഷ്ടം കൂടാതെ; ഇന്ത്യൻ മുൻനിരയെ വീഴ്ത്തിയ ഷഹീൻ അഫ്രീദി കളിയിലെ താരം
ദുബായ്: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ ഇന്ത്യയെ 10 വിക്കറ്റിന് കീഴടക്കി പാക്കിസ്ഥാൻ. 152 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 17.5 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ജയത്തിലെത്തി. നായകൻ ബാബർ അസം 52 പന്തിൽ 68 റൺസും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഹമ്മദ് റിസ്വാൻ 55 പന്തിൽ 79 റൺസുമെടുത്ത് പുറത്താകാതെ നിന്നു. സ്കോർ: ഇന്ത്യ-151-7 (20 ഓവർ), പാക്കിസ്ഥാൻ- 152-0 (17.5 ഓവർ).
ലോകകപ്പ് വേദിയിൽ ആദ്യമായാണ് പാക്കിസ്ഥാനോട് ഇന്ത്യ തോൽക്കുന്നത്. ഇതുവരെ ലോകകപ്പിൽ ഇരുടീമുകളും 12 മത്സരങ്ങളിലും ജയം ഇന്ത്യയ്ക്ക് ഒപ്പമായിരുന്നു. ലോകകപ്പ് വേദിയിൽ ഇന്ത്യയെ പരാജയപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്ന ചരിത്രമാണ് ബാബർ അസമും സംഘവും മറികടന്നത്. 46 പന്തുകൾ നേരിട്ട ബാബർ അസം രണ്ട് സിക്സും ആറ് ഫോറുമടക്കം 68 റൺസെടുത്തു. മുഹമ്മദ് റിസ്വാൻ 55 പന്തിൽ നിന്ന് മൂന്ന് സിക്സും ആറ് ഫോറുമടക്കം 79 റൺസോടെ പുറത്താകാതെ നിന്നു.
ഇന്ത്യ മുന്നോട്ടുവെച്ച 152 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാന് നായകൻ ബാബർ അസമും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഹമ്മദ് റിസ്വാനും മിന്നും തുടക്കം നൽകിയപ്പോൾ ബ്രേക്ക് ത്രൂവിന് ഇന്ത്യ കഷ്ടപ്പെട്ടു. പവർപ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 43 റൺസിലായിരുന്ന ടീമിനെ ഇരുവരും എട്ടാം ഓവറിൽ 50 കടത്തി. സിക്സറോടെ 40 പന്തിൽ ബാബർ അർധ സെഞ്ചുറി പൂർത്തിയാക്കി. 13-ാം ഓവറിൽ ഇരുവരും 100 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചു.
തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ടീം ഇന്ത്യ വിരാട് കോലിയുടെ അർധ സെഞ്ചുറിയുടെയും റിഷഭ് പന്തിന്റെ ഇന്നിങ്സിന്റേയും കരുത്തിലാണ് പൊരുതാവുന്ന സ്കോർ കണ്ടെത്തിയത്. ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റിന് 151 റൺസെടുത്തു. ഒരുവേള 31-3 എന്ന നിലയിൽ തകർന്നിടത്തുനിന്നാണ് ഇന്ത്യയുടെ തിരിച്ചുവരവ്. പാക്കിസ്ഥാനായി ഷഹീൻ അഫ്രീദി മൂന്നും ഹസൻ അലി രണ്ടും വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിലെ നാലാം പന്തിൽ തന്നെ ഷഹീൻ അഫ്രീദി രോഹിത് ശർമയെ (0) വിക്കറ്റിന് മുന്നിൽ കുടുക്കി. നേരിട്ട ആദ്യ പന്തിൽ തന്നെയായിരുന്നു രോഹിത്തിന്റെ മടക്കം.
പിന്നാലെ മൂന്നാം ഓവറിൽ ഷഹീൻ കെ.എൽ രാഹുലിനെയും (3) പുറത്താക്കിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. തുടർന്നെത്തിയ സൂര്യകുമാർ യാദവ് മികച്ച ഷോട്ടുകളുമായി തുടങ്ങിയെങ്കിലും ആറാം ഓവറിൽ താരത്തെ ഹസൻ അലി പുറത്താക്കിയതോടെ ഇന്ത്യൻ ആരാധകർ മറ്റൊരു ബാറ്റിങ് തകർച്ച മുന്നിൽ കണ്ടു. എട്ടു പന്തിൽ ഒരു സിക്സും ഫോറുമടക്കം 11 റൺസായിരുന്നു സൂര്യകുമാറിന്റെ സമ്പാദ്യം.
എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച കോലി - ഋഷഭ് പന്ത് സഖ്യം 53 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യയെ കൂടുതൽ നഷ്ടങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോയി. പക്ഷേ 13-ാം ഓവറിൽ പന്തിനെ മടക്കി ഷദാബ് ഖാൻ ഇന്ത്യയെ വീണ്ടും ഞെട്ടിച്ചു. 30 പന്തിൽ നിന്ന് രണ്ടു വീതം സിക്സും ഫോറുമടക്കം 39 റൺസെടുത്താണ് പന്ത് മടങ്ങിയത്.
തുടർന്ന് ക്രീസിലെത്തിയ രവീന്ദ്ര ജഡേജ 13 പന്തിൽ 13 റൺസുമായി മടങ്ങി. കോലിക്കൊപ്പം അഞ്ചാം വിക്കറ്റിൽ 41 റൺസ് കൂട്ടിച്ചേർക്കാനും ജഡേജയ്ക്കായി. ഹാർദിക് പാണ്ഡ്യ എട്ടു പന്തിൽ നിന്ന് 11 റൺസെടുത്തു. ഷഹീൻ അഫ്രീദിയാണ് പാക്കിസ്ഥാനായി ബൗളിങ്ങിൽ തിളങ്ങിയത്. നാല് ഓവർ എറിഞ്ഞ താരം 31 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹസൻ അലി രണ്ടു വിക്കറ്റെടുത്തു.
ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ടോസ് നേടിയ പാക് നായകൻ ബാബർ അസം ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കിന്റെ ആശങ്കയിലായിരുന്ന സ്പിന്നർ വരുൺ ചക്രവർത്തിയെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. രവീന്ദ്ര ജഡേജയാണ് മറ്റൊരു സ്പിന്നർ. ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയും ഇടംപിടിച്ചപ്പോൾ ജസ്പ്രീത് ബുമ്രക്കും മുഹമ്മദ് ഷമിക്കുമൊപ്പം ഭുവനേശ്വർ കുമാർ മൂന്നാം പേസറായെത്തി. ബാറ്റിംഗിൽ ഇഷാൻ കിഷനെ മറികടന്ന് സൂര്യകുമാർ യാദവും സ്ഥാനം കണ്ടെത്തി.
സ്പോർട്സ് ഡെസ്ക്