- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഞങ്ങളുടെ രാജ്യത്ത് അമേരിക്ക കയറി കളിക്കേണ്ട; ചാവേർ ബോംബറെ വകവരുത്താൻ യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ താലിബാന് അനിഷ്ടം; സാധാരണക്കാരായ ഏഴുപേർ കൊല്ലപ്പെട്ടെന്ന് വക്താവ്; ഭീഷണി മുൻകൂട്ടി തങ്ങളെ അറിയിക്കണം എന്നും സബിഹുള്ള മുജാഹിദ്; ഇന്ത്യയുമായി ബന്ധം നിലനിർത്താനും താലിബാന് താൽപര്യം
കാബൂൾ: ചാവേർ ബോംബറെ ലക്ഷ്യമാക്കി എന്ന പേരിൽ അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ സാധാരണക്കാരായ ഏഴുപേർ കൊല്ലപ്പെട്ടെന്ന് താലിബാൻ. ആക്രമണം ഉത്തരവിടും മുമ്പ് തങ്ങളെ യുഎസ് അറിയിക്കാത്തതിനെ താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് അപലപിച്ചു. ചൈനീസ് സർക്കാർ ടിവിയായ സിജിടിഎന്നിനോട് സംസാരിക്കവേയാണ് വക്താവ് അമേരിക്കയെ വിമർശിച്ചത്.
അത്തരത്തിൽ എന്തെങ്കിലും ഭീഷണി ഉണ്ടായിരുന്നെങ്കിൽ ഞങ്ങളെ മുൻകൂട്ടി അറിയിക്കണമായിരുന്നു. ഏകപക്ഷീയമായ ആക്രമണം നിരവധി മനുഷ്യജീവനുകൾ പൊലിയാൻ ഇടയാക്കി, സബിഹുള്ള പറഞ്ഞു. അതേസമയം, ചാവേർ കാർബോംബർ കാബൂൾ വിമാനത്താവളം ആക്രമിക്കാൻ തയ്യാറെടുക്കുക ആയിരുന്നുവെന്നാണ് പെന്റഗൺ ഉദ്യോഗസ്ഥർ പറയുന്നത്. ഞായറാഴ്ചത്തെ ഡ്രോൺ ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകൾ അന്വേഷിച്ചുവരികയാണെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
കിഴക്കൻ പ്രവിശ്യയായ നംഗർഹാറിൽ രണ്ടു ഐഎസ് ഭീകരരുടെ കൊലയ്ക്ക് ഇടയാക്കായി യുഎസ് ഡ്രോൺ ആക്രമണത്തെയും താലിബാൻ വക്താവ് നേരത്തെ അപലപിച്ചിരുന്നു. രണ്ടുസ്ത്രീകളും ഒരു കുട്ടിയുമാണ് ആ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നാണ് താലിബാൻ പറയുന്നത്.
അതേസമയം, ഇന്ത്യയുമായി അഫ്ഗാനിസ്താന് ഉണ്ടായിരുന്ന വ്യാപാര, രാഷ്ട്രീയ, സാംസ്‌കാരിക ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നുവെന്ന് താലിബാൻ. ഒരു സുപ്രധാന രാജ്യമെന്ന നിലയിൽ ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നുവെന്നാണ് താലിബാന്റെ മുതിർന്ന നേതാവ് ഷേർ മുഹമ്മദ് അബ്ബാസ് സ്താനിക്‌സായി വ്യക്തമാക്കിയത്.
അഫ്ഗാൻ ഭരണം പിടിച്ചതിന് പിന്നാലെ ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങൾ താലിബാൻ നിർത്തലാക്കിയിരുന്നു. പഷ്തു ഭാഷയിൽ പുറത്തു വിട്ട 46 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലാണ് സ്താനിസ്‌കായി ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ച് പരാമർശിച്ചത്.
'ഇന്ത്യയുമായുള്ള വ്യാപാര, രാഷ്ട്രീയ, സാംസ്‌കാരിക ബന്ധങ്ങൾക്ക് ഞങ്ങൾ വലിയ പ്രാധാന്യം നൽകുന്നു, ആ ബന്ധം നിലനിർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. വ്യോമപാത വഴിയുള്ള വ്യാപാരവും തുറന്നിടേണ്ടതുണ്ട്' സ്താനിക്‌സായിയെ ഉദ്ധരിച്ച് പാക് മാധ്യമമായ ഇൻഡിപെൻഡന്റ് ഉറുദു റിപ്പോർട്ട് ചെയ്യുന്നു.
പാക്കിസ്ഥാൻ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധത്തെക്കുറിച്ചും അദ്ദേഹം വീഡിയോയിൽ പരാമർശിക്കുന്നുണ്ട്. അതേസമയം അഫ്ഗാനിസ്താനിൽ ശരീഅത്ത് അടിസ്ഥാനമാക്കിയുള്ള ഭരണം സ്ഥാപിക്കും. സർക്കാർ രൂപീകരണത്തിന് വേണ്ടി കാബൂളിൽ വിവിധ ഗ്രൂപ്പുകളുമായി കൂടിയാലോചനകൾ നടക്കുകയാണ്.എല്ലാ തലത്തിലുമുള്ള ആളുകൾ സർക്കാരിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ